ഈ സാൻഡ്‌വിച്ച് സ്പെഷലാണ്; കാഴ്ചയിലും രുചിയിലും സൂപ്പർ
Mail This Article
രാജ്യമെങ്ങും റിപ്പബ്ലിക് ദിനാഘോഷമാണ്. കാണുന്ന കാഴ്ചകളിലെല്ലാം ത്രിവർണങ്ങൾ നിറഞ്ഞിരിക്കുന്നു. ഭക്ഷണമേശയിലും ഈ നിറവൈവിധ്യങ്ങളെ പലരും കൂട്ടുവിളിച്ചിട്ടുണ്ട്. കുങ്കുമവും പച്ചയും വെള്ളയും നിറങ്ങളുള്ള ഒരു സാൻഡ്‌വിച്ച് തയാറാക്കിയാലോ?
ചേരുവകൾ
ബ്രെഡ് - 4 എണ്ണം
കാപ്സിക്കം - 1/ 3 കപ്പ്
കാരറ്റ് - 1/ 2 കപ്പ്
പനീർ - 1/ 2 കപ്പ്
മയോണൈസ് - രണ്ടു ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് - ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 3/ 4 ടീസ്പൂൺ,
ഗ്രീൻ ചട്നി - രണ്ടു ടീസ്പൂൺ ( മല്ലിയില, പച്ചമുളക്, ഇഞ്ചി, നിലക്കടല, ഉപ്പ്, പഞ്ചസാര, ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് തയാറാക്കിയത്)
തയാറാക്കുന്ന വിധം
ബ്രെഡിന്റെ അരികു ഭാഗങ്ങൾ മുറിച്ചു മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ മയോണൈസ്, ടൊമാറ്റോ കെച്ചപ്പ്, കാൽ ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്തു വയ്ക്കണം. ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റും ചേർത്ത് കൊടുക്കാം. ഈ കൂട്ട് മാറ്റി വയ്ക്കാം. ശേഷം മറ്റൊരു ബൗളിലേക്ക് ചെറുതായി അരിഞ്ഞ കാപ്സിക്കം, ഗ്രീൻ ചട്ണി, കാൽ ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യണം. ഈ കൂട്ടും മാറ്റിവയ്ക്കാം. ഗ്രേറ്റ് ചെയ്ത പനീർ ഒരു ബൗളിൽ എടുത്ത് ഒരു ടേബിൾ സ്പൂൺ മയോണൈസ് കൂടി ചേർത്ത് മിക്സ് ചെയ്യണം.
സാൻഡ്‌വിച്ചിനുള്ള കൂട്ടുകൾ തയാറായിക്കഴിഞ്ഞു. ശേഷം ഒരു ബ്രെഡ് സ്ലൈസ് എടുത്ത് അതിന്റെ മുകൾ ഭാഗത്തായി ബട്ടർ തേച്ചുകൊടുക്കാം. ഇനി നേരത്തേ തയാറാക്കിവെച്ചിരിക്കുന്ന ഗ്രീൻ ചട്ണി ബ്രെഡിന് മുകളിൽ സ്പ്രെഡ് ചെയ്തതിനു ശേഷം കാപ്സിക്കം - ഗ്രീൻ ചട്നി മിക്സ് കൂടി ബ്രെഡിൽ വച്ചുകൊടുക്കാം. അതിനു മുകളിലായി ഒരു ബ്രെഡ് സ്ലൈസ് വെച്ച്, ബട്ടർ പുരട്ടിയതിനു ശേഷം മയോണൈസിൽ മിക്സ് ചെയ്തു വെച്ചിരിക്കുന്ന പനീർ കൂടി ചേർക്കണം. അതിനു മുകളിലായി വീണ്ടും ഒരു ബ്രെഡ് സ്ലൈസ് വെയ്ക്കാം. ബട്ടർ പുരട്ടാൻ മറക്കരുത്. ഇനി നേരത്തേ തയാറാക്കിവച്ച കാരറ്റ് മിക്സ് ബ്രെഡിന് മുകളിൽ സ്പ്രെഡ് ചെയ്തു വയ്ക്കാം. മുകളിൽ ഒരു ബ്രെഡ് കൂടി വയ്ക്കുന്നതോടെ സാൻഡ്‌വിച്ച് റെഡി. കോണാകൃതിയിൽ മുറിച്ച് വിളമ്പാവുന്നതാണ്.