എത്ര ശ്രമിച്ചിട്ടും പാലപ്പം ശരിയാകുന്നില്ലേ? മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ
Mail This Article
പാലപ്പവും അപ്പവുമൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള പലഹാരങ്ങളിലൊന്നാണ്. നല്ല പഞ്ഞിപോലുള്ള അപ്പത്തിന് കറിപോലും ഇല്ലാതെയും കഴിക്കാം. പക്ഷേ പലപ്പം പലർക്കും ശരിയായ രീതിയിൽ തയാറാക്കാൻ പറ്റാറില്ല. മാവ് അരച്ചെടുക്കുന്ന പാകപിഴയിൽ അപ്പത്തിന് മയം കിട്ടാറില്ല. എത്ര ശ്രമച്ചിട്ടും നിങ്ങൾ ഉണ്ടാക്കുന്ന പാലപ്പം ശരിയാകുന്നില്ലെങ്കിൽ ഇനി ടെൻഷൻ വേണ്ട, ഈ രീതിയിൽ മാവ് അരച്ച് നോക്കാം. നല്ല മയമുള്ള പാലപ്പം തയാറാക്കാം.
രണ്ട് ഗ്ലാസ് പച്ചരിയിലേക്ക് ഒരു സ്പൂൺ ഉഴുന്നും ചേർത്ത് വെള്ളം ഒഴിച്ച് അഞ്ച് മണിക്കൂറോളം കുതിർക്കാൻ വയ്ക്കാം.
ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം ഒരു കപ്പ് തേങ്ങ ചിരവിയതും തണുത്ത ചോറും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുത്ത് നേരത്തത്തെ മാവിലേയ്ക്ക് ഒഴിച്ച് യോജിപ്പിച്ചെടുക്കാം.
രാത്രി മുഴുവനും മാവ് വയ്ക്കാം, പിറ്റേന്ന് നല്ലതുപോലെ മാവ് പൊങ്ങി വരും. അതിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് പാലപ്പ ചട്ടിയിൽ അപ്പം ഉണ്ടാക്കാം. നല്ല പൂപോലെ മയമുള്ള പാലപ്പം റെഡിയാക്കാം.ഇനി പാലപ്പം ശരിയാകുന്നില്ലെന്ന പരാതിയും ആരും പറയില്ല. ഈ രീതിയിൽ മാവ് അരച്ചെടുക്കാം.
അപ്പത്തിനു കഴിക്കാം തേങ്ങാപ്പാൽ കറി
പച്ചക്കറികൾ കൊണ്ടും ചിക്കൻ ചേർത്തും തയാറാക്കാവുന്ന രുചികരമായ കറിയാണിത്. എരിവു കുറച്ച് തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും.
ചേരുവകൾ
സവാള - ഒന്ന്
വെളുത്തുള്ളി (ചതച്ചത്) - രണ്ട് അല്ലി
ഇഞ്ചി (ചതച്ചത്) - ചെറിയ കഷണം
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - എരിവിന്
ഉരുളക്കിഴങ്ങ് - ഒരെണ്ണം
കാരറ്റ് - ഒന്ന്
കാപ്‌സിക്കം - ഒരെണ്ണം
ഗ്രീൻപീസ് - ഒരു പിടി മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങയുടെ ഒന്നാം പാൽ മാറ്റിവയ്‌ക്കുക. ഒന്നാമത്തെ ചേരുവകൾ വഴറ്റി ഇതിൽ രണ്ടാം പാൽ ഒഴിച്ച് ഉരുളക്കിഴങ്ങ്, കാരറ്റ്, കാപ്‌സിക്കം, ഗ്രീൻപീസ് എന്നിവ വേവിക്കുക. വെന്തശേഷം ഒന്നാം പാൽ ഒഴിച്ചു മല്ലിയില വിതറി വാങ്ങുക. ചിക്കൻ കൊണ്ടും ഈ കറി തയാറാക്കാം.