എസ്ബിഐക്ക് 17,035 കോടി രൂപ ലാഭം; കിട്ടാക്കടം കുറഞ്ഞു, പലിശ വരുമാനം കൂടി
Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 17,035 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിലെ 16,884.29 കോടി രൂപയേക്കാൾ 0.9 ശതമാനമാണ് വളർച്ച. കഴിഞ്ഞപാദത്തിൽ വായ്പകളിൽ നിന്ന് ബാങ്ക് നേടിയ പലിശ വരുമാനം 1.11 ലക്ഷം കോടി രൂപയാണ്. നിക്ഷേപങ്ങൾക്കുള്ള പലിശയിനത്തിൽ 70,401 കോടി രൂപ ബാങ്കിന് ചെലവായി. അതായത്, അറ്റ പലിശ വരുമാനം (NII) 41,125 കോടി രൂപ. ഇത് കഴിഞ്ഞവർഷത്തെ സമാനപാദത്തിലെ 38,905 കോടി രൂപയേക്കാൾ 5.71 ശതമാനം കൂടുതലാണ്.
കിട്ടാക്കടം താഴേക്ക്
ബാങ്കിന്റെ ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ അറ്റ പലിശ മാർജിൻ (NIM) 3.33 ശതമാനത്തിൽ നിന്ന് 3.22 ശതമാനത്തിലേക്ക് കുറഞ്ഞു. പ്രവർത്തനലാഭം 4.55 ശതമാനം വർധിച്ച് 26,449 കോടി രൂപയായിട്ടുണ്ട്. 38.12 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ ആകെ വായ്പകൾ; വളർച്ച 15.39 ശതമാനം. നിക്ഷേപം 8.18 ശതമാനം ഉയർന്ന് 49.01 ലക്ഷം കോടി രൂപയായി.
വായ്പകളുടെ കിട്ടാക്കട നിരക്കായ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) അനുപാതം 2.76 ശതമാനത്തിൽ നിന്ന് 2.21 ശതമാനത്തിലേക്ക് കുറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ഇത് 2.24 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി (NNPA) വാർഷികാടിസ്ഥാനത്തിൽ നിന്ന് 0.71 ശതമാനത്തിൽ നിന്ന് 0.57 ശതമാനത്തിലേക്ക് കുറഞ്ഞു. മാർച്ച് പാദത്തിലും ഇത് 0.57 ശതമാനം തന്നെയായിരുന്നു.
25,000 കോടി സമാഹരിക്കും
കടപ്പത്രങ്ങൾ (Bonds issue) വഴി 25,000 കോടി രൂപവരെ സമാഹരിക്കാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ 1.73 ശതമാനം താഴ്ന്ന് 847.75 രൂപയിലാണ് ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും (ശനി) നാളെയും (ഞായർ) ഓഹരി വിപണിക്ക് അവധിയായതിനാൽ, തിങ്കളാഴ്ചയേ ജൂൺപാദ പ്രവർത്തനഫലം സംബന്ധിച്ച ചലനങ്ങൾ ഓഹരി വിലയിൽ പ്രതിഫലിക്കൂ.