വാലന്റൈൻസ് ഡേയിൽ ചോക്ലേറ്റ് വേണ്ട, പകരം ഹോട്ട് ആൻഡ് സ്പൈസി ആയാലോ?
Mail This Article
പ്രണയദിനത്തിൽ പ്രിയപ്പെട്ടവർക്ക് മധുരം നിറഞ്ഞ സമ്മാനങ്ങളാണ് നൽകാറുള്ളത്. ഇത്തവണ ആ പതിവ് ഒന്നു മാറ്റിപിടിച്ചാലോ? നല്ല രുചിയുള്ള വിഭവം തയാറാക്കി നൽകിയാലും ആരുടെയും ഹൃദയം കീഴടക്കാം. ഇത്തവണ മധുരം അല്ല, പ്രണയം എന്ന മധുരത്തിനൊപ്പം അൽപ്പം ഉപ്പും പുളിയും എരിവും ആകാം. ഹോട്ട് ആൻഡ് സ്പൈസി വിഭവം നൽകിയാലോ? വെറൈറ്റി ലുക്കിൽ അടിപൊളി ഐറ്റം തയാറാക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. വലുപ്പമുള്ള മീൻ തന്നെ എടുക്കാം. നെയ്മീനാണ് ഇവിടെ സ്പെഷല്‍.
ചേരുവകൾ
നെയ്മീൻ : മുറിച്ച 2 കഷണങ്ങൾ
ഉപ്പ് പാകത്തിന്
ഇഞ്ചി അരിഞ്ഞത് : 10 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത്: 10 ഗ്രാം
ഉള്ളി ചെറുതായി അരിഞ്ഞത്: 50 ഗ്രാം
കറിവേപ്പില: 1 തണ്ട്
നാരങ്ങ നീര്: 10 മില്ലി
മഞ്ഞൾപ്പൊടി: 2 ഗ്രാം
കുരുമുളക് പൊടി: 5 ഗ്രാം
കശ്മീരി മുളകുപൊടി: 15 ഗ്രാം
വെളിച്ചെണ്ണ: 85 മില്ലി
തയാറാക്കുന്ന വിധം
നെയ്മീൻ വൃത്തിയായി കഴുകിയതിനു ശേഷം കഷ്ണങ്ങൾ ഹൃദയത്തിന്റെ ആകൃതിയില്‍ മുറിക്കാം. ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി, നാരങ്ങ നീര്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാരിനേറ്റ് ചെയ്യുവാനായി വയ്ക്കാം. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ബാക്കിയുള്ള വെളുത്തുള്ളി, ഇഞ്ചി, ചെറിയയുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക ഒപ്പം തന്നെ മീൻ ഫ്രൈ ചെയ്യാം.
മീൻ പകുതി വേവിച്ചു കഴിഞ്ഞാൽ, തയാറാക്കിയ മസാല മീനിന്റെ ഇരുവശങ്ങളിലും പുരട്ടി 5 മുതൽ 8 മിനിറ്റ് വരെ സ്ലോ ഹീറ്റിൽ വേവിക്കുക. കാരറ്റും മറ്റു പച്ചക്കറികളും ഹൃദയാകൃതിയിൽ ഒരു പ്ലേറ്റിൽ അലങ്കരിച്ച് പൊള്ളിച്ച മീനും വയ്ക്കാം. ചോറിനൊപ്പം കഴിക്കാവുന്നതാണ്. ഈ പ്രണയദിനത്തിൽ ഹൃദയം നിറയ്ക്കും ഈ സ്പെഷൽ വിഭവം.