ട്രംപിന്റെ തുടർച്ചയോ ബൈഡനും? ലോക വ്യാപാരത്തിന്റെ ഗതി മാറുമോ?
Mail This Article
അമേരിക്കയുടെ വ്യാപാര സംരക്ഷണ നയങ്ങൾ ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. സബ്‌സിഡികൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് സൗജന്യ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരികയും, ഇറക്കുമതി പരിമിതിപ്പെടുത്തുകയും ചെയ്തു. ആഗോളവൽക്കരണത്തിനുപകരം പ്രാദേശികവൽക്ക ണത്തിലൂന്നിയ നയങ്ങൾ രാജ്യങ്ങൾ മുന്നോട്ടുവെക്കുവാൻ തുടങ്ങി. അമേരിക്കയുടെ നയങ്ങൾക്ക് തിരിച്ചടികൊടുക്കുവാൻ യൂറോപ്യൻ യൂണിയനും, ചൈനയും ഇന്ത്യയും യുഎസിൽ നിന്ന് നിരവധി ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി. യുഎസിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ, ഉരുക്ക്, സിഗരറ്റ്, മോട്ടോർ സൈക്കിളുകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം 2018 ജൂൺ പകുതി മുതൽ യൂറോപ്യൻ യൂണിയനിൽ 25% അധിക ചാർജ് ഈടാക്കുന്നു. കാനഡയും മെക്സിക്കോയും നിരവധി യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ ഉയർത്തുകയും മറ്റ് രാജ്യങ്ങൾക്കൊപ്പം വ്യാപാര യുദ്ധത്തിൽ പങ്കുചേരുകയും ചെയ്തു.
പിരിമുറുക്കത്തിന് വലിയ കുറവില്ല
ബൈഡന്റെ നേതൃത്വത്തിൽ പുതിയ ഗവർന്മെന്റ് അധികാരത്തിൽ വരുമ്പോൾ വാണിജ്യം മെച്ചപ്പെടുമായിരിക്കും എന്ന പ്രതീക്ഷയുണ്ടെങ്കിലും നവംബര്‍ മാസത്തിൽ 400 കോടി ഡോളറിന്റെ ഇറക്കുമതി തീരുവ അമേരിക്കയിൽ നിന്നുള്ള വസ്തുക്കൾക്ക് യൂറോപ്യൻ യൂണിയൺ ചുമത്തി. ഇതിൽ 15 % ബോയിങ് വിമാനങ്ങൾക്കും, 25 % ട്രാക്ടറുകൾ, കോട്ടൺ, ശീതീകരിച്ച മൽസ്യവിഭവങ്ങൾ എന്നിവയ്ക്കുമാണ്. ട്രംപിന്റെ വ്യാപാര നയങ്ങൾ തന്നെ ബൈഡനും പിന്തുടരുമെന്നാണ് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എങ്കിലും ചില മേഖലകളിൽ ഉഭയകക്ഷി പ്രാധാന്യമുള്ള തീരുമാനങ്ങൾ ഉരുത്തിരിയുവാൻ സാധ്യതയുണ്ട്. ജനുവരിയിൽ അമേരിക്കയും, ചൈനയും, വ്യാപാരയുദ്ധങ്ങൾ മയപ്പെടുത്തുന്നതിനുള്ള ഒരു ആദ്യ ഘട്ട വാണിജ്യ കരാറിൽ ഒപ്പുവെച്ചെങ്കിലും, പിരിമുറുക്കത്തിന് വലിയ കുറവുവന്നില്ല. അമേരിക്കയെ പ്രതികൂലമായി ബാധിച്ച വ്യാപാര നയങ്ങളെ ബൈഡൻ തിരുത്തുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അപൂർവ ധാതുക്കൾക്കായി അമേരിക്ക ഇപ്പോഴും ചൈനയെ ആശ്രയിക്കുന്നുണ്ട്. അമേരിക്കയുടെ കടുത്ത വ്യാപാര നിയന്ത്രങ്ങൾ തുടർന്നാൽ കയറ്റുമതി ചെയ്യുന്ന അപൂർവ ധാതുക്കൾ അമേരിക്കയ്ക്ക് ലഭ്യമല്ലാതാക്കും എന്നൊരു ഭീഷണി ചൈന ഉയർത്തുന്നുണ്ട്. അമേരിക്കയ്ക്കാകട്ടെ ധാതുസമ്പത്തുക്കൾക്കായി ചൈനയെ ആശ്രയിക്കേണ്ടതുണ്ട്. കുറഞ്ഞ ചിലവിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ സുപ്രധാന ധാതുക്കളുടെ കുത്തകാവകാശം ചൈനക്കാണ് .അമേരിക്കയുടെ പല സുപ്രധാന വ്യവസായങ്ങൾക്കും ഉള്ള അസംസ്കൃത വസ്തുക്കൾ ഈ ധാതുക്കളാണ്. 80% ധാതുക്കളുടെ ഇറക്കുമതിയും ചൈനയിൽനിന്നാണുള്ളത് എന്നത് കടുത്ത വ്യാപാര നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് അമേരിക്കക്ക് തടസ്സം സൃഷ്ടിക്കുന്ന ഒരു പ്രധാന ഘടകമാണ്.
