ADVERTISEMENT

കേരളം ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച. വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. സ്വർണ വായ്പകളിലെ വളർച്ച 28.64 ശതമാനമാണ്. 2,451 കോടി രൂപയിൽ നിന്ന് 3,153 കോടി രൂപയായാണ് വർധന.

മൊത്തം നിക്ഷേപങ്ങൾ 13,402 കോടി രൂപയിൽ നിന്ന് 7.75 ശതമാനം ഉയർന്ന് 14,440 കോടി രൂപയായി. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA) നിക്ഷേപം 6.18 ശതമാനം വർധിച്ചതും നേട്ടമാണ്. 4,242 കോടി രൂപയിൽ നിന്ന് 4,504 കോടി രൂപയായാണ് ഉയർച്ച. ബാങ്കിന്‍റെ മൊത്തം ബിസിനസ് 23,442 കോടി രൂപയിൽ നിന്ന് 7 ശതമാനം ഉയർന്ന് 25,084 കോടി രൂപയിലുമെത്തി.

ഇസാഫ് ബാങ്കിന്‍റെ കിട്ടാക്കടനിരക്ക് മേലോട്ട്

കേരളം ആസ്ഥാനമായ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ മൊത്തം വായ്പകൾ കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തേക്കാൾ 30.04 ശതമാനം ഉയർന്നെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. 14,444 കോടി രൂപയിൽ നിന്ന് 18,783 കോടി രൂപയായാണ് വളർച്ച.

banking-sector-job

മൈക്രോ വായ്പകൾ 10,484 കോടി രൂപയായിരുന്നത് 17.87 ശതമാനം മെച്ചപ്പെട്ട് 12,358 കോടി രൂപയിലെത്തി. റീടെയ്ൽ ഉൾപ്പെടെ മറ്റ് വായ്പകളിലെ വളർച്ചാനിരക്ക് 62.25 ശതമാനമാണ്. 3,960 കോടി രൂപയിൽ നിന്ന് 6,425 കോടി രൂപയായാണ് ഉയർന്നത്. ബാങ്കിന്‍റെ മൊത്തം നിക്ഷേപങ്ങൾ 15,656 കോടി രൂപയിൽ നിന്ന് 33.41 ശതമാനം വർധിച്ച് 20,887 കോടി രൂപയായി. ടേം ഡെപ്പോസിറ്റുകളിൽ 24.65 ശതമാനം വർധനയുണ്ട്. കാസ നിക്ഷേപം 2,825 കോടി രൂപയിൽ നിന്ന് 72.75 ശതമാനം ഉയർന്ന് 4,927 കോടി രൂപയായി. കാസ റേഷ്യോ 18.22 ശതമാനത്തിൽ നിന്ന് 23.59 ശതമാനമായി ഉയർന്നതും മികവാണ്.

അതേസമയം, നിഷ്ക്രിയ ആസ്തി (NPA) ഉയരുന്നതാണ് വെല്ലുവിളി. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) അനുപാതം 1.65 ശതമാനത്തിൽ നിന്ന് 6.61 ശതമാനത്തിലേക്ക് കുതിച്ചു. അറ്റ നിഷ്ക്രിയ ആസ്തി (NNPA) അനുപാതം 0.81 ശതമാനമായിരുന്നത് 3.22 ശതമാനവുമായി. പാദാടിസ്ഥാനത്തിലും നിഷ്ക്രിയ ആസ്തി അനുപാതം അഥവാ കിട്ടാക്കടനിരക്ക് കൂടുകയാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ജിഎൻപിഎ 4.76 ശതമാനവും എൻഎൻപിഎ 2.26 ശതമാനവുമായിരുന്നു.

ഓഹരികളിൽ നേട്ടം
 

ഈമാസം നാലിനാണ് ഇസാഫ് ബാങ്ക് ഏപ്രിഷ-ജൂൺപാദ പ്രാഥമിക പ്രവർത്തനഫല റിപ്പോർട്ട് (Q1 Business Update) സമർപ്പിച്ചത്. ഇന്നലെ 0.46 ശതമാനം (NSE) നേട്ടത്തോടെ 52.90 രൂപയിൽ ബാങ്കിന്‍റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചു. 2,723 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്‍റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത് 23 ശതമാനം നഷ്ടമാണ്.

esaf

ഇന്നലെ ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്നതിനിടെയാണ് ധനലക്ഷ്മി ബാങ്ക് ഒന്നാംപാദ ബിസിനസ് അപ്ഡേറ്റ് സമർപ്പിച്ചത്. ഓഹരി വ്യാപാരാന്ത്യത്തിലുള്ളത് 1.23 ശതമാനം നേട്ടവുമായി 42.72 രൂപയിൽ. 1,080 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്‍റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 127 ശതമാനം നേട്ടം (Return) നൽകിയിട്ടുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com