ADVERTISEMENT

മധുരമില്ലാതെ എന്ത് നവരാത്രി ആഘോഷം? എന്തു ചെയ്യാൻ ഇതൊക്കെ കണ്ട് വായിൽ വെള്ളമിറക്കാമെന്നല്ലാതെ ഒന്നു രുചിച്ചു നോക്കാമെന്നു വിചാരിച്ചാൽ കഴിയില്ലല്ലോ? പ്രമേഹം പിടികൂടിയിരിക്കുകയല്ലേ, തീർച്ചയായും പ്രമേഹം ഉള്ളവർ മധുരം ‌ഒഴിവാക്കണം. പക്ഷേ മധുരം ഒഴിവാക്കുന്നതു കൊണ്ടു പ്രമേഹം മാത്രമല്ല, മറ്റു പല രോഗങ്ങളും അകറ്റി നിർത്താം. പൊണ്ണത്തടി കുറയ്ക്കാം, ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാം, ഞരമ്പുകളുടെ ആരോഗ്യം കാക്കാം... ഇതിലെല്ലാം ഉപരി, പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താം. 

സാലഡും സൂപ്പും മാത്രം കഴിച്ചു ഡയറ്റ് ചെയ്യുന്ന പലരും വീണു മുട്ടു കുത്തുന്നത് ഡിസേർട്ട്സിന്റെ മുമ്പിലാണ്. ഒട്ടും മധുരം കഴിക്കാതിരുന്ന ശേഷം, പിന്നീടു നിയന്ത്രിക്കാൻ കഴിയാതെ എല്ലാം കൂടെ വലിച്ചു വാരി കഴിക്കുന്നവരും കുറവല്ല. ഇവിടെയാണ് ഷുഗർ ഫ്രീ ഡിസേർട്ട്കളുടെ പ്രാധാന്യം . നല്ല തണുപ്പോടുകൂടെ ഇവ വിളമ്പുമ്പോൾ, നാവിൽ അലിയുമ്പോൾ, പലപ്പോഴും മധുരം ചേർത്തിട്ടില്ലെന്നു നമ്മൾ തിരിച്ചറിയുക പോലുമില്ല.

ഇനി മധുരം വേണമെന്നു നിർബന്ധമാണെങ്കിൽ ഒട്ടും വിഷമിക്കേണ്ട, ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ ചേർത്ത ഡിസേർട്ടുകൾ തയാറാക്കാം. ഇത്തരം ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾക്കു യഥാർഥത്തിൽ മധുരമില്ല. പക്ഷേ ഇവയിലുള്ള പ്രത്യേക ഘടകങ്ങളുടെ സാന്നിധ്യം മൂലം മധുരം ഉണ്ടെന്നു നമുക്കു തോന്നുകയും ചെയ്യും. എങ്കിൽ ഈ നവരാത്രി ആഘോഷിക്കാൻ ഇതാ ഡബിൾ കാ മീത്താ. ഇതൊന്നു പരീക്ഷിച്ചു നോക്കിയാലോ!

ചേരുവകൾ

പാൽ പാട മാറ്റാത്തത് - 500 ഗ്രാം
ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ
വൈറ്റ് െബ്രഡ് - 300 ഗ്രാം
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ഡിസയർ ഷുഗർ - 120 ഗ്രാം
വെള്ളം- 100 ഗ്രാം
ഡിസയർ ഷുഗർ - 20 ഗ്രാം
സിൽവർ ലീഫ് - മൂന്നു പീസ്
ബദാമും കശുവണ്ടിയും വറുത്ത് പൊടിയായി അരിഞ്ഞത് -30 ഗ്രാം
പാകം ചെയ്യുന്ന വിധം

പാൽ, ഏലയ്ക്കാപ്പൊടി ചേർത്തു ചെറുതീയിൽ തിളപ്പിച്ചു മൂന്നിലൊന്നായി വറ്റിക്കുക. വൈറ്റ് ബ്രെഡ് സ്ലൈസ് ചെയ്ത്, എണ്ണയിൽ വറുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി വയ്ക്കുക. നാലാമത്തെ ചേരുവ ചേർത്ത്, അടുപ്പിൽ വച്ചു തിളപ്പിച്ചു പഞ്ചസാരപ്പാനി തയാറാക്കുക.

വറുത്തുവച്ചിരിക്കുന്ന റൊട്ടിക്കഷണങ്ങൾ, പഞ്ചസാരപ്പാനിയിൽ രണ്ടു മിനിറ്റു മുക്കിയിട്ട ശേഷം കോരി വയ്ക്കുക.

മധുരത്തിനു പാകം അനുസരിച്ചു വറ്റിച്ചു വച്ചിരിക്കുന്ന പാലിൽ ഡിസയർ ഷുഗർ ചേർക്കുക. ഇനി വിളമ്പാനുള്ള ബൗളിൽ ആദ്യം ബ്രെഡ് കഷണം വയ്ക്കുക. അതിനു മുകളിൽ, പാൽ വറ്റിച്ചത് ഒഴിച്ചു ബദാമും കശുവണ്ടിയും കൊണ്ട് അലങ്കരിക്കുക.

English Summary:

Sugar Free Double ka Meetha Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com