ADVERTISEMENT

പണ്ടുകാലത്ത്  ക്രിസ്ത്യൻ ദേവാലയങ്ങളിൽ സ്ലീബാപെരുന്നാളിനു വിളമ്പുന്ന ഒരു നേർച്ച വിഭവമായിരുന്നു പഞ്ചാരമണ്ട.  അരി, ശർക്കര, പഞ്ചസാര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പപ്പടത്തിന്‍റെ കനത്തില്‍, ഒരു ചപ്പാത്തിയുടെ വലുപ്പത്തിലാണ് ഇതുണ്ടാക്കിയെടുക്കുന്നത്.

അധികം പശയില്ലാത്ത അരി വറുത്ത് പൊടിച്ചെടുത്ത് തിളച്ച ചൂടുവെള്ളത്തിൽ കുഴച്ചെടുത്താണ് ഇതിന്‍റെ മാവ് തയാറാക്കുന്നത്. ഈ മാവ് ഉരുളകളാക്കി പരത്തിയെടുത്ത് അടുപ്പിൽ കമഴ്ത്തിവച്ച ചട്ടിയുടെ പുറത്ത് ചുട്ടെടുക്കുന്നു. നേർച്ച നൽകുന്നതിന്‍റെ തലേദിവസം ഈ മണ്ടയെല്ലാം വലിയ പാത്രങ്ങളിലിട്ട് പൊടിച്ചെടുക്കും. ഇതിലേക്ക് ശർക്കരപ്പാനിയും തേങ്ങ ചിരകിയതും ഏലക്കയും പഞ്ചസാരയും ചേർത്താണ് പഞ്ചാരമണ്ട തയ്യാറാക്കാവുന്നത്.

ഇത്രയൊന്നും കഷ്ടപ്പെടാതെ, വീട്ടില്‍ ബാക്കിവന്ന ചപ്പാത്തി കൊണ്ട് പഞ്ചാരമണ്ട പോലെ രുചിയൂറുന്ന ഒരു നാലുമണി പലഹാരം തയാറാക്കാം.

വേണ്ട സാധനങ്ങള്‍

ചപ്പാത്തി - 4 എണ്ണം ചെറുതായി അരിഞ്ഞത്

ശര്‍ക്കര - 2 ആണി, പാനിയാക്കി അരിച്ചെടുക്കുക

തേങ്ങ - 1 കപ്പ്‌

നെയ്യ് - 1 ടേബിള്‍സ്പൂണ്‍ 

ഏലക്ക - 5 എണ്ണം 

ജീരകം - അര ടീസ്പൂണ്‍

ചുക്ക് - ചെറിയ കഷ്ണം

ഉണ്ടാക്കുന്ന വിധം

- ആദ്യം ഒരു വലിയ ചീനച്ചട്ടി അടുപ്പത്ത് വച്ച് അതില്‍ നെയ്യൊഴിക്കുക

- ഇതിലേക്ക് അരിഞ്ഞുവെച്ച ചപ്പാത്തിക്കഷ്ണങ്ങള്‍ ഇടുക. ഇത് എല്ലാ ഭാഗത്തും നെയ്‌ പിടിക്കുന്ന രീതിയില്‍ നന്നായി ഇളക്കികൊടുക്കുക.

- മറ്റൊരു പാനിലേക്ക് ശര്‍ക്കര പാനി ഒഴിക്കുക. ഇതിലേക്ക് തേങ്ങ ഇട്ടു വിളയിച്ചെടുക്കുക. ഇതിലേക്ക് ചപ്പാത്തി മൊരിച്ചത് ഇട്ടു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കണം.

- ഇതിലേക്ക് ഏലക്ക, ജീരകം, ചുക്ക് എന്നിവ പൊടിച്ചത് ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാ ഭാഗത്തും പിടിച്ചാല്‍ തീ ഓഫ് ചെയ്ത് വാങ്ങിവയ്ക്കുക. ചപ്പാത്തി കൊണ്ടുള്ള രുചിയേറും പഞ്ചാരമണ്ട റെഡി!

English Summary:

Traditional Indian Dessert Panchasara Manda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com