പ്രയോജനം കിട്ടിയ രാജ്യങ്ങൾ
കമ്പോളങ്ങളെയും ജനങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും വേർതിരിക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുകളിൽ നിലനിന്നിരുന്ന തുറന്ന മനോഭാവത്തെ തകർക്കാൻ തുടങ്ങിയെങ്കിലും ഇതിൽനിന്നും പ്രയോജനങ്ങൾ കിട്ടിയ രാജ്യങ്ങളാണ് തായ്‌വാൻ, വിറ്റ്‌നാം, മലേഷ്യ, ചിലി, അര്‍ജന്റീന, മെക്സിക്കോ എന്നിവ. യൂറോപ്യൻ യൂണിയനും വ്യാപാര യുദ്ധത്തിൽ പരോക്ഷമായി പ്രയോജനമുണ്ടായി. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞെങ്കിലും, വ്യാപാരം മറ്റു രാജ്യങ്ങളിലേക്ക് വഴിത്തിരിക്കപ്പെട്ടു(trade diversion). നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ കയറ്റുമതി 9 % ഇടിഞ്ഞു. 13 % ഇടിവാണ് ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്.
രാജ്യങ്ങളുടെ സഹകരണം
യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ (UNCTAD ) അവലോകനപ്രകാരം, വിയറ്റ്നാമാണ് ആഗോളതലത്തിൽ മൂന്നാം പാദത്തിൽ ഏറ്റവും ഉയർന്ന വ്യാപാരവളർച്ച നേടുന്ന രാജ്യം. ഇത്രയേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുപോലും ചൈനയും 8.8 % കയറ്റുമതി വളർച്ച കൈവരിച്ചു. ജപ്പാനും, അമേരിക്കയും യൂറോപ്പും കയറ്റുമതിയിൽ തളർച്ച രേഖപ്പെടുത്തി. 2020 ലെ രണ്ടാംപാദത്തിൽ ആഗോള വ്യാപാരം 2019 നെ അപേക്ഷിച്ചു 19 % ഇടിവ് രേഖപ്പെടുത്തി. ഐ.എം ഫി (IMF)ന്റെ അഭിപ്രായപ്രകാരം, രാജ്യാന്തര വ്യാപാരം സ്ഥിരമായ മാന്ദ്യത്തിലേക്കു പോവുകയില്ലെങ്കിലും, ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യങ്ങളുടെ യുക്തിസഹമായ നിയന്ത്രണങ്ങളും, സഹകരണവും, ഏകോപനവും ഉണ്ടെങ്കിൽ മാത്രമേ രാജ്യാന്തര വ്യാപാരം സാധാരണനില കൈവരിക്കുകയുള്ളൂ.
സ്വതന്ത്ര ഗവേഷകയാണ് ലേഖിക
English Summary- What will Happen in World Trade Scnario?