ഇങ്ങനെയും ഇഡ്ഡലി ഉണ്ടാക്കാമോ? വ്യത്യസ്തമാണ് പുതിയ രീതി
Mail This Article
ഇഡ്ഡലി പല തരത്തിൽ തയാറാക്കുന്നവരുണ്ട്. പരമ്പരാഗത രീതിയിൽ ഇഡ്‍ഡലിത്തട്ടിൽ പാകം ചെയ്യുന്നതാണ് ഏറെ പരിചിതം. ഇല കുമ്പിൾ കുത്തി അതിലൊഴിച്ചും ചെറു പാത്രത്തിലും ഗ്ലാസിലുമൊക്കെ ഒഴിച്ചും ഇഡ്‌ഡലിയുണ്ടാക്കാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇഡ്‌ഡലി തയാറാക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. ചിരട്ടയിൽ മാവ് കോരിയൊഴിച്ച് ആവി കയറ്റി വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഏറെ വ്യത്യസ്തമാണ് പുതിയ രീതി. സിനമൺ ഡസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വൃത്തിയായി കഴുകിയെടുത്ത ചിരട്ടകൾ ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വയ്ക്കണം. പാകം ചെയ്യുന്ന സമയത്ത് ഈർപ്പം നിലനിർത്താനാണ് ഇത്. പിന്നെ ചിരട്ടകൾ നന്നായി തുടച്ചതിനു ശേഷം എണ്ണ പുരട്ടണം. ഇഡ്‌ഡലിപ്പാത്രത്തിൽ വെള്ളമൊഴിച്ചു തിളപ്പിച്ചതിനു ശേഷം ചിരട്ടകളിൽ മാവ് ഒഴിക്കാം. ശ്രദ്ധിക്കേണ്ട ഒരു കാര്യം ചിരട്ടയുടെ പകുതി ഭാഗം വരെ മാത്രമേ മാവ് ഒഴിക്കേണ്ടതുള്ളൂ. ഇനി ചിരട്ടകൾ ഇഡ്‌ഡലിത്തട്ടിലെടുത്തു വയ്ക്കാം. മീഡിയം തീയിൽ പത്തു മുതൽ പതിനഞ്ചു വരെ മിനിറ്റ് അടുപ്പിൽ വച്ചതിനു ശേഷം തീയണച്ച് ചിരട്ടകൾ മാറ്റാവുന്നതാണ്. രുചികരമായ ചിരട്ട ഇഡ്‌ഡലി തയാറായി.
ചിരട്ടയിലെ ഇഡ്ഡലിക്കു മുകളിൽ സാമ്പാറും ചട്നിയുമൊഴിച്ച് സ്പൂൺ കൊണ്ടു കോരിയെടുത്തു കഴിക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ കണ്ടവരിൽ ഭൂരിപക്ഷം പേർക്കും അറിയേണ്ടിയിരുന്നത് ഈ ഇഡ്‌ഡലിയുടെ രുചിയിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നതാണ്. ചിരട്ടയിൽ തയാറാക്കുന്നത് കൊണ്ടുതന്നെ ചെറിയൊരു രുചി വ്യത്യാസം ഉണ്ടാകുമെങ്കിലും അത് അരുചിയല്ലെന്നാണ് വിഡിയോ പങ്കുവച്ചയാൾ സൂചിപ്പിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ തവണ ഒരേ ചിരട്ട ഉപയോഗിച്ച് ഇഡ്‌ഡലികൾ തയാറാക്കാമെന്നും മറുപടിയായി കുറിച്ചിട്ടുണ്ട്. പാത്രം കഴുകുന്നതിൽനിന്നു രക്ഷപ്പെട്ടല്ലോ എന്നും ഈ ഇഡ്‌ഡലികൾ കൊതിപ്പിക്കുന്നുവെന്നും നിരവധി പേരാണ് വിഡിയോയുടെ താഴെ എഴുതിയിരിക്കുന്നത്.