ADVERTISEMENT

വരട്ടിയതോ ഫ്രൈയോ എന്തുമാകട്ടെ, മിക്ക ഭക്ഷണപ്രേമികളുടെയും വികാരമാണ് ബീഫ് . അപ്പത്തിനും പൊറോട്ടയ്ക്കും കപ്പയ്ക്കും പത്തിരിക്കുമൊക്കെ മികച്ച കോംബിനേഷനുമാണ്. ഇഷ്ടമുള്ള വിഭവത്തെ എങ്ങനെ പുതുമയിൽ തയാറാക്കാം എന്നതാണ് മിക്ക വീട്ടമ്മാരുടെയും ചിന്ത. നമ്മുടെ കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് പാചകം കലയായി മാറുന്നത്. എല്ലാവരും ഒരുമിച്ചുള്ള പാചകവും രസകരമായിരിക്കും. വിഭവം ഏതായാലും സ്നേഹം കൊണ്ടു പാകം ചെയ്ത് സന്തോഷത്തോടെ വിളമ്പിയാൽ അതിനു രുചിയേറും എന്നത് വാസ്തവം. 

beef-special

പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരമാണ് ഷെഫുമാർ. വിഭവം ഏതായാലും എത്ര ഗംഭീരമായാണ് ഇക്കൂട്ടർ അലങ്കരിച്ച് വയ്ക്കുന്നത്. കാഴ്ചയിൽത്തന്നെ വായിൽ കപ്പലോടിക്കും. ഗന്ധം, രുചി, പ്രക്രിയ അങ്ങനെ നിരവധി ഘടകങ്ങൾ ചേരുന്ന ഒരു കലാസൃഷ്ടിയാണ് ഓരോ വിഭവവും. ഭക്ഷണം അലങ്കരിക്കുന്നത് ശരിക്കും ആകർഷകമാണ്. വിഭവം രുചിയോടെ തയാറാക്കുക മാത്രമല്ല, എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്നും മിക്ക വരുടെയും സംശയമാണ്.

എങ്ങനെയാണ് ബീഫ് പാകം ചെയ്യേണ്ടത്

വിഭവം ഏതായാലും രുചികരവും ഭക്ഷ്യയോഗ്യവുമാകുന്നത് വേണ്ട ചേരുവകളെല്ലാം ചേര്‍ത്ത് പാകം ചെയ്യുമ്പോഴാണ്. നിറവും മണവും രുചിയും മെച്ചപ്പെടുത്തുക മാത്രമല്ല പാചകത്തിന്റെ ഉദ്ദേശ്യം. സുരക്ഷിതമായി പാചകം ചെയ്യണം. പാചകം ചെയ്യുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ മാംസത്തിന്റെ രൂപത്തിലും രുചിയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ഏറ്റവും പ്രധാന മാറ്റം ജലാംശം നഷ്ടമാകുന്നു എന്നതാണ്. മാംസം ചൂടാകുമ്പോള്‍ മാംസപേശികളിലെ പ്രോട്ടീന്‍ ചുരുങ്ങുകയും അങ്ങനെ ജലാംശം നഷ്ടമാവുകയും ചെയ്യും.

638300290
Image Credit: krblokhin/Istock

വേവിക്കാത്ത ബീഫിന്റെ ചുവപ്പുനിറം പാതി വേവാകുന്നതോടെ ഇളംപിങ്ക് നിറമാകുന്നു. വേവ് പാകമാകുന്നതോടെ പിങ്ക് നിറം മാറി തവിട്ടോ ചാരനിറമോ ആകുന്നു. തീ കുറച്ചിട്ട് പതിയെ വേവിക്കുമ്പോള്‍ മാംസത്തിലെ ചില സംയോജിതകലകള്‍ മയപ്പെടും. കൊഴുപ്പ് ഉരുകും. ഇറച്ചിയുടെ പുറമേ തവിട്ടുനിറം രൂപപ്പെടും. ഒപ്പം കൊതിപ്പിക്കുന്ന ഗന്ധവും പുറപ്പെടും. ബീഫ് പെട്ടെന്ന് വെന്ത് കിട്ടുവാനായി, വേവിക്കുമ്പോൾ ഒരു കഷ്ണം പൈനാപ്പിൾ അല്ലെങ്കിൽ പപ്പായ ചേക്കാം. ബീഫ് വേവിക്കുമ്പോൾ, കുക്കറിലാണെങ്കിൽ എങ്കിൽ തീ കൂട്ടി വേവിക്കരുത്, കുറഞ്ഞ തീയിലാണ് പാകം ചെയ്യേണ്ടത്.

1309754457
Image Credit: AALA IMAGES/Istock

ബീഫ് ചീത്തയാകാതെ എങ്ങനെ ഫ്രിജിൽ സൂക്ഷിക്കാം?

ബീഫ് ഫ്രൈ ചെയ്തെടുത്താൽ ഒന്നിൽ കൂടുതൽ ദിവസങ്ങൾ കേടുകൂടാതെയിരിക്കുമെങ്കിലും ഒരു മാസം വരെ കേടാകാതിരിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്നു നിസ്സംശയം പറയാം. എന്നാൽ ഇനി പറയുന്ന രീതിയിൽ പാകം ചെയ്താൽ ബീഫ് ഫ്രിജിൽ ഒരു മാസം വരെ സൂക്ഷിക്കാമെന്നു മാത്രമല്ല, വിദേശത്തേക്കും മറ്റും കൊടുത്തയയ്ക്കുകയും ചെയ്യാം.

