ADVERTISEMENT

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവസരിപ്പിക്കാനിരിക്കേ, ഐഡിബിഐ ബാങ്കിന്‍റെ ഓഹരി വിൽപനയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്. കേന്ദ്രസർക്കാരിനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള 'സ്വകാര്യ ബാങ്ക്' ആണ് ഐഡിബിഐ ബാങ്ക്.

ഇന്നത്തെ ഓഹരി വിപണിയിലെ കണക്കുപ്രകാരം (NSE) 99,352 കോടി രൂപ വിപണിമൂല്യം (Market Cap) ഐഡിബിഐ ബാങ്കിനുണ്ട്. കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇരുവർക്കും കൂടി 94.72 ശതമാനം. ബാക്കി പൊതു ഓഹരി ഉടമകളുടെ കൈവശമാണ്.

നിലവിലെ ഓഹരി വില പ്രകാരം, ഓഹരികൾ സമ്പൂർണമായി വിറ്റഴിച്ചാൽ കേന്ദ്രത്തിന് 29,000 കോടി രൂപ നേടാനാകും. അതേസമയം, ബാങ്കിന്‍റെ ഓഹരികളിൽ 60.7 ശതമാനം വിറ്റഴിച്ച് ബാക്കി നിലനിർത്തുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്ന് വിലയിരുത്തുന്നു. അതായത്, കേന്ദ്രം 30.5 ശതമാനവും എൽഐസി 30.2 ശതമാനവും ഓഹരികൾ വിറ്റഴിച്ചേക്കും.

ഐഡിബിഐ ബാങ്ക് ഓഹരികളിൽ കുതിപ്പ്
 

ഓഹരി വിൽപനയ്ക്ക് റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടിയതോടെ, ഐഡിബിഐ ബാങ്ക് ഓഹരികൾ ഇന്ന് കുതിപ്പിലാണ്. ഒരുവേള 6 ശതമാനത്തിലധികം ഉയർന്ന് 94 രൂപവരെ എത്തിയ വില, ഇപ്പോഴുള്ളത് 5.13 ശതമാനം നേട്ടവുമായി 92.39 രൂപയിൽ. കഴിഞ്ഞ ഫെബ്രുവിരി 6ന് കുറിച്ച 98.70 രൂപയാണ് 52-ആഴ്ചത്തെ ഉയരം. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 62 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണിത്.

ഓഹരി വിൽപന ഉഷാറാക്കാൻ കേന്ദ്രം
 

മൂലധന പ്രസിസന്ധി മൂലം പ്രയാസപ്പെട്ടിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ 2018ലാണ് കേന്ദ്രവും എൽഐസിയും ഏറ്റെടുത്തത്. എൽഐസിക്കാണ് നിയന്ത്രണച്ചുമതല. കേന്ദ്രത്തിന്‍റെയും എൽഐസിയുടെയും പക്കലാണ് ഭൂരിപക്ഷം ഓഹരികളെങ്കിലും സ്വകാര്യബാങ്ക് ആയാണ് പ്രവർത്തനം. ഐഡിബിഐ ബാങ്കിന്‍റെ ഓഹരികൾ വിൽക്കാൻ നേരത്തേയും കേന്ദ്രം ശ്രമിച്ചിരുന്നു.

nirmala-sitharaman

കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സ് തുടങ്ങിയവ ഓഹരികൾ ഏറ്റെടുക്കാൻ മുന്നോട്ടുവന്നിരുന്നു. നിലവിൽ റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടിയ സാഹചര്യത്തിൽ വീണ്ടും ടെൻഡർ ക്ഷണിച്ചേക്കും. ബജറ്റവതരണത്തിന് മുമ്പേ റിസർവ് ബാങ്കിന്‍റെ അനുമതി കിട്ടിയത് കേന്ദ്രത്തിന് നേട്ടമാണ്.

പൊതുമേഖലാ ബാങ്ക് സ്വകാര്യവൽകരണം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഇക്കുറി ബജറ്റിൽ ഉണ്ടായേക്കാം. 12 ബാങ്കുകളാണ് പൊതുമേഖലയിൽ രാജ്യത്തുള്ളത്. ഇവയിൽ രണ്ടു ബാങ്കുകളെ സ്വകാര്യവൽകരിക്കുമെന്ന് നിർമല സീതാരാമൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ബാങ്കുകളേതൊക്കെയെന്ന് കേന്ദ്രം സൂചിപ്പിച്ചിട്ടില്ല.

സിഎസ്ബി ബാങ്കുമായി ലയനമോ?
 

ഐഡിബിഐ ബാങ്കോഹരികൾ ഏറ്റെടുക്കാൻ സജീവമായി രംഗത്തുള്ളത് ഫെയർഫാക്സാണ്. തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്‍റെ പ്രധാന പ്രൊമോട്ടർമാരാണ് ഫെയർഫാക്സ്. 2018ലാണ് സിഎസ്ബി ബാങ്കിന്‍റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്സ് ഏറ്റെടുത്തത്. 2019ൽ സിഎസ്ബി ബാങ്കിന്‍റെ ഐപിഒ വേളയിൽ ഓഹരി പങ്കാളിത്തം 49.72 ശതമാനമായി കുറച്ചു. കഴിഞ്ഞമാസം 9.72 ശതമാനം ഓഹരികൾ കൂടി വിറ്റഴിച്ചതോടെ നിലവിൽ ഓഹരി പങ്കാളിത്തം 40 ശതമാനമാണ്.

csb

ഇത് ഘട്ടംഘട്ടമായി 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് റിസർവ് ബാങ്കിന്‍റെ ചട്ടം. ഐഡിബിഐ ബാങ്കിനെയും ഫെയർഫാക്സ് ഏറ്റെടുത്താൽ, സിഎസ്ബി ബാങ്കുമായി ലയിപ്പിക്കേണ്ടി വരും. കാരണം, ഒരാൾക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രൊമോട്ടർമാരായിരിക്കാൻ റിസർവ് ബാങ്കിന്‍റെ ചട്ടം അനുവദിക്കുന്നില്ല. അതേസമയം, ലയനത്തിന് സാങ്കേതിക തടസ്സങ്ങളും നേരിട്ടേക്കാം. ഐഡിബിഐ ബാങ്ക് ഉപയോഗിക്കുന്നത് ഫിനക്കിൾ എന്ന സോഫ്റ്റ് വെയറും സിഎസ്ബി ബാങ്കിന്‍റേത് ഓറക്കിളുമാണ്. വ്യത്യസ്ത സോഫ്റ്റ് വെയറുകൾ ആയതിനാൽ കോർ ബാങ്കിംഗ് സംവിധാനം ലയിപ്പിക്കുക പ്രയാസമാണ്.

English Summary:

The central government and LIC are poised to sell their substantial stakes in IDBI Bank, which could raise up to Rs 29,000 crore.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com