തടി കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം; ചർമം തിളങ്ങാനും സൂപ്പറാണ്
Mail This Article
രുചിയുടെ കാര്യത്തിൽ മാത്രമല്ല, ഗുണങ്ങളിലും ഏറെ മുമ്പിലുള്ള പഴമാണ് പീച്ച്. പ്രമേഹ രോഗികൾക്ക് വിശ്വസിച്ചു കഴിക്കാവുന്ന ഒന്നാണിത്. രക്തത്തിലേക്ക് പഞ്ചസാരയെത്തുന്നതു സാവധാനത്തിലാക്കുവാൻ ഈ പഴത്തിനു കഴിയും. നാരുകൾ ധാരാളമടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ദഹനത്തിനു ഏറെ സഹായിക്കും മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്‍നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന പഴമാണ് പീച്ച്. മേൽ സൂചിപ്പിച്ചതു പോലെ സവിശേഷമായ ഗുണങ്ങൾ ധാരാളമായുണ്ട് ഈ ഫലത്തിൽ. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ എ, സി, ഇ എന്നിവയും പൊട്ടാസ്യവുമുണ്ട്. കൂടാതെ ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്.
പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ കാക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ ഇ, അതുപോലെ തന്നെ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമ സംരക്ഷണത്തിന് അത്യുത്തമമാണ്. പീച്ച് ധാരാളം കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. കൊഴുപ്പ് വളരെ കുറഞ്ഞ പഴമാണിത്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യാം.
പീച്ച് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എന്നാൽ ആരോഗ്യത്തിനു അത്യുത്തമമായ ഒരു സ്മൂത്തി തയാറാക്കാം
ആവശ്യമായ ചേരുവകൾ
പാൽ - ഒന്നര കപ്പ് ( പശുവിൻ പാലോ, ബദാം പാലോ, തേങ്ങാപ്പാലോ താല്പര്യമനുസരിച്ച് എടുക്കാവുന്നതാണ്)
യോഗർട്ട് - അര കപ്പ്
തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് - രണ്ടു ടേബിൾ സ്പൂൺ
പീച്ച് - രണ്ട് കപ്പ് (ചെറിയ കഷ്ണങ്ങളാക്കിയത്)
പഴം - ഒരെണ്ണം
കറുവപ്പട്ട പൊടിച്ചത് - ഒരു നുള്ള്
തയാറാക്കുന്ന വിധം
മേൽറഞ്ഞ ചേരുവകളിൽ കറുവപ്പട്ട പൊടിച്ചത് ഒഴികയുള്ളവ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ചതിനു ശേഷം മുകളിൽ പട്ട പൊടിച്ചത് കൂടി ഇട്ടു കൊടുത്തതിനു ശേഷം കഴിയ്ക്കാം. തണുപ്പിക്കണമെന്നുള്ളവർക്കു ഫ്രിജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.