മീന്‍കറിയില്‍ നിലക്കടലയോ? ഇതാണ് ജൂനിയര്‍ എന്‍ ടി ആറിന്‍റെ ആ ഇഷ്ട വിഭവം
Mail This Article
മീന്‍കറിയില്‍ സാധാരണ വലിയ രീതിയിലുള്ള മസാലകള്‍ ഒന്നും ചേര്‍ക്കാറില്ല. എരിവും പുളിയും ഫ്രഷ് മീനുമാണ് മെയിന്‍. എന്നാല്‍, ആന്ധ്രാപ്രദേശ് മീന്‍ കറി കഴച്ചിട്ടുണ്ടോ? വളരെയധികം മസാലകള്‍ നിറഞ്ഞ ഒരു രുചിമേളമാണ് ഈ മീന്‍കറി. 'ചേപ്പള പുളുശു' എന്നാണു ഈ മീന്‍കറി അറിയപ്പെടുന്നത്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ ടി ആറിന്‍റെ പ്രിയപ്പെട്ട ഈ വിഭവം എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.
മസാല ഉണ്ടാക്കാന്‍
നിലക്കടല - കാല്‍ കപ്പ്
തേങ്ങാപ്പൂള്‍ - കാല്‍ കപ്പ്
മല്ലി - 1 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഉലുവ - 1 ടീസ്പൂണ്‍
കുരുമുളക് - 1 ടീസ്പൂണ്‍
ഗ്രാമ്പൂ - 4
ഏലക്ക - 5
കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം
ചുവന്ന മുളക് - 10
മാരിനേറ്റ് ചെയ്യാന്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
താളിക്കാന്‍
എണ്ണ - അര കപ്പ്
കറിവേപ്പില
കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം
വാളന്‍പുളി 30 ഗ്രാം
സവാള - 500 ഗ്രാം
രോഹു മീന്‍ നന്നായി കഴുകി കഷ്ണങ്ങളാക്കിയത് - 1 കിലോ
കശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
മസാലപ്പൊടി ഉണ്ടാക്കാനുള്ള ചേരുവകള്‍ എല്ലാം കൂടി ചെറിയ തീയില്‍, ഒരു പാനില്‍ ഇട്ട് ഏഴു മിനിറ്റ് നേരം വറുത്തെടുക്കുക. തണുത്ത ശേഷം, ഇത് തരിതരിയായി പൊടിച്ചെടുക്കുക. വാളന്‍പുളി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
ഉള്ളി അടുപ്പില്‍ ചുട്ടെടുക്കുകയോ ഗ്രില്‍ ചെയ്തെടുക്കുകയോ ചെയ്യുക. ഇതിന്‍റെ പുറമെയുള്ള തൊലി നീക്കി മിക്സിയില്‍ അരച്ചെടുക്കുക. ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് മീന്‍ മാരിനേറ്റ് ചെയ്തു വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ താളിച്ച്, കറിവേപ്പിലയും കറുവാപ്പട്ടയും ഇടുക. ഇതിലേക്ക് ഉള്ളി പേസ്റ്റ്, പുളി വെള്ളം, കാശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. എട്ടു മിനിറ്റ് മീഡിയം തീയില്‍ വേവിക്കുക.
ഇതിലേക്ക് നേരത്തെ ഉണ്ടാക്കിയ മസാലപ്പൊടി ചേര്‍ക്കുക. ശേഷം, ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിച്ച് മൂന്നുനാല് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച മീന്‍ കൂടി ഇട്ടു അര മണിക്കൂര്‍ അടച്ചുവച്ച് വേവിക്കുക. വെന്ത ശേഷം മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം. ഈ കറി ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.