ഇതുവരെ ആരും പരീക്ഷിക്കാത്ത കേക്ക്, അഭിനന്ദിച്ച് ഭക്ഷണപ്രേമികൾ
Mail This Article
നൂഡിൽസ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഈയടുത്ത കാലത്തു ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾക്കു വിധേയമായ ഒരു വിഭവമാണ് നൂഡിൽസ്. പലതരത്തിലുള്ള വിചിത്രമായ വിഭവങ്ങൾ നൂഡിൽസ് കൊണ്ട് തയാറാക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടു. പാല് ചേർത്തും പറാത്ത ചേർത്തും എന്തിനു വിസ്കി വരെ ചേർത്താണ് ചില തട്ടുകടക്കാർ പുതുക്കൂട്ടിൽ നൂഡിൽസിനെ പുറത്തിറക്കിയത്. അതിലെ ഭൂരിപക്ഷം വിഭവങ്ങളും വലിയ വിമർശനങ്ങളെ നേരിടുകയും ചെയ്തു. ആ കൂട്ടത്തില്‍ നിന്നും മാറി, അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു പുതുമധുര പലഹാരമാണ് നൂഡിൽസ് കേക്ക്. നൂഡിൽസ് ഉപയോഗിച്ച് കേക്കോ എന്ന് ചോദിച്ചു വാളെടുക്കാൻ വരട്ടെ.. രൂപം മാത്രമേ നൂഡിൽസിന്റേതായുള്ളൂ. രുചി കേക്കിന്റേതു തന്നെയാണ്.
ഗോകുൽ കിച്ചൻ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതുവരെ പരീക്ഷിക്കാത്ത രൂപത്തിലുള്ള കേക്ക് പങ്കുവയ്ക്കപ്പെട്ടത്. കേക്കിനു മുകളിൽ ഐസിങ് ചെയ്യുന്നതാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഒരു ബൗളിന്റെ രൂപത്തിൽ തയാറാക്കി സ്റ്റാൻഡിൽ വച്ചിരിക്കുകയാണ് കേക്ക്. അതിനു മുകളിലായി ഒരു സ്റ്റിക്കും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോർക്കും കാണാവുന്നതാണ്. പൈപ്പിങ് ബാഗിലെടുത്ത മഞ്ഞ നിറത്തിലുള്ള ഐസിങ് ഉപയോഗിച്ച് നൂഡിൽസിന്റെ രൂപത്തിൽ കേക്കിനെ അലങ്കരിക്കുന്നു. ഫോർക്കിലും അതുപോലെ തന്നെ ഒരു ബൗളിന്റെ രൂപത്തിലുള്ള കേക്കിന്റെ അരികു ഭാഗങ്ങളിലും വളരെ വിദഗ്ധമായി തന്നെ നൂഡിൽസ് നിറഞ്ഞിരിക്കുന്ന ഘടന നൽകിയിരിക്കുന്നു. ഫോർക്ക് ഉപയോഗിച്ച് ന്യൂഡിൽസ് കഴിക്കാനായി എടുക്കുന്ന രീതിയിലാണ് കേക്ക് തയാറാക്കിയിരിക്കുന്നത്.
ദൈവമേ...നൂഡിൽസ് കേക്ക് ഒരു മിനിറ്റിനുള്ളിൽ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വിഡിയോ കണ്ട എല്ലാവരും തന്നെ അതിവിദഗ്‌ധമായി നൂഡിൽസ് കേക്ക് തയാറാക്കിയ ബേക്കറെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്. ഞാൻ ഒരു നൂഡിൽസ് പ്രേമിയാണ്, എത്ര ക്രിയേറ്റിവ് ആയാണല്ലേ ഈ കേക്ക് തയാറാക്കിയിരിക്കുന്നതെന്നു ഒരാൾ കുറിച്ചപ്പോൾ ഈ കേക്ക് കാണാൻ മികച്ചതാണെന്നതും പക്ഷെ എങ്ങനെ പാക്ക് ചെയ്യും എന്ന ആശങ്കയാണ് വേറൊരാൾ പങ്കുവച്ചത്. നിരവധി പേരാണ് അഭിനന്ദിച്ചു കൊണ്ട് കമെന്റുകൾ കുറിച്ചിരിക്കുന്നത്.