പെട്ടെന്ന് മെലിയണോ? സ്മൂത്തി വേണ്ട, കാബേജ് കൊണ്ട് ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്
Mail This Article
രാവിലത്തെ ബ്രേക്ക്ഫാസ്റ്റാണ് മിക്കവരെയും വലയ്ക്കുന്നത്. പുട്ടും അപ്പവും ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമൊക്കെ മടുത്തു. ഇനി എന്ത് തയാറാക്കും എന്ന ചിന്തയാണ് മിക്കവരെയും സ്മൂത്തിയിലേക്ക് എത്തിച്ചത്. പണി എളുപ്പവുമാണ് എന്നാൽ ആരോഗ്യകരവുമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ് ഹെൽത്തി സ്മൂത്തി. സ്മൂത്തിയും മടുത്തെങ്കിൽ ഒരു വെറൈറ്റി വിഭവം ഉണ്ടാക്കിയാലോ? പെട്ടെന്ന് മെലിയണം എന്നുള്ളവർക്കും ഈ റെസിപ്പി ഉപകാരപ്രദമാണ്. കാബേജ് ഉപയോഗിച്ചുള്ള ബ്രേക്ക്ഫാസ്റ്റാണ് സ്പെഷല്‍.
കാബേജ് തോരനായും മെഴുക്കുപെരട്ടിയായും സാലഡായും മാത്രമല്ല മറ്റൊരു രുചിയൂറും വിഭവവും തയാറാക്കാം. ധാരാളം പോഷകഗുണങ്ങളും കാബേജിനുണ്ട്. അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് കാബേജ്. വര്‍ഷം മുഴുവനും ലഭ്യമാകുന്നതിനാല്‍ വിലയുമില്ല. വൈറ്റമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ തുടങ്ങിയവയും കാബേജില്‍ അടങ്ങിയിട്ടുണ്ട്.
കാലറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്കും കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ ഇത് ദഹനശേഷി കൂട്ടാന്‍ സഹായിക്കും. കാബേജില്‍ അടങ്ങിയ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
കാബേജ് കൊണ്ട് സ്പെഷൽ വിഭവം
കാബേജും കാരറ്റും സവാളയും പച്ചമുളകും എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെളുത്ത എള്ളും ജീരകവും കടലമാവും തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കാം. മുന്നു മിനിറ്റ് നേരം അടച്ച് വയ്ക്കാം. ശേഷം പാൻ ചൂടാകുമ്പോൾ ഇത്തിരി എണ്ണ ചേർത്ത് കൊടുത്ത് ഈ കാബേജ് കൂട്ട് അപ്പം പോലെ പാനിൽ പരത്തി കൊടുക്കാം. മുകളിൽ ഇത്തിരി കറുത്ത എള്ളും വിതറി തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കാം. വളരെ രുചികരമാണ് ഈ വിഭവം. കുട്ടികൾക്കടക്കം മുതിർന്നവർക്കും ഇഷ്ടമാകും. സിംപിളായ കാബേജ് റെസിപ്പി തയാറാക്കി നോക്കാം.