ADVERTISEMENT

കൂട്ടുകാര് ആര് വേണമെങ്കിലും പെട്ടെന്ന് വീട്ടില്‍ വരട്ടെ, നല്ല അടിപൊളി കാരറ്റ് ഹല്‍വ കൊടുത്ത് സല്‍ക്കരിക്കാം! കാരറ്റ് ഇളക്കിയിളക്കി കൈ കളയേണ്ട. വളരെ എളുപ്പത്തില്‍ കുക്കറില്‍ ഒരു കാരറ്റ് ഹല്‍വ ഉണ്ടാക്കിയാലോ?

ചേരുവകൾ

1 കിലോഗ്രാം ഫ്രഷ്‌ കാരറ്റ്
 4 ടേബിൾസ്പൂൺ ബട്ടര്‍ / നെയ്യ്
3 ടേബിൾസ്പൂൺ ഉണക്കമുന്തിരി
10 ബദാം, അരിഞ്ഞത്
10 കശുവണ്ടി, അരിഞ്ഞത്
10 പിസ്ത, അരിഞ്ഞത്
½ കപ്പ് പാൽ
1 ടിൻ കണ്ടന്‍സ്ഡ് മില്‍ക്ക്
½ കപ്പ് പഞ്ചസാര 
½ ടീസ്പൂൺ ഏലക്ക പൊടി

തയാറാക്കുന്ന വിധം

- ഒഴുകുന്ന വെള്ളത്തിനടിയിൽ കാരറ്റ് നന്നായി കഴുകുക. ശേഷം ഇതു മുഴുവന്‍ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക.

- പ്രെഷര്‍ കുക്കര്‍ അടുപ്പത്ത് വെച്ച് 2 ടീസ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് ഉണക്കമുന്തിരി ഇട്ട് ചെറുതായി വീര്‍ത്തു വരുന്നത് വരെ ഇളക്കി, കോരിയെടുത്ത് മാറ്റി വയ്ക്കുക.

- ഇതേപോലെ ബദാം, കശുവണ്ടി എന്നിവയും ഓരോന്നായി ഇട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കി കോരിയെടുക്കുക.

- പ്രഷർ കുക്കറിൽ 2 ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർക്കുക. പച്ചമണം പോകുന്നതുവരെ 3-4 മിനിറ്റ് ഉയർന്ന ചൂടിൽ കാരറ്റ് വഴറ്റുക.

- പാൽ ഒഴിച്ച് നന്നായി ഇളക്കുക. പ്രഷർ കുക്കർ ലിഡ് ഉപയോഗിച്ച് അടച്ച് 3 വിസിൽ വരെ വേവിക്കുക. ഇതിന്‍റെ ആവി പോകുന്നത് വരെ കാത്തിരിക്കുക.

- മൂടി തുറന്ന് ഇളക്കുക. വീണ്ടും അടുപ്പത്ത് വെച്ച്, കണ്ടന്‍സ്ഡ് മില്‍ക്ക്, പഞ്ചസാര എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

- ഈ മിശ്രിതം കട്ടിയാകുമ്പോള്‍ നേരത്തെ വറുത്ത് മാറ്റിവെച്ച ഉണക്കമുന്തിരി, ബദാം, കശുവണ്ടി എന്നിവയില്‍ നിന്നും കുറച്ച് എടുത്ത് മാറ്റിവെച്ച ശേഷം, ബാക്കിയുള്ളത് ചേര്‍ക്കുക. നെയ്യ്, ഏലക്കാപ്പൊടി എന്നിവയും ചേര്‍ത്ത് ചെറിയ തീയില്‍ 5 മിനിറ്റ് വയ്ക്കുക. എന്നിട്ട് അടുപ്പത്ത് നിന്നും വാങ്ങിവയ്ക്കാം.

- ഇതിനു മുകളില്‍ നേരത്തെ മാറ്റിവെച്ച ബദാം, കശുവണ്ടി, പിസ്ത, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. ചൂടോടെ വിളമ്പി ആസ്വദിക്കാം.

ടിപ്പ് : കണ്ടന്‍സ്ഡ് മില്‍ക്ക് ഇല്ലെങ്കില്‍ ഫുള്‍ ഫാറ്റ് പാല്‍ ഉപയോഗിച്ചും കാരറ്റ് ഹല്‍വ ഉണ്ടാക്കാം. ഇതിന് അല്‍പ്പംകൂടി സമയമെടുക്കും. ഒരു കിലോ കാരറ്റിനു ഒരു ലിറ്റര്‍ പാല്‍ എടുക്കുക. പാലും ഗ്രേറ്റ് ചെയ്ത കാരറ്റും ചേര്‍ത്ത് നന്നായി ഇളക്കി, പാല്‍ വറ്റി പകുതിയാകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. വീണ്ടും ഇളക്കി മുഴുവന്‍ വെള്ളവും വറ്റുന്നതു വരെ ഇളക്കുക.  അവസാനം, നെയ്യ്, അണ്ടിപ്പരിപ്പ്, ഏലക്കപ്പൊടി എന്നിവ ചേർത്ത് 5 മിനിറ്റ് ചെറിയ തീയില്‍ വേവിച്ച ശേഷം ഇറക്കിവയ്ക്കാം.

English Summary:

Easy Pressure Cooker Carrot Halwa Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com