നിങ്ങൾക്ക് തടി പെട്ടെന്ന് കുറയ്ക്കണോ? രാത്രിയില്‍ ഇതു കഴിച്ചോളൂ
Mail This Article
പറഞ്ഞാല്‍ തീരാത്തത്ര ഗുണങ്ങളുള്ള ചെറുധാന്യമാണ് റാഗി. പഞ്ഞപ്പുല്ല്, കൂവരക്, മുത്താറി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന റാഗി, ഭാരം കുറയ്ക്കാന്‍ നോക്കുന്ന ആളുകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. കൊഴുപ്പ് കൂട്ടാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്കാന്‍ റാഗിക്ക് കഴിയും. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്. ശ്രീലങ്കയിലും നേപ്പാളിലുമെല്ലാം വര്‍ഷങ്ങളായി പ്രധാന ഭക്ഷ്യധാന്യമായി ഇത് ഉപയോഗിച്ചുവരുന്നു.
കാത്സ്യം, ഇരുമ്പ് എന്നീ ധാതുക്കള്‍ നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ റാഗി ഉപയോഗിക്കാറുണ്ട്. വിറ്റാമിന്‍ സി, വിറ്റമിൻ ബി6, ഫോളിക് ആസിഡ്, വിറ്റാമിന്‍ ഡി എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആൻ്റിഓക്സിഡൻ്റ്, ആൻ്റിഡയബറ്റിക്, ആൻ്റി മൈക്രോബിയൽ ഗുണങ്ങളും ഇതിനുണ്ട്. മറ്റ് അന്നജാഹാരങ്ങളിൽ കാണപ്പെടാത്ത അമിനോ ആസിഡുകളായ ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ ഇവ റാഗിയിലുണ്ട്.
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് ആണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. മറ്റ് ധാന്യങ്ങളില്‍ ഉള്ളതിനെക്കാളും നാരുകൾ ധാരാളമായി അടങ്ങിയതിനാൽ കുറച്ച് കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതു പോലെ തോന്നുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
റാഗി ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു സൂപ്പ് പരിചയപ്പെടാം. ആരോഗ്യകരമായ ഈ സൂപ്പ്, അത്താഴത്തിന് കഴിക്കാന്‍ ബെസ്റ്റാണ്.
റാഗി വെജിറ്റബിള്‍ സൂപ്പ്
വേണ്ട സാധനങ്ങള്‍
-----------------------------------
റാഗി മാവ് ½ കപ്പ്
5 കപ്പ് വെള്ളം
എണ്ണ–2 ടീസ്പൂൺ
കറുവപ്പട്ട–1 ഇഞ്ച്
5 അല്ലി വെളുത്തുള്ളി , അരിഞ്ഞത്
2 മുളക് , ചെറുതായി അരിഞ്ഞത്
സവാള, നന്നായി അരിഞ്ഞത്– ½ കിലോ
കാരറ്റ്, ചെറുതായി അരിഞ്ഞത്–½ കിലോ
ബീൻസ്, ചെറുതായി അരിഞ്ഞത്–5
ഗ്രീന്‍ പീസ്–3 ടീസ്പൂൺ
സ്വീറ്റ് കോൺ–2 ടീസ്പൂൺ
കാബേജ്, അരിഞ്ഞത്–2 ടീസ്പൂൺ
ഉപ്പ്–1 ടീസ്പൂൺ
കുരുമുളക് പൊടി–½ ടീസ്പൂൺ
നാരങ്ങ നീര്–2 ടീസ്പൂൺ
സ്പ്രിങ് ഒണിയന്‍, അരിഞ്ഞത്–2 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ ½ കപ്പ് റാഗി മാവ് എടുത്ത് 1 കപ്പ് വെള്ളത്തിൽ കലർത്തുക. ഇതില്‍ കട്ടകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാറ്റി വയ്ക്കുക.
- ഒരു കടായി അടുപ്പത്ത് വെച്ച് 2 ടീസ്പൂൺ എണ്ണ ചൂടാക്കുക. കറുവാപ്പട്ട, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
- സവാള, കാരറ്റ്, ബീൻസ്, ഗ്രീന്‍ പീസ്, സ്വീറ്റ് കോൺ, കാബേജ് എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക. ഇത് വല്ലാതെ വെന്തു പോകരുത്.
- ഇതിലേക്ക് വെള്ളം, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ഇളക്കി 3 മിനിറ്റ് തിളപ്പിക്കുക.
- ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ റാഗി സ്ലറി ചേർത്ത് 2 മിനിറ്റ് തുടർച്ചയായി ഇളക്കുക. 3 മിനിറ്റ് അല്ലെങ്കിൽ റാഗി നന്നായി പാകമാകുന്നത് വരെ തിളപ്പിക്കുക.
- തീ ഓഫ് ചെയ്ത് നാരങ്ങാനീരും സ്പ്രിംഗ് ഒനിയനും ചേർക്കുക. ആവശ്യമെങ്കില്‍ മല്ലിയില കൂടി മുകളില്‍ വിതറി അലങ്കരിക്കാം.