ഇങ്ങനെയും ചക്കക്കുരു വയ്ക്കാമോ? ഇത് വെറൈറ്റി തന്നെ!
Mail This Article
ചക്കവേവിച്ചും പഴുപ്പിച്ചും വറുത്തുമൊക്കെ കഴിക്കാറുണ്ട്. ചക്കയുടെ സീസൺ ആയാൽ പിന്നെ എന്നും ഇതൊക്കെ തന്നെയാകും ചോറിന് കറിയായി എത്തുന്നതും. അതിൽ പ്രധാനിയാണ് ചക്കക്കുരു. മസാലയായി റോസ്റ്റും തോരനുമൊക്കെ തയാറാക്കാറുണ്ട്. ഇപ്പോഴിതാ വെറൈറ്റിയായി മുട്ട ചേർത്ത രുചിയിൽ ചക്കക്കുരു കൊണ്ട് ഒരു ഐറ്റം തയാറാക്കാം. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കാം.
ചക്കക്കുരു തൊലി കളഞ്ഞ് വൃത്തിയാക്കി കനം കുറച്ച് നീളത്തിൽ അരിയാം. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞപ്പൊടിയും അരിഞ്ഞ ചക്കക്കുരുവും ചേർത്ത് അടച്ച് വച്ച് വേവിക്കാം. വെന്ത് കഴിഞ്ഞാൽ വെള്ളം ഇല്ലാതെ ചക്കക്കുരു മാറ്റിവയ്ക്കണം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുക് പൊട്ടിക്കാം.
ചുവന്ന മുളകും ചേർക്കണം ഒപ്പം വെന്ത ചക്കക്കുരുവും ചേർത്ത് നന്നായി യോജിപ്പിക്കണം. അതിലേക്ക് ചക്കക്കുരുവിന്റെ അളവിന് അനുസരിച്ച് മൂന്ന് മുട്ട പൊട്ടിച്ചതും ചേർത്ത് നന്നായി ഇളക്കാം. ശേഷം തേങ്ങയും വെളുത്തുളളിയും ചുവന്നുള്ളിയും എരിവിന് അനുസരിച്ച് മുളക്പൊടിയും മഞ്ഞപൊടിയും കറിവേപ്പിലയും കുരുമുളകും ചേർത്ത് ചതച്ചെടുക്കാം. അരപ്പും കറിവേപ്പിലയു ചക്കക്കുരുവിലേക്ക് ചേർത്ത് അടച്ച് വച്ച് വേവിക്കാം. രുചികരമായ ചക്കക്കുരു മുട്ട തോരൻ റെഡി.