ADVERTISEMENT

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉണക്കമാങ്ങാ പൊടി അഥവാ ആംചൂര്‍. കേരളത്തില്‍ അത്ര വ്യപകമല്ലെങ്കിലും നോര്‍ത്തിന്ത്യയില്‍ ഇത് വളരെയധികം പ്രചാരത്തിലുണ്ട്. സ്വാദ് കൂട്ടുന്നതോടൊപ്പം തന്നെ, ദഹനത്തെ സഹായിക്കുകയും ഇരുമ്പിന്‍റെ ഉറവിടമാകാനും ആംചൂറിന് കഴിയും. വിളര്‍ച്ച ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് ഭക്ഷണത്തില്‍ ധൈര്യമായി ഉള്‍പ്പെടുത്താം.

നല്ല പച്ച മാങ്ങ ഉണക്കി പൊടിച്ചാണ് ആംചൂർ തയാറാക്കുന്നത്. വിറ്റാമിൻ എ, സി, ഡി, ബി6, ബീറ്റാ കരോട്ടിനുകൾ എന്നിവയും ഫിനോളുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും പോലുള്ള ആന്‍റി ഓക്‌സിഡന്റുകളും ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ ആംചൂര്‍ 4000 വർഷത്തിലേറെയായി ഉപയോഗിച്ചുവരുന്നു എന്ന് പറയപ്പെടുന്നു. കറികളില്‍ മാത്രമല്ല, വിവിധ ചികിത്സകള്‍ക്കും ഈ പൊടി ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിൽ, വയറിളക്കം, ഛർദ്ദി, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ അസുഖങ്ങള്‍ ഭേദമാക്കാന്‍ ആംചൂർ പൊടി ഉപയോഗിക്കാം എന്ന് പറയുന്നു. കൂടാതെ നാഡികളുമായി ബന്ധപ്പെട്ട പല അവസ്ഥകള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.

പച്ചമാങ്ങ കിട്ടുന്ന സമയത്താണ് ആംചൂര്‍ പൊടി ഉണ്ടാക്കുന്നത്. ശരിയായ രീതിയില്‍ തയ്യാറാക്കിയാല്‍ ഇത് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. കടകളില്‍ വാങ്ങിക്കാന്‍ കിട്ടുമെങ്കിലും ഇത് വളരെ എളുപ്പത്തില്‍ തന്നെ വീടുകളില്‍ തയാറാക്കി എടുക്കാവുന്നതാണ്.

ആംചൂർ പൊടി/ഡ്രൈ മാംഗോ പൗഡർ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള അത്രയും പച്ചമാങ്ങ എടുക്കുക. ഇടത്തരം വലുപ്പമുള്ളതും തീരെ പഴുപ്പ് കയറാത്തതുമായ മാങ്ങയാണ് ഇതിനു വേണ്ടത്. ഉണ്ടാക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ, മാങ്ങയും സ്പൂണുകളും പ്ലേറ്റുകളും ട്രേയും കത്തിയും പീലറും ഗ്രൈൻഡറും പൂർണ്ണമായും ഉണങ്ങിയതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക. ഈര്‍പ്പം ഉണ്ടെങ്കില്‍ ആംചൂര്‍ പെട്ടെന്ന് കേടായിപ്പോകും.

പീലര്‍ ഉപയോഗിച്ച് മാങ്ങയുടെ തൊലി ചെത്തിക്കളയുക. അതേ പീലര്‍ തന്നെ ഉപയോഗിച്ച് മാങ്ങ നേര്‍ത്ത പാളികളായി ചീവിയെടുക്കുക. ഇവ ഒരു ട്രേയിലോ വലിയ പ്ലേറ്റിലോ പരത്തുക. ഇവ ഓവനിലോ വെയിലത്തോ വെച്ച് നന്നായി ഉണക്കുക. മാങ്ങ കൈകൊണ്ടു തൊട്ടാല്‍ പൊടിയുന്ന പരുവത്തിലാകുമ്പോള്‍ ഉണങ്ങിയ ഗ്രൈൻഡറില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി വൃത്തിയുള്ള ഉണങ്ങിയ പാത്രത്തിൽ സൂക്ഷിക്കുക. ഒരു എയർടൈറ്റ് ലിഡ് ഉപയോഗിച്ച് അടയ്ക്കുക. സൂര്യപ്രകാശം നേരിട്ട് തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുക.

English Summary:

Amchur Powder Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com