ഇത് ഏറെ ഇഷ്ടപ്പെട്ട ജാം; ഓറഞ്ചിന്റെ രുചിക്കൂട്ട് തയാറാക്കി രാഹുൽ ഗാന്ധി
Mail This Article
സ്നേഹവും മധുരവും ചാലിച്ച ഓറഞ്ച് മർമലെയ്ഡ് തയാറാക്കിയാണു കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പുതുവത്സരത്തിനു തയാറെടുത്തത്. പ്രിയങ്ക ഗാന്ധിയുടേതായിരുന്നു പാചകക്കുറിപ്പ്. ഭാരത് ജോഡോ യാത്രയുടെ യുട്യൂബ് ചാനലിൽ രാഹുൽ തന്നെയാണു പാചക ദൃശ്യങ്ങൾ പങ്കുവച്ചത്.
അടുക്കളത്തോട്ടത്തിലെ മരത്തിൽനിന്നു കുഞ്ഞൻ ഓറഞ്ചുകൾ (സെവിൽ ഓറഞ്ച്) പറിക്കുന്ന സോണിയയുടെയും രാഹുലിന്റെയും ദൃശ്യത്തിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഓറഞ്ചിന്റെ തൊലി അടർത്തിമാറ്റുന്നതും പിന്നീട് ചെറിയ ചൂടിൽ പൾപ്പ് ആക്കി മാറ്റുന്നതുമെല്ലാം കാണാം. രാഹുലും സോണിയയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും വിഡിയോയ്ക്കിടയിലുണ്ട്. തന്റെ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട ജാം ആണെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ പാചകം ചെയ്യുന്നത്. സ്നേഹവും കരുതലുമാണ് രാഹുലിന്റെ പ്രത്യേകതയെന്ന് അരികിൽനിന്നു സോണിയയും പറയുന്നു. വിവാഹ ശേഷം ഇന്ത്യയിലെത്തിയപ്പോൾ ഇവിടുത്തെ മസാലയോട്, പ്രത്യേകിച്ച് എരിവ് കൂടുതലുള്ള വിഭവങ്ങളോട് അടുക്കാൻ ഏറെ സമയമെടുത്തെന്നു സോണിയ പറയുന്നു
തമാശ കലർന്ന ഡയലോഗുകൾ പിന്നെയുമുണ്ടായി. ബിജെപിക്കാർ ഈ ജാം ചോദിച്ചാൽ അവർക്കും കൊടുക്കാമല്ലേ എന്നു രാഹുൽ. ഉവ്വ്, അവരതു വാങ്ങി തിരിച്ചെറിയുമെന്നു സോണിയയുടെ മറുപടി. അപ്പോൾ ജാം നമുക്ക് തന്നെ കിട്ടുമല്ലോയെന്നു രാഹുലിന്റെ സന്തോഷം. പിന്നെ, ഇരുവരും പൊട്ടിച്ചിരിക്കുന്നു. മർമലെയ്ഡ് ഉണ്ടാക്കിയ ശേഷം ഭരണിയിലാക്കി ‘വിത്ത് ലൗ സോണിയ ആൻഡ് രാഹുൽ’ എന്നെഴുതി കടലാസും ഒട്ടിച്ചു. മർമലെയ്ഡ് എന്നാൽ ഓറഞ്ച് ജാമെന്ന് എളുപ്പത്തിൽ പറയാം. സംസ്കരിച്ച, ജെല്ലി രൂപത്തിലുള്ള പഴച്ചാറുകൾ സാധാരണ ജാം ആണ്. എന്നാൽ അത് ഓറഞ്ചിൽ നിന്നാകുമ്പോൾ മർമലെയ്ഡ് എന്നാകും പേര്.