ചപ്പാത്തി എന്നും പരത്തി കൈകുഴഞ്ഞോ? എങ്കിലിനി ഈ വിദ്യ പരീക്ഷിക്കൂ!
Mail This Article
എല്ലാ ദിവസവും രാവിലെ ചപ്പാത്തി പരത്തി പരത്തി ക്ഷീണിച്ചോ? രുചിയിലോ ഗുണത്തിലോ വിട്ടുവീഴ്ച ചെയ്യാതെ, പാകം ചെയ്ത ചപ്പാത്തി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും എല്ലാവരും. അങ്ങനെ ചെയ്യുമ്പോള്‍ ഒരുപാടു സമയം ലാഭിക്കാനാവും, എപ്പോഴുമെപ്പോഴും പരത്തി കൈകുഴയില്ല. ചപ്പാത്തി മുന്‍കൂട്ടി തയാറാക്കി വയ്ക്കുന്നത് എങ്ങനെയെന്നു പഠിക്കാം...
ഘട്ടം 1: മാവ് തയാറാക്കുക
ആദ്യം തന്നെ ആട്ടയില്‍ ഉപ്പു ചേര്‍ത്ത് ചൂടുവെള്ളത്തില്‍ നന്നായി കുഴച്ചെടുക്കുക. സ്വാദും മൃദുത്വവും കൂട്ടാന്‍ ഒരു ടീസ്പൂൺ എണ്ണയും ചേർക്കാം. ഇത് കുറച്ചു നേരം മുകളില്‍ ഒരു തുണി കൊണ്ടു മൂടി അടച്ചുവയ്ക്കാം.
ഘട്ടം 2: പരത്തിയെടുക്കുക
കുറച്ചു നേരം കഴിഞ്ഞാല്‍, മൂടി വെച്ച മാവ് എടുത്ത് ഉരുളകളാക്കുക. ഇത് ചപ്പാത്തിപ്പലകയ്ക്ക് മേല്‍ വച്ച് പൊടിയിട്ട് ഓരോന്നായി പരത്തി എടുക്കുക.
ഘട്ടം 3: ചപ്പാത്തി ഉണ്ടാക്കുക
അടുത്ത ഘട്ടം ചപ്പാത്തി ഉണ്ടാക്കിയെടുക്കല്‍ ആണ്. എണ്ണയോ നെയ്യോ പുരട്ടി രണ്ടു വശവും നന്നായി വേവിച്ചെടുക്കുക.
ഘട്ടം 4: ഉണ്ടാക്കിവെച്ച ചപ്പാത്തി, വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് ബാഗിലോ ആക്കി ഫ്രിജില്‍ വയ്ക്കുക. ആദ്യമേ വെയിലത്ത് വെച്ച് ഉണക്കിയ ശേഷം സൂക്ഷിക്കുകയാണെങ്കില്‍ ചപ്പാത്തികള്‍ തമ്മില്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നത് തടയാം. ഓരോ ചപ്പാത്തിക്കുമിടയിൽ കടലാസ് പേപ്പറോ വൃത്തിയുള്ള തുണിയോ വയ്ക്കുന്നതും നല്ലതാണ്. ഈ ചപ്പാത്തി 3-4 ദിവസം വരെ റഫ്രിജറേറ്ററിൽ കേടാകാതെ സൂക്ഷിക്കാം.
ഘട്ടം 5: വീണ്ടും ചൂടാക്കാന്‍
ആവശ്യമുള്ളപ്പോള്‍ ഈ ചപ്പാത്തി പത്തു മിനിറ്റ് നേരം പുറത്ത് എടുത്തു വയ്ക്കുക. ശേഷം തവയിലോ മൈക്രോവേവിലോ വച്ച് ചൂടാക്കിയെടുക്കുക. വീണ്ടും ചൂടാക്കുമ്പോൾ അല്പം എണ്ണയോ നെയ്യോ ഉപയോഗിച്ച് ബ്രഷ് ചെയ്യാം.