‘കൂൾ’ വിജയം കൂൺ കൃഷി
Mail This Article
ഇന്റർനെറ്റിനെയും യൂട്യൂബിനെയും ആശ്രയിച്ച് വളർന്നു വന്നൊരു യുവസംരംഭകനാണ് പിറവം സ്വദേശി ജിത്തു. കൂൺ ഉൽപാദനത്തിലും വിപണനത്തിലുമാണ് ഇദ്ദേഹം വിജയം ഉറപ്പിച്ചിരിക്കുന്നത്.
‘‘വീട്ടിൽ പണ്ടുകാലം തൊട്ടേ കൃഷിയും അനുബന്ധ മേഖലയിലെ പ്രവർത്തനങ്ങളും ഉണ്ടായിരുന്നുവെങ്കിലും എനിക്ക് കൂണിനോടായിരുന്നു കൗതുകം. ഇന്റർനെറ്റിൽ കണ്ടാണ് പഠിച്ചത്. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത് കുപ്പിയിൽ കൂൺ വളർത്തുന്ന ഒരു വിഡിയോ കണ്ട് അതിന്റെ പിന്നാലെ പോയി. വിത്ത് സംഘടിപ്പിച്ചു സ്വന്തം ബെഡ്റൂമിൽ തന്നെ കൂൺ കൃഷി തുടങ്ങി. നോക്കി നിൽക്കുമ്പോൾ കൂൺ വളർന്നു വളർന്നു വരും. അതു കാണുന്നൊരു കൗതുകമാണ് കൂൺ കൃഷി തുടങ്ങാൻ പ്രേരണയായത്.’’
എംഎസ്ഡബ്ല്യു ബിരുദധാരിയായ ജിത്തു കൂൺ കൃഷിയെയും ഒരു സാമൂഹിക പ്രവർത്തനമായാണ് കാണുന്നത്.
‘‘നല്ല ഭക്ഷണം ജനങ്ങളുടെ അവകാശമാണ്. ശുദ്ധവും പ്രകൃതിജന്യവുമായ ഭക്ഷ്യവസ്തുവാണ് കൂൺ. യാതൊരു വിധത്തിലുള്ള വളപ്രയോഗങ്ങളോ മാലിന്യങ്ങളോ ഇതിൽ കലരുന്നില്ല. ഒരു വ്യക്തി എന്ന നിലയിൽ എനിക്കുള്ള സാമൂഹിക പ്രതിബദ്ധത കൂടിയാണ് ഇത്തരമൊരു സംരംഭത്തിലൂടെ നിറവേറ്റപ്പെടുന്നത്. അതിൽ അഭിമാനവുമുണ്ട്.’’ഇരുത്തം വന്നൊരു സംരംഭകനെ പോലെ ജിത്തു പറയുന്നു.
ഏകദേശം ഒൻപതു വർഷമായി ഈ മേഖലയെക്കുറിച്ച് ജിത്തു പഠിക്കാൻ തുടങ്ങിയിട്ടെങ്കിലും ഒരു സംരംഭം എന്ന നിലയിൽ കൂൺ കൃഷിക്ക് തുടക്കമിട്ടിട്ട് 4–5 വർഷമേ ആകുന്നുള്ളൂ. ആദ്യകാലത്ത് പിറവത്തും പരിസര പ്രദേശത്തുമുളള കടകളിലായിരുന്നു വിതരണം ചെയ്തിരുന്നത്. ഇക്കാലത്ത് വിപണിക്കൊപ്പം ഉൽപന്നത്തിന്റെ ഗുണവ്യത്യാസങ്ങളെ ഒരു വിദ്യാർഥിയുടെ കൗതുകത്തോടെ പഠിച്ചെടുത്തു.
അത് സംരംഭത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായകരമായി. ഇന്ന് പിറവത്തുനിന്നു കൊച്ചി നഗരത്തിന്റെ കിഴക്കൻ കവാടമായ തൃപ്പൂണിത്തുറ വരെ നീളുന്ന വിപണന– വിതരണ ശൃംഖലയുണ്ട് ജിത്തുവിന്റെ ‘ലീനാസ് മഷ്റൂ’മിന്.
‘‘പുതിയ പരീക്ഷണങ്ങൾക്കും ഒരു സംരംഭകനെന്ന നിലയിലുള്ള വളർച്ചയ്ക്കും യൂട്യൂബും സോഷ്യൽ മീഡിയയും നൽകിയ പിന്തുണ വളരെ വലുതാണ്. പല പുതിയ കാര്യങ്ങളും യൂട്യൂബ് വിഡിയോകളിലൂടെയാണ് ഇപ്പോഴും പഠിച്ചെടുക്കുന്നത്. ലഭ്യമായ വിവരങ്ങൾക്കൊപ്പം സ്വന്തമായ ചില കൂട്ടിച്ചേർക്കലുകൾ കൂടിയാകുമ്പോൾ അതെല്ലാം ഫലം കാണും.’’ ആർക്കും എത്ര ചെറിയ സൗകര്യത്തിലും തുടങ്ങാവുന്ന കൂൺ കൃഷിയിൽ വിജയമുറപ്പിച്ച വഴികൾ ജിത്തു പങ്കുവയ്ക്കുകയാണ്.
