ദോശ കൊണ്ട് പപ്പടമോ? ഈ ഐഡിയ സൂപ്പർ
Mail This Article
മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ദോശ. ചട്ണിക്കും സാമ്പാറിനുമെല്ലാമൊപ്പം നല്ല മൊരിഞ്ഞ ദോശ കഴിക്കുന്നത് ആലോചിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദോശയ്ക്ക് ആരാധകരുണ്ട്.
ദോശ ചൂടോടെ കഴിക്കാനാണ് കൂടുതല്‍ രുചി. രാവിലെ ഉണ്ടാക്കിവെച്ച ദോശ ബാക്കിയായാല്‍ എന്തുചെയ്യും? അതിനൊരു അടിപൊളി വിദ്യയുമായി വന്നിരിക്കുകയാണ് നജീബ് ഇബ്രാഹിം എന്ന വ്ളോഗര്‍. ഈ ദോശ കൊണ്ട് ഒരു അടിപൊളി പലഹാരമാണ് ഉണ്ടാക്കിയെടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ ഈ ദോശ ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഫ്രിജില്‍ വയ്ക്കുക. തണുത്ത ശേഷം എടുത്ത് നേരെ എണ്ണയില്‍ ഇട്ടു വറുത്തെടുക്കുക. നല്ല ക്രിസ്പി ദോശ സ്നാക്ക് റെഡി! പപ്പടം പോലെയിരിക്കും.
ഒട്ടേറെ ആളുകള്‍ ഈ വീഡിയോയ്ക്ക് കീഴില്‍ നല്ലതും ചീത്തയുമായ ഒട്ടേറെ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ദോശയൊക്കെ ബാക്കി വരുമോ എന്ന് കുറേപ്പേര് ചോദിക്കുന്നു. ഈ പലഹാരം ഉണ്ടാക്കാന്‍ ദോശ കൂടുതല്‍ ഉണ്ടാക്കേണ്ടിവരുമെന്ന് ആളുകള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണമായ ദോശയെ ഡീപ് ഫ്രൈ ചെയ്ത് അനാരോഗ്യകരമാക്കി എന്നും ഒട്ടേറെ ആളുകള്‍ പറയുന്നു. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു വിഭവമാണ് ഇതെന്ന് അഭിനന്ദിക്കുന്നവരും കുറവല്ല.