ADVERTISEMENT

പണം അയക്കുമ്പോൾ മറ്റൊരാൾക്ക് മാറി അയച്ചാലുള്ള നൂലാമാല ചില്ലറയല്ലെന്ന് അത്തരം അമളികൾ പറ്റിയവർക്ക് അറിയാം. യുപിഐ, ഐഎംപിഎസ് എന്നിവ വഴി പണം അയക്കുമ്പോൾ നിലവിൽ, പണം നേടുന്നയാളുടെ പേര് ഉൾപ്പെടെ കാണാനാകും. ഇത് തട്ടിപ്പും തെറ്റായ പണമയക്കലും തടയാൻ സഹായകവുമാണ്. ഇതേ സൗകര്യം റിയൽടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിലും (RTGS) നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും (NEFT) അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ഇടപാടുകാരിൽ നിന്ന് വൻതോതിൽ ആവശ്യം ഉയർന്നത് പരിഗണിച്ചാണിത്. ആർക്കാണോ പണം അയക്കേണ്ടത്, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ് കോഡും സമർപ്പിച്ചാൽ ഇനി പേരും തെളിയും. പണം യഥാർഥ്യത്തിൽ ഉദ്ദേശിച്ചയാൾക്ക് തന്നെയാണ് അയക്കുന്നതെന്ന് ഇതിലൂടെ ഉറപ്പാക്കാം. പണമിടപാട് സൗകര്യങ്ങളിന്മേൽ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കാനും ഇതു സഹായിക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു. 

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പണം കൈമാറാവുന്ന ഇലക്ട്രോണിക് പണമിടപാട് സൗകര്യങ്ങളാണ് ആർടിജിഎസും എൻഇഎഫ്ടിയും. രണ്ടുലക്ഷം രൂപവരെയുള്ള തുകകൾ അയ്ക്കാൻ എൻഇഎഫ്ടി ഉപയോഗിക്കാം. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ഈ സേവനം ലഭിക്കും. ഇടപാടുകൾക്ക് ഫീസുണ്ട്. ഇത് ഓരോ ബാങ്കിലും വ്യത്യസ്തമാണ്.

രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള ഇടപാടുകൾക്കാണ് ആർടിജിഎസ് ഉപയോഗിക്കുന്നത്. ഇതിനും ബാങ്കുകൾ ഫീസ് ഈടാക്കും. തൽസമയം പണം അയ്ക്കാവുന്ന മറ്റൊരു സൗകര്യമാണ് ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് അഥവാ ഐഎംപിഎസ്. മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ്, എസ്എംഎസ് തുടങ്ങിയ വഴികളിലൂടെ ഐഎംപിഎസ് സേവനം പ്രയോജനപ്പെടുത്താം. ഒരു രൂപ മുതൽ 5 ലക്ഷം രൂപവരെ അയക്കാൻ ഈ 24*7 സേവനം ഉപയോഗിക്കാം.

English Summary:

You will soon see beneficiary names while transferring funds with NEFT and RTGS. No More Wrong Transfers: RTGS & NEFT to Display Recipient Names Like UPI.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com