ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഫെഡറൽ ബാങ്കും നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക പ്രവർത്തനഫല കണക്കുകൾ പുറത്തുവിട്ടു. വായ്പയിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച കഴിഞ്ഞപാദത്തിൽ നേടിയതായി ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കി. അതേസമയം, പ്രവർത്തനമികവിന്‍റെ അളവുകോലുകളിലൊന്നായ കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് അനുപാതം (കാസ റേഷ്യോ) കുറഞ്ഞത് ക്ഷീണമായി.

സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ഫെഡറൽ ബാങ്കും ഇന്നലെയും ഫെഡറൽ ബാങ്ക് ഇന്നുമാണ് കണക്കുകൾ പുറത്തുവിട്ടത്. 

വായ്പയിൽ 11.35% വളർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് ജൂൺപാദത്തിൽ വായ്പകളിൽ 11.35 ശതമാനവും നിക്ഷേപങ്ങളിൽ 8.41 ശതമാനവും വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 74,102 കോടി രൂപയിൽ നിന്ന് 82,510 കോടി രൂപയിലേക്കാണ് ആകെ വായ്പകൾ ഉയർന്നത്. നിക്ഷേപങ്ങൾ 95,499 കോടി രൂപയിൽ നിന്ന് 1.03 ലക്ഷം കോടി രൂപയിലെത്തി.

south-indian-bank

കാസ നിക്ഷേപം 31,166 കോടി രൂപയിൽ നിന്ന് 32,998 കോടി രൂപയായി മെച്ചപ്പെട്ടെങ്കിലും കാസ അനുപാതം 32.64 ശതമാനത്തിൽ നിന്ന് 31.87 ശതമാനമായി താഴ്ന്നു; 0.77 ശതമാനം കുറവ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ലാഭം 14 ശതമാനം കുറഞ്ഞ് 288 കോടി രൂപയായിരുന്നു. എന്നാൽ, അറ്റ പലിശ വരുമാനം (NII) രണ്ട് ശതമാനം ഉയർന്ന് 875 കോടി രൂപയിലെത്തിയതും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.86 ശതമാനത്തിൽ നിന്ന് 1.46 ശതമാനത്തിലേക്കും മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 3.67 ശതമാനത്തിൽ നിന്ന് 3.38 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമായിരുന്നു. ബാങ്കിന്‍റെ ഓഹരികളിൽ ഇന്ന് വ്യാപാരം നടക്കുന്നത് 1.02 ശതമാനം നേട്ടവുമായി 26.85 രൂപയിൽ.

സിഎസ്ബി ബാങ്കിന് 'സ്വർണത്തിളക്കം'
 

സിഎസ്ബി ബാങ്ക് ഇക്കഴിഞ്ഞ പാദത്തിൽ മൊത്തം നിക്ഷേപത്തിൽ 22.24 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 24,476 കോടി രൂപയിൽ നിന്ന് 29,920 കോടി രൂപയിലേക്കാണ് വളർച്ച. കാസ നിക്ഷേപം 7,548  കോടി രൂപയായിരുന്നത് 1.32 ശതമാനം താഴ്ന്ന് 7,449 കോടി രൂപയായി.

CSB-Bank-logo

മൊത്തം വായ്പകളിൽ 17.80 ശതമാനം വളർച്ചയുണ്ട്. 21,307 കോടി രൂപയിൽ നിന്ന് വായ്പകൾ 25,099 കോടി രൂപയായി. സ്വർണപ്പണയ വായ്പകൾ 10,064 കോടി രൂപയിൽ നിന്ന് 12,487 കോടി രൂപയിലെത്തി; വർധന 24.08 ശതമാനം. 

സിഎസ്ബി ബാങ്ക് ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ 151.5 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 3.1 ശതമാനം കുറവാണിത്. അതേസമയം, അറ്റ പലിശ വരുമാനം (NII) 11 ശതമാനം ഉയർന്നു. എന്നാൽ, അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.35 ശതമാനത്തിൽ നിന്ന് 0.51 ശതമാനത്തിലേക്കും മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 1.26 ശതമാനത്തിൽ നിന്ന് 1.47 ശതമാനത്തിലേക്കും ഉയർന്നു.

സിഎസ്ബി ബാങ്കിന്‍റെ പ്രൊമോട്ടർമാരായ ഫെയർഫാക്സ് 9.72 ശതമാനം ഓഹരികൾ കഴിഞ്ഞദിവസം 595 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ഇതോടെ ബാങ്കിൽ ഫെയർഫാക്സിന്‍റെ ഓഹരി പങ്കാളിത്തം 40 ശതമാനത്തിലേക്ക് താഴ്ന്നു. ഓഹരി പങ്കാളിത്തം ഘട്ടംഘട്ടമായി 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് റിസർവ് ബാങ്കിന്‍റെ നിബന്ധന.  ഇന്ന് ബാങ്കിന്‍റെ ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്നത് 0.68 ശതമാനം താഴ്ന്ന് 379.65 രൂപയിലാണ്.

ഫെഡറൽ ബാങ്കിന്‍റെ ഒന്നാംപാദ വായ്പകളിൽ 20% വളർച്ച
 

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്‍റെ ഓഹരികൾ ഇന്ന് 52-ആഴ്ചയിലെ ഉയരത്തിലെത്തി. 4.25 ശതമാനം നേട്ടവുമായി 182.45 രൂപയിലാണ് വ്യാാപരം പുരോഗമിക്കുന്നത്. ഇന്നൊരുവേള ഓഹരിവില 183.30 രൂപവരെ ഉയർന്നിരുന്നു. 

കൊച്ചിയിലെ ഫെഡറൽ ബാങ്ക് മന്ദിരം (Photo courtesy: AjayTvm/ShutterStock)
കൊച്ചിയിലെ ഫെഡറൽ ബാങ്ക് മന്ദിരം (Photo courtesy: AjayTvm/ShutterStock)

നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രാഥമിക പ്രവർത്തനഫല റിപ്പോർട്ട് ഇന്ന് ബാങ്ക് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഓഹരിക്കുതിപ്പ്. റിപ്പോർട്ടുപ്രകാരം ബാങ്കിന്‍റെ  മൊത്തം നിക്ഷേപങ്ങൾ കഴിഞ്ഞപാദത്തിൽ 19.6 ശതമാനം വർധിച്ച് 2.66 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 2.22 ലക്ഷം കോടി രൂപയായിരുന്നു.

ആകെ വായ്പകൾ 1.86 ലക്ഷം കോടി രൂപയിൽ നിന്ന് 20.1 ശതമാനം ഉയർന്ന് 2.24 ലക്ഷം കോടി രൂപയായി. റീറ്റെയ്ൽ വായ്പകളിൽ 25 ശതമാനവും ഹോൾസെയിൽ വായ്പകളിൽ 14 ശതമാനവുമാണ് വർധന. കറന്‍റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 9.9 ശതമാനം ഉയർന്ന് 77,901 കോടി രൂപയായി. 70,854 കോടി രൂപയിൽ നിന്നാണ് വളർച്ച. കാസ അനുപാതം (CASA Ratio) പക്ഷേ, 31.85 ശതമാനത്തിൽ നിന്ന് 29.28 ശതമാനത്തിലേക്ക് താഴ്ന്നു.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com