ഈ പാസ്ത കഴിച്ച് വണ്ണം കുറയ്ക്കാം; ഇത് അടിപൊളി ഐറ്റം
Mail This Article
പാസ്ത കഴിക്കാന്‍ വല്ലാത്ത കൊതിയുണ്ട്, എന്നാല്‍ പാലും ബട്ടറും ക്രീമും മൈദയുമെല്ലാം കൊണ്ട് ഉണ്ടാക്കുന്ന പാസ്ത സോസ് അത്ര നല്ലതല്ല, ഇത് കൂടുതല്‍ കഴിച്ചാല്‍ ഹൃദ്രോഗം പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദവും ശരീരഭാരവും കൂട്ടാനും ഇത് കാരണമാകും.
എന്നാല്‍ തടി കൂടുമെന്ന പേടിയില്ലാതെ പാസ്ത കഴിക്കാന്‍ പറ്റുമെങ്കിലോ? അതിനുള്ള ഒരു അടിപൊളി റെസിപ്പി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റായ സലോണി.
സാധാരണയായി പാസ്തയ്ക്ക് ഉപയോഗിക്കുന്ന റെഡ് സോസിനും വൈറ്റ് സോസിനുമെല്ലാം പകരമായി, മത്തങ്ങ കൊണ്ടുള്ള സോസാണ് സലോണി പരിചയപ്പെടുത്തുന്നത്.
ഇത് ഉണ്ടാക്കാനായി, പഴുത്ത മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഇത് ഒരു പാനിലേക്ക് ഇടുക. ഇതിലേക്ക് വെളുത്തുള്ളി അല്ലികള്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുന്നു. ശേഷം, മത്തങ്ങ നന്നായി വേവുന്നത് വരെ വേവിക്കുക.
ശേഷം ഇതിലേക്ക്, തേങ്ങാപ്പാല്‍, പനീര്‍, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, കുരുമുളക് എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. ഈ സോസ് എടുത്ത് മാറ്റിവെക്കുക.
ഇനി പാസ്ത തയാറാക്കാന്‍, വലിയുള്ളി, ചുവപ്പ്,പച്ച,മഞ്ഞ ക്യാപ്സിക്കം, മഷ്രൂം എന്നിവ നീളത്തില്‍ അരിയുക. ഇതിലേക്ക് അല്‍പ്പം പെറി പെറി വിതറുക. ഇത് ചെറുതായി വഴറ്റുക. ശേഷം നേരത്തെ തയാറാക്കിയ സോസ് ഇതിലേക്ക് ചേര്‍ക്കുക.
നന്നായി ഇളക്കിയ ശേഷം, വേവിച്ച പാസ്ത ഇതിലേക്ക് ചേര്‍ത്തിളക്കി, പാന്‍ ഇറക്കി വെക്കുക. രുചികരവും ഹെല്‍ത്തിയുമായ പാസ്ത റെഡി.
കാത്സ്യം, പൊട്ടാസ്യം, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ബീറ്റാ കരോട്ടിൻ മുതലായ പോഷകങ്ങള്‍ അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഗുണകരമാണ്. നാരുകളുടെ നല്ല ഉറവിടമായ ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നു. മത്തങ്ങ പോലുള്ള പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സോഡിയത്തിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ അർജിനൈൻ എന്ന അമിനോ ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. പതിവായി മത്തങ്ങ കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ പ്രതിരോധിക്കാനാവും എന്ന് പഠനങ്ങളില്‍ പറയുന്നു.
മത്തങ്ങയുടെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ വീക്കം പോലുള്ള അവസ്ഥകള്‍ കുറയ്ക്കാന്‍ സഹായകരമാണ്. കൂടാതെ ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍, തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കും മത്തങ്ങ ഗുണം ചെയ്യും.
എന്നാല്‍ മത്തങ്ങ അമിതമായി കഴിക്കുന്നത് നല്ലതല്ല. ചിലര്‍ക്ക് ഇത് ഗ്യാസ്ട്രബിള്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കാം.