രണ്ടു കിലോ ബീഫിലേക്കു രണ്ടു ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി എന്നിവയും വെളുത്തുള്ളിയും ചെറിയുള്ളിയും കുറച്ചധികമെടുത്തു തൊലി കളഞ്ഞതും ചേർക്കുക. കൂടെ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ഉലുവയും. ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചതച്ചു ചേർക്കാം. വലിയ ജീരകം ചതച്ചത് ഒരു ടീസ്പൂണും കൂടെ തക്കാളിക്കു പകരമായി രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കണം. ഇതിലേക്ക് കുറച്ചു കറിവേപ്പിലയും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് അടുപ്പിൽ വച്ച് വേവിച്ചെടുക്കണം. കുക്കറിൽ വച്ചും വേവിക്കാവുന്നതാണ്.

chef-arun

ഇനി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കറിവേപ്പില കൂടി ചേർത്തതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീഫിട്ടു കൊടുക്കാം. ചാറെല്ലാം വറ്റി നല്ലതുപോലെ ഫ്രൈ ആകുന്നതു വരെ അടുപ്പിൽനിന്നു മാറ്റരുത്. ഇത് ഒരു മാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്തു ചൂടാക്കി ഉപയോഗിക്കാം. കേടുകൂടാതെയിരിക്കുമെന്നു മാത്രമല്ല, രുചിയിലും ഗന്ധത്തിലുമൊന്നും യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളുമുണ്ടാകുകയില്ല.

ബീഫിന്റെ പുതു രുചി പരിചയപ്പെടാം

ബീഫിനെ പുതിയ രുചിക്കൂട്ടിൽ എങ്ങനെ തയാറാക്കാം എന്നു പഠിപ്പിക്കുകയാണ് ഷെഫ് അരുണ്‍. വീട്ടിൽ കപ്പ വേവിച്ചതിനൊപ്പമോ അപ്പത്തിനൊപ്പമോ വിളമ്പാം ഈ സ്പെഷൽ ബീഫ് പെരളൻ. തേങ്ങാപ്പാലിൽ വെന്തുവറ്റിച്ച ബീഫ് പെരളൻ എങ്ങനെ തയാറാക്കുമെന്നു നോക്കാം.

ബീഫ് വീതിയിൽ കനം കുറച്ച് അരിഞ്ഞത് : 500 ഗ്രാം
വെളിച്ചെണ്ണ: 80 മില്ലി
വെളുത്തുള്ളി അരിഞ്ഞത്: 5 ഗ്രാം
ഇഞ്ചി അരിഞ്ഞത്: 5 ഗ്രാം
ഉള്ളി അരിഞ്ഞത്: 120 ഗ്രാം
കനത്തിൽ അരിഞ്ഞ ഉള്ളി: 50 ഗ്രാം
തക്കാളി അരിഞ്ഞത്: 50 ഗ്രാം
കറിവേപ്പില: 1 തണ്ട്
പച്ചമുളക് അരിഞ്ഞത്: 2 എണ്ണം
ചെറിയുള്ളി : 10 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി: 2 ഗ്രാം
മുളകുപൊടി: 3 ഗ്രാം
പെരുംജീരകം പൊടി: 5 ഗ്രാം
മല്ലിപ്പൊടി: 5 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
ഗരം മസാല പൊടി: 10 ഗ്രാം

തയാറാക്കുന്ന വിധം

ബീഫ് ഉപ്പും കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക. ശേഷം കനം കുറച്ച് സ്ളൈസായി അരിഞ്ഞെടുക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ഉള്ളി അരിഞ്ഞത്, ചെറിയയുള്ളി, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റാം. ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞത് ചേർക്കാം. തക്കാളി വെന്തു പരുവമാകുന്നത് വരെ വേവിക്കണം. ശേഷം മഞ്ഞൾപൊടി, മുളക്പൊടി, പെരുംജീരകപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം. 

Image Credit: Chef Arun Vijayan
Image Credit: Chef Arun Vijayan

പച്ചമണം മാറുന്നിടം വരെ വഴറ്റാം. അതിലേക്ക് അരിഞ്ഞ ബീഫ് കഷ്ണങ്ങൾ ഇറച്ചി വെന്ത വെള്ളത്തോടെ ചേർത്ത് നന്നായി ഇളക്കണം. നന്നായി ഗ്രേവി ആകുമ്പോൾ ഇത്തിരി കനത്തിൽ അരിഞ്ഞ സവാളയും കട്ടിയായ തേങ്ങാപ്പാലും ചേർക്കാം. ഗ്രേവി കട്ടിയാകുന്നത് വരെ ചെറിയ തീയിൽ തീയിൽ വേവിക്കുക, കറിവേപ്പിലയും അരിഞ്ഞ പച്ചമുളകും ചേർക്കാം. നല്ല രുചിയൂറും ബീഫ് പെരളന്‍ റെഡി. അപ്പത്തിനും പൊറോട്ടയ്ക്കും ബെസ്റ്റ് കോംബിനേഷനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com