ഐപിഒ ഒഴിവാക്കാൻ ടാറ്റാ സൺസ്; പച്ചക്കൊടി വീശി റിസർവ് ബാങ്ക്? വഴിമാറുന്നത് ബമ്പർ ഓഹരി വിൽപന
Mail This Article
ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ (Tata Sons) പ്രാരംഭ ഓഹരി വിൽപന (IPO) നടന്നേക്കില്ല. പ്രവർത്തനഘടന പുന%ക്രമീകരിച്ച്, ഐപിഒ നിബന്ധനയിൽ നിന്ന് പുറത്തുകടക്കാനുള്ള ടാറ്റാ സൺസിന്റെ നീക്കത്തിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യ സാക്ഷിയാകേണ്ടിയിരുന്ന ഒരു ബമ്പർ ഐപിഒയാണ് ഇതുവഴി ഒഴിവാകുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിലെ കണക്കുപ്രകാരം ഏകദേശം 11 ലക്ഷം കോടി രൂപയായിരുന്നു ടാറ്റാ സൺസിന്റെ മൂല്യം. അതുപ്രകാരം 5 ശതമാനം ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിച്ചാൽ പോലും അത് ഏകദേശം 55,000 കോടി രൂപ മതിക്കുമായിരുന്നു. 2022ൽ എൽഐസി നടത്തിയ 21,500 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്. ഹ്യുണ്ടായ് ഇന്ത്യയിൽ 25,000 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നുണ്ട്.
എന്തുകൊണ്ട് ടാറ്റാ സൺസ് ഐപിഒ നടത്തണം?
റിസർവ് ബാങ്ക് പുറത്തുവിട്ട എൻബിഎഫ്സികളുടെ (ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ) പട്ടികയിൽ അപ്പർ-ലെയർ വിഭാഗത്തിലാണ് ടാറ്റാ സൺസ് ഉള്ളത്. അപ്പർ-ലെയറിലെ കമ്പനികൾ മൂന്ന് വർഷത്തിനകം ഐപിഒ നടത്തണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഇതുപ്രകാരം 2025 സെപ്റ്റംബറിനകം ടാറ്റാ സൺസ് ഐപിഒ നടത്തണം.
എന്തുകൊണ്ട് ഐപിഒ വേണ്ട?
ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, മുൻ ചെയർമാൻ രത്തൻ ടാറ്റ എന്നിവർക്ക് ടാറ്റാ സൺസിന്റെ ഐപിഒ നടത്താൻ താൽപര്യമില്ലെന്നാണ് സൂചനകൾ. ഏത് വിധേനയും ഐപിഒ ഒഴിവാക്കാനുള്ള ശ്രമത്തിലുമാണ് ടാറ്റാ സൺസ്. ഇതിന്റെ ഭാഗമായാണ് പ്രവർത്തനഘടന പരിഷ്കരിച്ച്, അപ്പർ-ലെയറിൽ നിന്ന് പുറത്തുകടക്കാനുള്ള നീക്കം. ഇത് സംബന്ധിച്ച പദ്ധതിക്ക് റിസർവ് ബാങ്ക് അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം റിസർവ് ബാങ്കോ ടാറ്റാ സൺസോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എങ്ങനെ ഐപിഒ ഒഴിവാക്കും?
കടബാധ്യത പൂജ്യമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇതിന് ആവശ്യമാണ്. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുപ്രകാരം ഏകദേശം 15,200 കോടി രൂപയുടെ അറ്റ കടം (net debt) ടാറ്റാ സൺസിനുണ്ടായിരുന്നു. ഇത് 100 കോടി രൂപയ്ക്ക് താഴെയായി നിലനിർത്തിയാലും അപ്പർ-ലെയർ ശ്രേണിയിൽ നിന്ന് പുറത്തുകടന്ന്, ഐപിഒ നിബന്ധന മറികടക്കാം.
കടം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി മാർച്ചിൽ ടിസിഎസിന്റെ 9,000 കോടിയോളം രൂപ മതിക്കുന്ന ഓഹരികൾ ടാറ്റാ സൺസ് ബ്ലോക്ക് ഡീലിലൂടെ വിറ്റിരുന്നു. 2017ലാണ് ടാറ്റാ സൺസ് പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ നിന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത്.
ഏകദേശം 16 ലക്ഷം കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളിലായി ടാറ്റാ സൺസിനുള്ള നിക്ഷേപമൂല്യം. അൺലിസ്റ്റഡ് കമ്പനികളിൽ 1-2 ലക്ഷം കോടി രൂപയും. ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റിന്റെ കൈവശമാണ്. രത്തൻ ടാറ്റാ നിലവിൽ ടാറ്റാ സൺസിന്റെ ചെയർമാൻ എമരിറ്റസുമാണ്.