സരിൻ ഔട്ട്; സിപിഎം നടത്തിയത് മുൻകൂട്ടി ആലോചിച്ചുറപ്പിച്ച നീക്കം; തിരിച്ചടിച്ച് ദിവ്യ തീർത്ത ‘കണ്ണൂർ ദുരന്തം’
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ലീഡ് ചെയ്ത 18 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് ചേലക്കര. അതേ ഇടതുമുന്നണി ബിജെപിയെക്കാൾ പിന്നിൽപോയ ഏഴു നിയമസഭാ മണ്ഡലങ്ങളുണ്ട്. അതിൽ ഒന്ന് പാലക്കാടാണ്. ഈ രണ്ടിടത്തും നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും. 1958ലെ ദേവികുളം ഉപതിരഞ്ഞെടുപ്പുതൊട്ട് പുതുപ്പള്ളിവരെ ആകെ 66 ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങൾ കേരളത്തിൽ നടന്നു. പക്ഷേ, ഈ രണ്ടു മത്സരങ്ങൾക്കു വർധിച്ച പ്രാധാന്യമുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപുള്ള നിർണായക രാഷ്ട്രീയ ബലപരീക്ഷകളാണ് എന്നതുതന്നെ കാരണം. നിയമസഭാ വിധിയെഴുത്ത് എന്താകുമെന്ന സൂചന ഈ ജനവിധിയുടെ ഉള്ളടക്കത്തിലുണ്ടാകും.
പാലക്കാടോ ചേലക്കരയോ ഇതുവരെ ഉപതിരഞ്ഞെടുപ്പുകൾക്കു വേദിയായിട്ടില്ല. വയനാട്ടിലേതും ആ മണ്ഡലത്തിലെ കന്നി ലോക്സഭാ ഉപതിരഞ്ഞെടുപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ ജനവിധിയിൽനിന്നു വീണ്ടും മുന്നോട്ടു കുതിക്കാനുള്ള ഊർജം പകരുന്ന ജയങ്ങളാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. വൻ തകർച്ചയിൽനിന്നു തിരിച്ചുവരാനുള്ള അവസരമാണ് എൽഡിഎഫിന്. കഴിഞ്ഞ രണ്ടുതവണയും പാലക്കാട്ട് രണ്ടാം സ്ഥാനത്ത് എത്തിയതുകൊണ്ടുതന്നെ നിയമസഭയിലേക്കും ഒരു എൻട്രി മോഹിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്താൽ മൂന്നു മുന്നണികൾക്കും രണ്ടു മണ്ഡലങ്ങളിലും ആവേശകരമായ മത്സരം കാഴ്ചവയ്ക്കാനുള്ള കരുത്തുണ്ട്; എങ്കിലും ചേലക്കരയെക്കാൾ കേരളം ഉറ്റുനോക്കുക പാലക്കാട്ടേക്കാകും.
∙ താളം തെറ്റിയ തിരുത്തൽ
ജനം പാർട്ടിയിൽനിന്ന് അകലുന്നുവെന്നാണു ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവി വിലയിരുത്തിയ സിപിഎം കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങൾ കണ്ടെത്തിയത്. പാർട്ടി സഖാക്കളുടെ ധാർഷ്ട്യവും അഹന്ത നിറഞ്ഞ പെരുമാറ്റവും അതിനു കാരണമാണെന്നു കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരും വിവാദങ്ങളിൽനിന്നും വിവാദം ക്ഷണിച്ചു വരുത്തുന്ന പ്രതികരണങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിഷ്കർഷിക്കുകയും ചെയ്തു.
പാർട്ടി കേന്ദ്ര–സംസ്ഥാന കമ്മിറ്റികളുടെ ഈ മാർഗരേഖയാണ് കണ്ണൂർ എഡിഎമ്മിനെ ആത്മഹത്യയിലേക്കു തള്ളിവിട്ട പരസ്യവിചാരണയിലൂടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യ ലംഘിച്ചത്. അവർക്കെതിരെ പാർട്ടി നടപടി വരും. ഒക്ടോബർ 17നും 18നുമായി ഡൽഹിയിൽ നടക്കുന്ന പൊളിറ്റ്ബ്യൂറോ യോഗത്തെവരെ സ്വാധീനിക്കാവുന്ന വിഷയമായി ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്റെ ചെയ്തി മാറിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പിലേക്ക് അങ്ങേയറ്റം സൂക്ഷ്മതയോടെ ചുവടുവച്ചിരുന്ന സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തകർക്കുന്നതായി കണ്ണൂർ ദുരന്തം.
ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം നിലയ്ക്കാത്ത രാഷ്ട്രീയവിവാദങ്ങൾ പാർട്ടിയെയും സർക്കാരിനെയും പിന്തുടരുകയാണ്. ഉപതിരഞ്ഞെടുപ്പുകളിലെ ആദ്യ രാഷ്ട്രീയ പ്രചാരണവിഷയമായി മാറുന്ന കണ്ണൂർ എഡിഎമ്മിന്റെ മരണം നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു രണ്ടു മണ്ഡലങ്ങളിലെയും പാർട്ടിക്കാർ തന്നെയാണ് ഉറ്റുനോക്കുന്നത്. കണ്ണൂർ ലോബിയുടെ വീഴ്ചകളെ പൊതിഞ്ഞു പിടിക്കരുതെന്ന പാർട്ടിക്കുള്ളിലെ വികാരമാണ് എഡിഎമ്മിനൊപ്പം തന്നെയെന്നു തുറന്നുപ്രഖ്യാപിക്കുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലുള്ളതും.
∙ കോൺഗ്രസിന് കല്ലുകടി
കോൺഗ്രസിനും തുടക്കത്തിൽ പ്രശ്നമുണ്ടായി. തൃക്കാക്കരയിൽ ഉമ തോമസിന്റെയും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെയും സ്ഥാനാർഥിത്വത്തിനെതിരെ പ്രാദേശിക മുറുമുറുപ്പുകൾ ഉയർന്നിരുന്നു. പാലക്കാട്ട് ഡോ.പി.സരിൻ പരസ്യമായി പാർട്ടിതീരുമാനത്തെ ചോദ്യംചെയ്തു. സരിന്റെ വാർത്താസമ്മേളനത്തിനു ശേഷം തലസ്ഥാനത്ത് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണം എ.കെ.ബാലനിൽനിന്നുണ്ടായത് സിപിഎമ്മിൽ മുൻകൂട്ടി നടന്ന ആലോചനയുടെ അടിസ്ഥാനത്തിൽതന്നെയാണ്. ഒക്ടോബർ 19നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സ്ഥാനാർഥി പ്രഖ്യാപനം മതിയെന്ന ധാരണയും കോൺഗ്രസിലെ സംഭവങ്ങൾകൂടി കണക്കിലെടുത്താണ്. സരിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. സ്ഥാനാർഥിയാകാൻ ബിജെപിക്കുള്ളിലും പിടിവലി നടക്കുന്നുണ്ട്. എൽഡിഎഫിന്റെ എണ്ണായിരത്തോളം വോട്ട് കോൺഗ്രസിന്റെ ഷാഫി പറമ്പിലിനു മറിഞ്ഞതാണ് ബിജെപി സ്ഥാനാർഥി ഇ.ശ്രീധരന്റെ ജയം തടഞ്ഞതിനും സിപിഎം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിനും കാരണമെന്നു സിപിഎം തന്നെ വിലയിരുത്തിയിരുന്നു.
∙ ഇല്ലാത്ത രാധാകൃഷ്ണൻ ഫാക്ടർ
ആലത്തൂർ ഫലത്തെക്കുറിച്ചുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ഇതായിരുന്നു: ‘കെ.രാധാകൃഷ്ണൻ ആയതുകൊണ്ടാണ് അവിടെ ജയിച്ചത്. എങ്കിലും പ്രതീക്ഷിച്ച വോട്ടു നേടിയില്ല’. മണ്ഡലത്തിൽ അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയെങ്കിലും രാധാകൃഷ്ണന്റെ പഞ്ചായത്തിലും ബൂത്തിലും എൽഡിഎഫ് പിന്നിൽപോയി. ചേലക്കരയിൽ ഇത്തവണ മത്സരിക്കാൻ രാധാകൃഷ്ണനില്ല എന്നതാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്ന ഘടകം. ഒരിക്കൽ അവിടെ ജയിച്ചിട്ടുള്ള ആളെത്തന്നെയാണ് വീണ്ടും സ്ഥാനാർഥിയായി സിപിഎം കണ്ടെത്തിയിരിക്കുന്നത്.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഓരോ സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ്. 1–1 എന്ന നിലവിലെ സ്ഥിതി നിലനിർത്താനെങ്കിലും മുന്നണികൾക്കു കഴിഞ്ഞില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പാലക്കാട്ടും ചേലക്കരയിലും അലകൾ സൃഷ്ടിച്ചേക്കാം. ആ വയനാട്ടിൽ 2014ൽ നാലു ശതമാനം വോട്ടുപിടിച്ച ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ ശബ്ദം ഉപതിരഞ്ഞെടുപ്പു പ്രചാരണ വേദികളും സശ്രദ്ധം വീക്ഷിക്കുന്നു: പി.വി.അൻവറിന്റേത്!