പലയിടത്തുനിന്നും വിത്തുകൾ സംഘടിപ്പിച്ച് പലതരം ബെഡുകളിൽ വളർത്തി. നോക്കി. സ്വന്തം ബെഡ്റൂം തന്നെയായിരുന്നു ആദ്യകാലത്തെ പരീക്ഷണശാലയും ഫാമും.
പരിശീലനം കിട്ടും
‘‘കുമരകം കാർഷിക ഗവേഷണശാലയിലെ ഡീൻ എ.വി. മാത്യൂസ് സാർ (ഇപ്പോൾ റിട്ടയർ ചെയ്തു) ചെയ്ത സഹായങ്ങൾ വളരെ വലുതാണ്. എല്ലാ ശനിയാഴ്ചയും അവിടെ കൂൺ കൃഷിയിൽ പരിശീലനമുണ്ട്. അതിൽ പങ്കെടുത്തതു വഴി കിട്ടിയ അറിവുകൾ ലാബ് തയാറാക്കുന്നതിലും ഫാമിങ്ങിലും ഏറെ പ്രയോജനപ്പെട്ടു.’’
പല വേദികളിലും തന്റെ അനുഭവങ്ങൾ പങ്കുവച്ച് കൂൺ കൃഷി തുടങ്ങാനാഗ്രഹിക്കുന്നവർക്കു പിന്തുണ നൽകുന്ന ജിത്തു ഇപ്പോൾ കൃഷിക്കാവശ്യമായ വിത്തുകൾ സ്വന്തം ലാബിൽ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. വിത്തിന്റെ ഗുണം ഉൽപന്നത്തിലും ഉണ്ടാകും. അത് മികച്ചതാകും തോറും ഈ ബിസിനസിൽനിന്നുണ്ടാകുന്ന ലാഭവും വർധിക്കുമെന്ന് ജിത്തു പറയുന്നു.
നിലവിൽ ഒരു ദിവസം ശരാശരി 30–35 കിലോ കൂൺ ഉൽപാദിപ്പിച്ചു വിറ്റഴിക്കാൻ ‘ലീനാസ് മഷ്റൂമി’നു കഴിയുന്നുണ്ട്. 200 ഗ്രാം വീതമുള്ള ബോക്സുകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. ഇതിന് 70–75 രൂപ വിലയുണ്ട്. ഒരു കിലോഗ്രാം കൂണിന് ശരാശരി 350 രൂപയാണ് മാർക്കറ്റ് വില.
സീസൺ പ്രശ്നമല്ല
മുൻപൊക്കെ സീസൺ അനുസരിച്ച് ഉൽപാദിപ്പിക്കുന്ന കൂണിന്റെ അളവിൽ വ്യത്യാസം വരുമായിരുന്നു. ഇന്ന് ആ പ്രശ്നമില്ല. കൃത്യമായ സൗകര്യങ്ങളോടെ തയാറാക്കിയ നിയന്ത്രിത ഊഷ്മാവ് നിലനിർത്തുന്ന ഫാമുകളിൽ വർഷം മുഴുവനും ഏകദേശം ഒരേ രീതിയിൽ തന്നെ ഉൽപാദനം നടക്കുന്നു. അതുപോലെ ഒരു ഫാം ഹൗസിൽ സ്ഥാപിക്കുന്ന ബെഡുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്.
കുറഞ്ഞ സൗകര്യത്തിൽ കൂടുതൽ ബെഡുകൾ സ്ഥാപിച്ച് പരമാവധി നേട്ടം കൊയ്യാനുള്ള സംവിധാനമാണ് ജിത്തു തന്റെ ഫാം ഹൗസിൽ ഒരുക്കിയിരിക്കുന്നത്. സാധാരണഗതിയിൽ 1000 ബെഡുകൾ ഇടുന്ന സ്ഥലത്ത് തന്റെ ഫാമിൽ 5000 ബെഡുകൾ ജിത്തു ഉൾക്കൊള്ളിച്ചിട്ടുണ്ട്. യൂട്യൂബ് തന്നെയാണ് ഇക്കാര്യത്തിലും സഹായിച്ചതെന്ന് ജിത്തു പറയുന്നു.
വൈക്കോൽ, വാഴയുടെ ഉണങ്ങിയ ഇലയും തണ്ടും (വാഴക്കച്ചി), കരിമ്പിൻ ചണ്ടി, അറക്കപ്പൊടി തുടങ്ങിയവയൊക്കെ കൂൺ വളർത്താനുള്ള മീഡിയമായി ഉപയോഗിക്കാം.
