മുട്ടയും വെളുത്തുള്ളിയും വേണ്ട, സിംപിളായി മയോണൈസ് ഉണ്ടാക്കാം
Mail This Article
മയോണൈസ് പലർക്കും ഇഷ്ടമാണെങ്കിലും അതിനെപ്പറ്റി ആശങ്കയുണ്ടാക്കുന്ന ചില കാര്യങ്ങളും കേൾക്കാറുണ്ട്. മുട്ട ചേർത്ത് ഉണ്ടാക്കുന്നതിനാൽ വെജ്പ്രേമികൾക്ക് മയോണൈസ് അത്ര പ്രിയങ്കരമല്ലതാനും. സസ്യാഹാരികൾക്കു വേണ്ടി മുട്ടയില്ലാത്ത മയോണൈസ് ഉണ്ടാക്കാമെങ്കിലും അതിന് മയോണൈസിന്റെ യഥാർഥ രുചിയുണ്ടാവാറില്ല. ശരിക്കുള്ള മയോണൈസിന്റെ അതേ രുചിയോടെ, മുട്ടയും വെളുത്തുള്ളിയും ചേർക്കാതെ അടിപൊളി മയോണൈസ് വീട്ടിൽ തയാറാക്കാം. സെലിബ്രിറ്റി ഷെഫ് കുനാൽ കപൂർ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ അത്തരം മയോണൈസിന്റെ പാചകക്കുറിപ്പ് പങ്കിടുകയുണ്ടായി. മുട്ട ഉപയോഗിക്കാതെ എങ്ങനെ രുചികരമായ മയോണൈസ് ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
സൺ ഫ്ലവർ 1 കപ്പ്
തണുത്ത പാൽ– 1/4 കപ്പ്
വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് –1 1/2 ടീസ്പൂൺ
കടുക് പൊടി– 1/2 ടീസ്പൂൺ
ഉപ്പ് –പാകത്തിന്
പൊടിച്ച പഞ്ചസാര– 2 ടീസ്പൂൺ
തയാറാക്കുന്ന രീതി
എല്ലാ ചേരുവകളും ഒരു പാത്രത്തിലെടുത്ത് ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് വിപ്പ് ചെയ്യുക. അല്ലെങ്കിൽ ചെറിയ മിക്സിയുടെ ജാറിലേക്ക് ഇട്ട് റിവേഴ്സിൽ അടിച്ചെടുക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുന്നതുവരെ ഇത് തുടരുക. ക്രീം രൂപത്തിൽ ആകുന്നത് വരെ പ്രക്രിയ തുടരുക. വളരെ എളുപ്പത്തിൽ അധികം സമയം പോലും ചെലവഴിക്കാതെ മുട്ട ഇല്ലാത്ത മയോണൈസ് റെഡി.