കൊടുംചൂടിനെ വെല്ലാൻ ഇതാണ് വഴി! സ്പെഷൽ ഷേക്കും കോഫിയും
Mail This Article
ചൂടുകാലത്ത് തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ആശ്വാസമാണ്. എന്നാൽ കൊടുംചൂടിൽ ഫ്രിജിലെ തണുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വേനലിൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. നാരങ്ങയും പുതിനയും ഒക്കെ ചേർത്ത വെള്ളം കുടിക്കുന്നത് ഉള്ളം തണുക്കാൻ നല്ലതാണ്. പുതിന ശരീരത്തെ തണുപ്പിക്കും. കുടിക്കുന്ന വെള്ളത്തിൽ ഏതാനും പുതിനയില കൂടി ചേർക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനും ഗുണകരം.
ചൂടുകാലത്ത് ഉള്ളം തണുക്കാൻ ഇതാ ഒരു ഷേക്കും കോൾഡ് കോഫിയും. ഡ്രൈ ഫ്രൂട്സും തേനുമൊക്കെ ചേർത്ത ഷേക്ക് വണ്ണം കുറയ്ക്കേണ്ടവർക്കും കഴിക്കാവുന്നതാണ്. ഷെഫ് അരുൺ ആണ് ഈ റെസിപ്പികൾ പങ്കുവച്ചിരിക്കുന്നത്.
ഡ്രൈ ഫ്രൂട്ട്സ് ഷേക്ക്
ചേരുവകൾ
ഇൗന്തപ്പഴം–5 എണ്ണം
ബദാം: ഒരുപിടി
പിസ്ത: ഒരുപിടി
കശുവണ്ടി: ഒരുപിടി
തണുത്ത പാൽ:
ഏത്തപ്പഴം: 1
തേൻ: ആവശ്യത്തിന്
വനില ഐസ്ക്രീം:
അലങ്കാരത്തിന് ബദാം ചെറുതായി അരിഞ്ഞത്
ചോക്ലേറ്റ് സിറപ്പ്
തയാറാക്കുന്നവിധം
വനില ഐസ്ക്രീം, ബദാം സ്ലൈസ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയുടെ ജാറിൽ ചേർത്ത് അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിൽ ചോക്ലേറ്റ് സിറപ്പ് ചേർത്ത് അതിലേക്ക് അടിച്ചെടുത്ത ഷേക്ക് ചേർക്കാം. മുകളിലായി ഐസ്ക്രീം ചേർക്കാം. അലങ്കാരത്തിനായി ബദാം ചെറുതായി അരിഞ്ഞതും ഇടാം. ടേസ്റ്റി ഷേക്ക് റെഡി. ഡയറ്റ് നോക്കുന്നവരെങ്കിൽ ഐസ്ക്രീം ഒഴിവാക്കാം.
കുട്ടികൾക്ക് ഇഷ്ടം കോൾഡ് കോഫി–തയാറാക്കുന്നത് ഇങ്ങനെ
കാപ്പി നേർപ്പിച്ചത്: 15 മില്ലി
പഞ്ചസാര: 15 ഗ്രാം
പാൽ: 200 മില്ലി
ഐസ് ക്യൂബുകൾ: 4 എണ്ണം
മിൽക്‌മെയ്‌ഡ്
തയാറാക്കുന്ന രീതി
മിക്സിയുടെ ജാറിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ക്യൂബുകൾ കൊണ്ട് അലങ്കരിക്കാം. ഉള്ളം തണുപ്പിക്കും കോൾഡ് കോഫി റെഡി.
കടുത്ത വേനലിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കണം
കൂടുതൽ ജലാംശമുള്ള ആഹാരങ്ങൾ ചൂടുകാലത്ത് കഴിക്കണം. ശരീരത്തിന്റെ ചൂടു കൂട്ടുന്ന അമിതകാലറിയുള്ള ഭക്ഷണം ഉപേക്ഷിക്കാം. സസ്യാഹാരത്തിന് പ്രാധാന്യം നൽകണം. അരിയും ഗോതമ്പും ചൂടുകാലത്ത് നല്ലതാണ്. പച്ചക്കറികളും പഴയങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസാഹാരങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണപ്പലഹാരങ്ങൾ, അച്ചാറുകൾ, ബിരിയാണി, പൊറോട്ട പോലുള്ളവ തൽക്കാലം ഒഴിവാക്കാം. കഞ്ഞിവെള്ളം, നാരങ്ങാ വെള്ളം എന്നിവ കുടിക്കാം. പഴച്ചാറിനേക്കാളും ശരീരത്തിന് തണുപ്പ് നൽകുന്നവ പഴങ്ങളായി കഴിക്കണം. ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.