കുറഞ്ഞ കൃഷിച്ചെലവ്
മൃദുത്വവും ലഭ്യതയും മുൻനിർത്തി ജിത്തു ഉപയോഗിക്കുന്നത് റബർത്തടിയുടെ അറക്കപ്പൊടിയാണ്. തടി അറക്കുന്ന ദിവസം തന്നെ അതു ശേഖരിച്ച് അണുവിമുക്തമാക്കി വിത്തു പാകി ബെഡുകളാക്കും. വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നതുകൊണ്ട് ഒരു ബെഡ് തയാറാക്കാൻ ഏകദേശം 20 രൂപയേ ചെലവു വരൂ.
മിൽക്കി, ഓയിസ്റ്റർ എന്നിങ്ങനെ രണ്ടു തരം കൂണുകളാണ് നമ്മുടെ നാട്ടിൽ കൂടുതലും കൃഷി ചെയ്തുവരുന്നത്. യഥാക്രമം വേനൽക്കാലത്തും മഴക്കാലത്തും ഇവ മാറി മാറി െചയ്താൽ ഉയർന്ന ഉൽപാദനം ഉറപ്പാക്കാം. എന്നാൽ ഫാമിൽ ഊഷ്മാവ് ഏതു സീസണിലും കൃത്യമായി ക്രമീകരിക്കാമെന്നു വന്നതോടെ ഓയിസ്റ്റർ കൂണുകൾ കൂടുതലായി ചെയ്യുന്നു. ജിത്തുവും ഓയിസ്റ്റർ തന്നെയാണ് ചെയ്യുന്നത്.
ഏതാനും അയൽവാസികളും അമ്മ ലീന തോമസും ജിത്തുവിനൊപ്പമുണ്ട്. ലാബിലെ ടിഷ്യൂകൾച്ചർ ജോലികളൊക്കെ അമ്മയ്ക്കുമറിയാം. ഏറെ സാങ്കേതിക അറിവുകളൊന്നും ഇതിനു വേണ്ടെന്ന് ജിത്തു പറയുന്നു. ബെഡ് തയാറാക്കാനും കൂൺ പായ്ക്ക് ചെയ്യാനുമൊക്കെയാണ് അയൽവാസികളുടെ സഹായം.
അടുത്ത വര്‍ഷത്തോടെ പ്രതിദിന ഉൽപാദനം 100 കിലോയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ജിത്തു. ഇതിനായി 5000 ബെഡുകൾ വീതമുള്ള പുതിയ 4 ഫാം ഹൗസുകൾ കൂടി തയാറാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വീട്ടിലെ ഒരു മുറിയിലോ മട്ടുപ്പാവിലോ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി ഉയർന്ന ലാഭം നേടാൻ കഴിയുന്ന കൂൺ കൃഷിയിലൂടെ ഈ യുവസംരംഭകൻ നേടിയ വിജയം സംരംഭകരംഗത്ത് വളരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം മികച്ചൊരു മാതൃകയാണ്.
തുടക്കം എങ്ങനെ വേണം?
വളരെ സിംപിളായ കൃഷിയാണ് കൂൺ കൃഷി. നല്ല ലാഭവുമുണ്ട്. പക്ഷേ, തുടക്കം വലിയ തോതിൽ വേണ്ട. ആദ്യം ഏതെങ്കിലും നല്ലൊരു സ്ഥാപനത്തിൽ പോയി പരിശീലനം നേടുക. അതോടൊപ്പം സ്വന്തം നിലയിലും ഈ കൃഷിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കണം.
പിന്നീട് കുറച്ചു നല്ല വിത്തു ശേഖരിച്ച് സ്വന്തമായി ബെഡ് തയാറാക്കി കൃഷി ചെയ്തു തുടങ്ങാം. ആദ്യത്തെ ആറു മാസത്തോളം സ്വന്തം ആവശ്യത്തിനു കൂൺ കൃഷി ചെയ്യുന്നുവെന്നു വിചാരിച്ചാൽ മതി. കുറച്ച് ബെഡുകളിൽ വീട്ടിലെ ഏറ്റവും ചൂടുകുറവുള്ള ഭാഗത്ത് കൃഷി തുടങ്ങാം.
ഓരോ ഘട്ടത്തിലെയും പോരായ്മകളും പ്രതിസന്ധികളും മനസ്സിലാക്കാനും അതെല്ലാം പരിഹരിച്ച് മുന്നേറാനും ഈ കാലഘട്ടം സഹായിക്കും. ആത്മവിശ്വാസമാർജിച്ചു കഴിഞ്ഞാൽ പതിയെ ബെഡുകളുടെ എണ്ണം വർധിപ്പിക്കാം, സമീപത്തുള്ള കടകളിലൊക്കെ വിറ്റു തുടങ്ങാം. അങ്ങനെ പതിയെപ്പതിയെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനവും വിപണനവും തുടങ്ങാം.