ADVERTISEMENT

വെളിച്ചെണ്ണയിൽ തയാറാക്കിയ, കടിക്കുമ്പോൾ കറുമുറെ എന്ന ശബ്ദമുണ്ടാക്കുന്ന കായ വറുത്തത് ചായക്കൊപ്പം കിട്ടിയാൽ വൈകുന്നേരങ്ങൾ ഉഷാറാകും. അത്രയധികം ആരാധകരുള്ളത് കൊണ്ടുതന്നെ മറ്റെന്തൊക്കെ ചിപ്സുകൾ വന്നാലും എപ്പോഴും കായ വറുത്തതിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും. വളരെ കനം കുറച്ചു അരിഞ്ഞു, എണ്ണയിൽ വറുത്തു കോരുന്ന ഈ സ്വർണനിരക്കാരൻ നമ്മുടെ സദ്യകളിലെ പ്രഥമസ്ഥാനീയൻ ആകുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഈ ചിപ്സിനു നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു 'ഡിമാൻഡ്'. കടകളിൽ നിന്നും വാങ്ങുന്ന പോലെ തന്നെ വീട്ടിലും കായ വറുത്തത് തയാറാക്കാം. എങ്ങനെയെന്നല്ലേ?

നേന്ത്രക്കായ തിരഞ്ഞെടുക്കുന്നതിൽ വേണം ശ്രദ്ധ

നല്ലതു പോലെ മൂത്ത കായകൾ വേണം വറുക്കാനായി തെരഞ്ഞെടുക്കേണ്ടത്. മൂപ്പെത്താത്ത കായകളാണെങ്കിൽ ചിപ്സിനു യഥാർത്ഥ രുചി കിട്ടുകയില്ല. രുചി മാത്രമല്ല, ചിപ്സ് നല്ലതു പോലെ ക്രിസ്പിയായി കിട്ടണമെങ്കിലും വിളഞ്ഞ കായ തന്നെയാണ് നല്ലത്. നൂറ് കൂടുതലുള്ള കായയായ നേന്ത്രനാണ് എപ്പോഴും വറക്കാൻ ഉത്തമം.

കനം കുറച്ച് അരിയാം

ഒരേ കനത്തിൽ വട്ടത്തിൽ അരിഞ്ഞെടുക്കണം ചിപ്സിനുള്ള കായ. അരിഞ്ഞവ ഒരുപോലെ ഇരുന്നാൽ മാത്രമേ വറുക്കുമ്പോൾ കൃത്യമായി, ഒരുമിച്ച് പാകമായി കിട്ടുകയുള്ളൂ. നല്ലതു പോലെ കനം കുറച്ചരിഞ്ഞാൽ ചിപ്സ് ക്രിസ്പി ആയിരിക്കും.

banana-chips
Image Credit:AjayTvm/Shutterstock

ഉപ്പു വെള്ളത്തിൽ ഇടാം

അരിഞ്ഞ കായകൾ ഉപ്പ് കലക്കിയ വെള്ളത്തിൽ കുറച്ചു സമയമിട്ടു വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് കായയിലെ കറ പോകുന്നതിനു സഹായിക്കുമെന്ന് മാത്രമല്ല, വറുക്കുമ്പോൾ കായകൾ തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കുകയും ചെയ്യും. 

നല്ലതു പോലെ മൂത്തു പാകമായ നേന്ത്രക്കായ തൊലി കളഞ്ഞു അരിഞ്ഞതിനു ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ നാല് മുതൽ അഞ്ച് മിനിട്ടു വരെ ഇട്ടുവെയ്ക്കണം. അതിനു ശേഷം വെള്ളം വാർന്നു പോകുന്നതിനു വേണ്ടി ഒരു അരിപ്പയിലേയ്ക്ക് മാറ്റാം. അടി കട്ടിയുള്ള വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് നല്ലതു പോലെ ചൂടായതിനു ശേഷം കുറേശ്ശേ അരിഞ്ഞ കായകൾ ഇട്ടുകൊടുത്തു വറുത്തു കോരാം. ചൂടാറിയതിനു ശേഷം ഒരു വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

English Summary:

Homemade Kerala Style Banana Chips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com