ഉരുളന്‍ കല്ലുകൾ കോരിയിട്ട് ചുട്ടെടുക്കുന്ന ബ്രഡ്; ഇതെന്താ ഇങ്ങനെ!
Mail This Article
ഒരു വലിയ ചട്ടി നിറയെ ചെറിയ ഉരുളൻ കല്ലുകൾ നിറച്ചിരിക്കുന്നു. നല്ല ചുട്ടുപഴുത്ത് കിടക്കുന്ന ഈ കല്ലുകളിലേക്ക് തയാറാക്കി വച്ചിരിക്കുന്ന റൊട്ടി ഇടുന്നു. എന്നിട്ട് കടല വിൽപ്പനക്കാരൻ മണലിൽ കടല വറുത്തെടുക്കുന്ന പോലെ റൊട്ടിയെ ഉരുളൻ കല്ലുകൾ കോരിയിട്ടു മൊരിച്ചെടുക്കുന്നു. സംഭവം കാണാൻ തന്നെ നല്ല രസമാണ്.
ഇങ്ങനെയൊരു പാചക രീതി മിക്കവരും ആദ്യമായി കാണുകയാണെങ്കിലും ഇത് നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് ചൈനയുടെ ചരിത്രം പറയുന്നു. സ്റ്റോൺ ബൺസ് അഥവാ ചൈനീസ് ഭാഷയിൽ ഷിസിമോ എന്നു വിളിക്കുന്ന ഈ ബ്രഡ്മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് കൂടുതലും കാണുന്നത്. മാവ്, പന്നിക്കൊഴുപ്പ്, സസ്യ എണ്ണ, ഉപ്പ്, കുരുമുളക്, ചൈനീസ് യീസ്റ്റ് എന്നിവ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. തദ്ദേശവാസികൾക്ക് ഈ ബ്രഡ് ഉണ്ടാക്കുന്നതിനുള്ള ഒരു പ്രത്യേക രീതിയുണ്ട്. അതാണ് ഈ ഉരുളന്‍ കല്ല് പ്രയോഗം.
വിഡിയോയ്ക്ക് താഴെ നിരവധി കമെന്റുകൾ ഉണ്ട്. ചൈനയിൽ മാത്രമല്ല ഇറാനിലും ഇതേ രീതിയിൽ റൊട്ടി ഉണ്ടാക്കാറുണ്ടെന്നാണ്. ഇറാനിലും പരമ്പരാഗതമായി ഇത്തരത്തിൽ ചുട്ട കല്ലുകളിൽ ഇട്ട് കടല വറുക്കുന്നതുപോലെ റൊട്ടി വറുത്തെടുക്കുന്ന രീതിയുണ്ടത്രേ. ഏറെ രുചികരവും ആരോഗ്യപ്രദവുമായ ഒരു ഭക്ഷണമാണ് ഇതെന്നാണ് പലരുടെയും അഭിപ്രായം. ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ റൊട്ടി ഉണ്ടാക്കിയെടുക്കുന്നത് കാണാൻ തന്നെ ബഹുരസം എന്ന് മറ്റുചിലർ. എന്നാൽ ഈ പാചകരീതിയെ തള്ളിപ്പറയുന്നവരും കുറവല്ല. കല്ലുകളുടെ വൃത്തി മുതൽ അത് കഴിക്കുന്നവന്റെ അവസ്ഥ വരെ കമൻറ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്. ഇത് ചൈനയിൽ ആയതുകൊണ്ട് എല്ലാവരും നല്ലത് പറയും അതേസമയം ഇന്ത്യയിലായിരുന്നെങ്കിൽ വൃത്തിയെക്കുറിച്ച് പറയാനേ നേരം ഉണ്ടാകുമായിരുന്നുള്ളൂ എന്നും ഇതിനിടയിൽ കമൻറ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.