ADVERTISEMENT

ഏറ്റവും മികച്ച നൂറു ഏഷ്യന്‍ അമേരിക്കക്കാരുടെ പട്ടികയില്‍ 'കേരളത്തില്‍ ' നിന്നൊരു വനിത സ്ഥാനം പിടിച്ചിരിക്കുന്നു. സോഫ്റ്റ് വെയര്‍ വിദഗ്ധയായ റീമ പൊദ്ദാര്‍ ആണ് മലയാളികള്‍ക്കാകെ അഭിമാനകരമായ ഈ നേട്ടം കയ്യെത്തി പിടിച്ചിരിക്കുന്നത്.

ലോകത്ത് മികച്ച  വിജയം കൈവരിക്കുന്നവരെ  ആദരിക്കുന്ന പ്രമുഖ അമേരിക്കന്‍ പ്ലാറ്റ്‌ഫോമായ ദി ബോര്‍ഡ്  ഐക്യു ആദ്യമായി അവതരിപ്പിച്ച 'The Hall of  fame  Asian American Top 100' പട്ടികയിലാണ് റീമ സ്ഥാനം കയ്യടക്കിയത്.  ഇന്ദ്ര നൂയി,സത്യ നദല്ല, സുന്ദര്‍ പിച്ചെ  എന്നിവര്‍ക്ക് ഒപ്പമാണ് റീമ ഈ വിഖ്യാത സദസില്‍ ഇടം നേടിയത് എന്നതും ഈ നേട്ടത്തിനു പത്തരമാറ്റ് തിളക്കം നല്‍കുന്നു.
 ഇതാദ്യമായല്ല റീമയെ തേടി ലോകോത്തര അംഗീകാരങ്ങള്‍ എത്തുന്നത്. 2019 ല്‍  അമേരിക്കന്‍  ടെക്‌നോളജി രംഗത്തെ ഏറ്റവും ശക്തരായ  50 വനിതകളില്‍ ഒരാളായി റീമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.യുഎസ്് നാഷണനല്‍ ഡൈവേഴ്‌സിറ്റി കൗണ്‍സിലിന്റെ ഈ അവാര്‍ഡ് മുന്‍ അമേരിക്കന്‍ പ്രസിഡന്‌റ് ബാരക് ഒബാമായാണ് റീമയ്ക്ക്‌സമ്മാനിച്ചത്. അമേരിക്കയിലെ പ്രശസ്തമായ സാന്റിയാഗോ മാഗസിന്‍ ടോപ് ഫൈവ് ബിസിനസ് വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കുകയും കവര്‍ പേജില്‍ ഫീച്ചര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

reema-1

 

തനികൊച്ചിക്കാരി

Reema-2

ജന്മം കൊണ്ട്  മലയാളി അല്ലെങ്കിലും ജീവിതം കൊണ്ടു  നൂറു ശതമാനം മലയാളിയാണ് റീമ.  ബംഗാളിയായ രാമന്‍ പൊദ്ദാറിനും ആന്ധ്രക്കാരിയായ ലക്ഷ്മി പൊദ്ദാറിനും ജനിച്ച മലയാളിയായ മകളാണ് റീമ എന്നു പറയാം. ചെറുപ്രായം മുതല്‍ കൊച്ചിയില്‍ വളര്‍ന്ന റീമയ്ക്ക്  മലയാളം സംസാരിക്കാന്‍ മാത്രമല്ല നന്നായി എഴുതാനും വായിക്കാനും അറിയാം. സെന്റ്് തേരാസസ് സ്‌കൂളിലെ പഠന ശേഷം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടി. കോട്ടയം ബിഎംഎസ് കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദാനന്ദര ബിരുദവും. തുടര്‍ന്ന്  ബാംഗൂര്‍ ബിഎംഎസ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്നും എംസിഎ എടുത്തശേഷം ആണ് അമേരിക്കന്‍ ഐടി രംഗത്തെത്തിയത്. തിരുവനന്തപുരം  സ്വദേശിയായ  കിരണ്‍ കൃഷ്ണനാണ്  ജീവിതപങ്കാളി

