രോഗപ്രതിരോധ ശേഷി വർധിപ്പിക്കണോ? മുരിങ്ങയില ഇങ്ങനെ കഴിച്ചോളൂ
Mail This Article
മുരിങ്ങയിലയുടെയും മുരിങ്ങയ്ക്കയുടെയും ആരോഗ്യ ഗുണങ്ങളെക്കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ. പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമായ, പലതരം രോഗങ്ങളെ ചെറുക്കാൻ കഴിയുന്ന മുരിങ്ങയില ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. മിക്ക വീടുകളിലും മുൻകാലങ്ങളിൽ സുലഭമായിരുന്ന മുരിങ്ങ ഇന്നിപ്പോൾ ഗ്രാമങ്ങങ്ങളിലെ മാത്രം കാഴ്ചയാണ്. തോരൻ തയാറാക്കിയും പരിപ്പിനൊപ്പം ചേർത്ത് കറിയാക്കിയും മുരിങ്ങയില രുചികരമായ വിഭവമാക്കി മാറ്റാവുന്നതാണ്.
ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങയിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി 6, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവയും വലിയ അളവിലുണ്ട്. സന്ധിവാതത്തെ ചെറുക്കാൻ കഴിയുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ കൊണ്ടും സമ്പന്നമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്ത സമ്മർദ്ദമില്ലാതെ കാക്കാനും ഈ ഇലകൾക്കു ശേഷിയുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഓലിക് ആസിഡ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയ്ക്ക് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്ന കാൽസ്യം, ഫോസ്‌ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് മുരിങ്ങയില എന്നുകൂടി കേൾക്കുമ്പോൾ മനസിലാക്കാമല്ലോ ഈ കുഞ്ഞൻ ഇലകൾ ചില്ലറക്കാരനല്ലായെന്ന്.
മേൽസൂചിപ്പിച്ചതുപോലെ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇരുമ്പു ഉള്ളതുകൊണ്ട് വളർച്ചയെ തടയാനും മുരിങ്ങയിലയ്ക്ക് ശേഷിയുണ്ട്. ദഹന സംബന്ധമായ പ്രശ്‍നങ്ങൾ പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള നാരുകളും ഇതിലുണ്ട്. ചർമത്തിന്റെ ആരോഗ്യത്തിനും തലമുടി വളരാനും മുരിങ്ങയില ഉത്തമമാണ്.
മുരിങ്ങയില ഉപയോഗിച്ച് രുചികരമായ തോരൻ തയാറാക്കാം.
നല്ലതുപോലെ കഴുകി, വൃത്തിയാക്കിയെടുത്ത മുരിങ്ങയില - 4 പിടി
തേങ്ങ ചിരകിയത് - അര മുറി
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
മുളക് പൊടി - അര ടീസ്പൂൺ
വെളുത്തുള്ളി - നാലെണ്ണം
വെളിച്ചെണ്ണ - ഒന്നര ടേബിൾ സ്പൂൺ
കടുക് - അര ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - അര ടീസ്പൂൺ
വറ്റൽമുളക് - ഒന്നോ രണ്ടോ എണ്ണം
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
രണ്ടു മുതൽ ആറു വരെയുള്ള ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്കു മാറ്റിയതിനു ശേഷം ചതച്ചെടുക്കാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക് എന്നിവയിട്ട് മൂത്തുവരുമ്പോൾ ചതച്ചു വെച്ചിരിക്കുന്ന തേങ്ങ ചേർത്തുകൊടുക്കാം. ഒരു തവണ നന്നായി മിക്സ് ചെയ്തതിനു ശേഷം മുരിങ്ങയില കൂടി ഇട്ടുകൊടുക്കാവുന്നതാണ്. തീ കുറച്ച് വെച്ചതിനു ശേഷം ഇളക്കി യോജിപ്പിക്കാം. പാകത്തിന് ഉപ്പുകൂടി ചേർത്തുകൊടുക്കാം. ഇനി ചെറുതീയിൽ വെച്ച് ഇടയ്ക്കിടെ ഇളക്കി കൊടുത്ത് തയാറാക്കിയെടുക്കാവുന്നതാണ്.