കിസാൻ സമ്മാൻ നിധി ഇ കെ വൈ സി താൽക്കാലികമായി നിർത്തിവച്ചു
Mail This Article
ഒ ടി പി അടിസ്ഥാനമാക്കിയുള്ള ആധാർ പരിശോധന പി എം കിസാൻ പദ്ധതിയിൽ താത്കാലികമായി നിർത്തിവെച്ചു. അർഹരായ കർഷകർക്ക് പി എം കിസാൻ അക്കൗണ്ടിനായി നിർബന്ധിത ഇ കെ വൈസി പൂർത്തിയാക്കാനുള്ള സമയ പരിധി മെയ് 22 വരെ നീട്ടിയിട്ടുണ്ട്. നേരത്തെയുള്ള സമയ പരിധി മാർച്ച് 31 ആയിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം പ്രതിവർഷം 6000 രൂപ മൂന്ന് തുല്യ ഗഡുക്കളായി യോഗ്യരായ കർഷകർക്ക് ലഭിക്കും. ഓരോ നാലാമത്തെ മാസവും, ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായം കൈമാറും. ഇതിനു വേണ്ടിയാണ് നിർബന്ധിത ഇ കെ വൈ സി പരിശോധന വേണമെന്ന് സർക്കാർ നിഷ്കർഷിച്ചിരിക്കുന്നത്. ഇപ്പോൾ ഇ കെ വൈ സി ഓഫ്‌ലൈൻ ആയി പൂർത്തിയാക്കാൻ ബിയോമെട്രിക് പരിശോധനക്കായി കർഷകർ അടുത്തുള്ള പൊതുസേവന കേന്ദ്രം സന്ദർശിക്കണം. ഇതിനായി കർഷകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് കോഡ്, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ നൽകണം. ഇത് കൃത്യമായി സമർപ്പിച്ചാൽ കിസാൻ പദ്ധതിയുടെ പതിനൊന്നാം ഗഡു പ്രകാരമുള്ള തുക അക്കൗണ്ടിൽ വരും. ഗുണഭോക്താവായ കർഷകൻ തെറ്റായ വിവരങ്ങൾ നൽകിയാൽ കൈമാറ്റം ചെയ്ത തുക തിരിച്ചു പിടിക്കുകയും, പിഴ ചുമത്തുകയും ചെയ്യും.
English Summary : PM Kisan Samman Nidhi E KYC SuspendedTemporarily