 
ജി ഇ യുടെ നേതൃനിരയിൽ

നിലവില്‍ ഒട്ടേറേ സ്റ്റാര്‍ട്ട് അപ്പുകളുടെ അഡൈ്വസറും ബോര്‍ഡ് അംഗവുമായി സേവനം അനുഷ്ഠിക്കുന്നു ഈ 53കാരി. ഈയടുത്ത നാളുകള്‍ വരെ  പ്രമുഖ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ ടെറാഡേറ്റ കോര്‍പ്പറേഷന്റെ ചീഫ് പ്രോഡക്ട് ഓഫീസറും സെക്ഷന്‍ 16 ഓഫീസറുമായിരുന്നു. കമ്പനിയില്‍ ആ പദവികളിലെത്തുന്ന ആദ്യവനിതയാണിവര്‍. ലോകത്തെ ഏറ്റവും മുന്‍നിര കമ്പനിയായ ജനറല്‍ ഇലക്ട്രിക് (ജിഇ) ൽ വിവിധ എക്‌സിക്യൂട്ടീവ് പദവികള്‍ അലങ്കരിച്ചിട്ടുണ്ട് റീമ. നേതൃത്വ മികവുകള്‍ സ്വായത്തമാക്കിയത് ജിഇയില്‍ നിന്നാണെന്നും റീമ പറയുന്നു.
ബിഗ് ഡേറ്റ അനലിസ്റ്റിക്‌സ്, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് സര്‍വീസസ്, ഇന്‍ഡസ്ട്രസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയിലെല്ലാം ഇന്നു ലോകത്തെ തന്നെ ഏറ്റവും ആധികാരിക  ശബ്ദമാണ് റീമയുടേത്
ലോകമെമ്പാടും ഡിജിറ്റല്‍ വിപ്ലവത്തിനു വേഗത കൂട്ടുന്നതിലും  ഉപഭോക്താക്കള്‍ക്ക് മികച്ച സേവന അനുഭവം ഉറപ്പാക്കുന്നതിലും നിര്‍ണായ പങ്കാണ് റീമ  വഹിച്ചുകൊണ്ടിരിക്കുന്നത്.  ഒപ്പം ടെക്‌നോളജി രംഗത്തെ സംരംഭങ്ങളുടെ  ഉല്‍പദാന ക്ഷമതയും പ്രവര്‍ത്തന മികവും മെച്ചപ്പെടുത്തുന്നതിലും വലിയ സംഭവനയും നല്‍കുന്നു.

 

റോള്‍ മോഡലായ ഇന്ദ്രനൂയിക്കൊപ്പം  പട്ടികയില്‍ ഇടം  പിടിച്ചതിന്റെ സര്‍പ്രൈസിലാണ് റീമയിപ്പോള്‍. അതു ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അംഗീകാരവും അനുഗ്രഹവുമാണ്. തനിക്കു ഒരിക്കലും അവര്‍ക്കൊപ്പം എത്താന്‍ കഴിയില്ലെന്ന തിരിച്ചറിവുണ്ടെന്നും അതു തന്നെ കൂടുതല്‍ വിനയവതിയുമാക്കുന്നുവെന്നും റീമ തുറന്നു പറയുന്നു. 'മാതാപിതാക്കളും സഹോദരി റീനയും പകര്‍ന്നു തന്ന സ്‌നേഹവും ജീവിതമൂല്യങ്ങളുമാണ് എല്ലാ വിജയങ്ങള്‍ക്കും അടിസ്ഥാനം. ഒപ്പം എന്നെ ഏറ്റവും നന്നായി മനസിലാക്കി, ഏറ്റവും മികച്ചകൂട്ടുകാരനായി എന്നും എപ്പോളും കൂടെനില്‍ക്കുന്ന  ജീവിതപങ്കാളിയുടെ പിന്തുണയും'. ശ്ലോക്  എന്ന മകനും കൂടി അടങ്ങുന്നതാണ്  റീമ -കിരണ്‍ ദമ്പതികളുടെ കുടുംബം.

English Summary : Kerala Woman Software Expert got Prestigious Recognition in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com