ലൈസൻസ് ഇല്ലാതെയും സംരംഭം തുടങ്ങാം
Mail This Article
കേരളത്തിൽ സംരംഭം തുടങ്ങാനുള്ള കടമ്പകൾ ഇനി കുറയും. ഇത് ലഘൂകരിക്കാനുള്ള ബില്ല് നിയമസഭ പാസ്സാക്കി. ഈ ആക്ടിന് 2019–ലെ കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് എന്നാണ് പേര്.
10 കോടി രൂപ വരെ മിഷ്യനറിയിലും ഉപകരണങ്ങളിലും മുടക്കുമുതലുള്ള സംരംഭങ്ങൾക്ക് ലൈസൻസുകളും, അനുവാദങ്ങളും അംഗീകാരങ്ങളും, ക്ലിയറൻസുകളും, രജിസ്ട്രേഷനുകളും ഇല്ലാതെ സംരംഭം ആരംഭിക്കാം. മൂന്നു വർഷക്കാലം തുടർന്നു നടത്താനും അനുവാദമുണ്ട്. മൂന്നു വർഷം കഴിഞ്ഞാൽ ആറു മാസത്തിനകം നിയമ പ്രകാരമുള്ള എല്ലാ അംഗീകാരങ്ങളും വാങ്ങണം.
എന്നാൽ 2008–ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഭൂമി ഉപയോഗിക്കാൻ കൈപ്പറ്റ് സാക്ഷ്യപത്രം ലഭിക്കില്ല. 2016 ലെ കേരള നഗരഗ്രാമ ആസൂത്രണ നിയമ പ്രകാരം വിജ്ഞാപനം ചെയ്ത മാസ്റ്റർ പ്ലാൻ പ്രാബല്യത്തിലുള്ളിടത്ത് ഭൂവിനിയോഗത്തിൽ നിന്നു വ്യതിചലിച്ചു ആ ഭൂമി ഉപയോഗിക്കാനും പാടില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽ വരുന്ന സംരംഭങ്ങൾക്ക് ഈ നിയമം വഴി യൂണിറ്റ് ആരംഭിക്കാനാവില്ല.
സ്വയം സാക്ഷ്യപത്രം
സംരംഭം ആരംഭിക്കുന്ന സംരംഭകൻ സ്വയം സാക്ഷ്യപത്രം ജില്ലയിലെ ‘‘കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡിനു നൽകണം. ജില്ലാതല ബോർഡിന്റെ കൺവീനർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ്. അപേക്ഷ ലഭിച്ചാൽ ജില്ലാ ബോർഡ് ‘‘കൈപ്പറ്റു സാക്ഷ്യ പത്രം’’ നൽകും. മൂന്നു വർഷമാണ് കാലാവധി.
വ്യവസായ സ്ഥാപനം നോഡൽ ഏജൻസിക്ക് നൽകിയിട്ടുള്ള സ്വയം സാക്ഷ്യപത്രത്തിലെ ഏതെങ്കിലും നിബന്ധനകളോ, ഉപാധികളോ ലംഘിച്ചിട്ടുണ്ടെന്ന് നോഡൽ ഏജൻസി കണ്ടാൽ സ്ഥാപനത്തിന് നോട്ടീസ് നൽകും. അതിന് വ്യവസായ സ്ഥാപനം നൽകുന്ന മറുപടി മതിയായതല്ലെങ്കിൽ വ്യവസായ സ്ഥാപനത്തിനു മേൽ അഞ്ചു ലക്ഷം രൂപയിൽ കവിയാതെയുള്ള ഒരു തുക പിഴയായി ചുമത്തും.
പുതിയ ആക്ട് വഴി താഴെ പറയുന്ന 6 നിയമങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
1. 1994 –ലെ കേരള പഞ്ചായത്ത് രാജ് ആക്ട് (1994–ലെ 13)
2. 1994 –ലെ കേരള മുൻസിപ്പാലിറ്റി ആക്ട് (1994 –ലെ 20)
3. 1960 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും ആക്ട് (1960–ലെ 34)
4. 2013–ലെ കേരള ലിഫ്റ്റുകളും എസ്കലേറ്ററുകളും ആക്ട് (2013 –ലെ 18)
5. 1955–ലെ ട്രാവൻകൂർ –കൊച്ചിൻ പബ്ളിക് ഹെൽത്ത് ആക്ട് (1955–ലെ 16)
6. 1939 –ലെ മദ്രാസ് പബ്ളിക് ഹെൽത്ത് ആക്ട് (1939 ലെ 3)
നോഡൽ ഏജൻസിയുടെ തീരുമാനം ബുദ്ധിമുട്ടായാൽ അത് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം അധികാരിക്ക് മുൻപാകെ അപ്പീൽ സമർപ്പിക്കാം.30 ദിവസത്തിനുള്ളിൽ അപ്പീൽ തീർപ്പാക്കണം. ഈ നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ തയാറാകുന്നതേയുള്ളു.