ADVERTISEMENT

ചെല്ലത്തിനുള്ളില്‍ നിന്നും വെറ്റിലയെടുത്ത്, ചുണ്ണാമ്പു തേച്ച് പുകയിലയും വെച്ച് ചുരുട്ടി വായില്‍ വെച്ച് മുറുക്കിച്ചുവപ്പിക്കുന്ന കാരണവന്‍മാര്‍ ഇന്നില്ല. അപ്പോള്‍ പാവം വെറ്റില എന്തു ചെയ്യും? ഉമ്മറത്തിരുന്ന വെറ്റിലയ്ക്ക് ഇപ്പോള്‍ അടുക്കളയിലാണ് സ്ഥാനം. വെറ്റില കൊണ്ട് അടിപൊളി പായസവും ബിരിയാണിയും പകോടയും ചട്ണിയുമെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇതിന്‍റെ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ ഒട്ടേറെയുണ്ട്.

ഇക്കൂട്ടത്തിലെ ഒരു വ്യത്യസ്തമായ വിഭവമാണ് വെറ്റില ഹല്‍വ. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, വെറ്റില ഹല്‍വയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ വിജി ഷാരോണ്‍ എന്ന ഫുഡ് വ്ളോഗര്‍ പങ്കുവച്ച ഈ റെസിപ്പിയില്‍ വെറ്റില ഉപയോഗിച്ച് എങ്ങനെയാണ് ഹല്‍വ ഉണ്ടാക്കുന്നതെന്ന് വിശദമായി പറയുന്നുണ്ട്.

- ആദ്യം തന്നെ പത്തോ പതിനഞ്ചോ പുതിയ വെറ്റില ഇലകള്‍ തണ്ട് കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇത് മിക്സി ജാറില്‍ ഇട്ടു അരച്ചെടുക്കുക.

- വെറ്റില അരച്ചത് അരിച്ചെടുക്കുക ഇതിലേക്ക് കാല്‍ കപ്പ്‌ കോണ്‍ ഫ്ലോര്‍ കുറച്ചു കുറച്ചായി ചേര്‍ത്ത് മിക്സ് ചെയ്യുക. കട്ട കെട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം കൂടി ഒഴിച്ച് നേര്‍പ്പിക്കുക.

- ഒരു പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കുറച്ചു ഡ്രൈ ഫ്രൂട്സ് ഇട്ടു വഴറ്റുക. ഇത് കോരി വയ്ക്കുക. ശേഷം പാനിലേക്ക് ഒരു കപ്പ്‌ പഞ്ചസാര ചേര്‍ക്കുക. ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് ഇളക്കി പഞ്ചസാര പാനി ഉണ്ടാക്കുക. 

- ഇത് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ നേരത്തെ തയ്യാറാക്കിയ വെറ്റില മിക്സ് ഇതിലേക്ക് ഒഴിക്കുക. മീഡിയം ഫ്ലെയ്മില്‍ വച്ച്, ഇടവിടാതെ ഇളക്കുക. ഇത് കട്ടിയായി വരുമ്പോള്‍ ഒരു ടീസ്പൂണ്‍ നിറച്ച് നെയ്യ് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റിന് ശേഷം, നേരത്തെ വറുത്തു വെച്ച ഡ്രൈ ഫ്രൂട്സ് കൂടി ഇതിലേക്ക് ചേര്‍ത്ത് ഇളക്കി ഇറക്കി വയ്ക്കാം. ചൂടുള്ളപ്പോള്‍ തന്നെ, നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഹല്‍വ പകര്‍ന്നു വയ്ക്കുക. രുചികരമായ വെറ്റില ഹല്‍വ റെഡി!

English Summary:

Betel Leaf Halwa Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com