ADVERTISEMENT

ബേക്കറികളിലെ ചില്ലു കൂട്ടിലിരിക്കുന്ന ഡെയറി മിൽക്കിനെ പേരിനെക്കാൾ വേഗം നിറം കൊണ്ട് തിരിച്ചറിയാം. കോക്ക കോളയുടെ ചുവപ്പ്, ക്യാറ്റർപില്ലറിന്റെ മഞ്ഞ, സ്റ്റാർബക്സ് ലോഗോയിലെ പച്ച, ടിഫാനിയുടെ റോബിൻസ് എഗ് (robin's egg) എന്ന നീല നിറം, ബാർബി പാവകളിലെ പിങ്ക്, ക്രിസ്ത്യൻ ലബോട്ടിൻ (Christian Louboutin) ആഡംബര ചെരുപ്പിന്റെ അടിഭാഗത്തെ ചുവപ്പ് എന്നിവയും ഉദാഹരണങ്ങളിൽ പെടുന്നു. 

തനതു നിറങ്ങളിലൂടെ സ്വന്തം ബ്രാൻഡിനെ മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാക്കാനും ഉപയോക്താവിന്റെ ശ്രദ്ധ വേഗത്തിൽ നേടാനും കഴിയുന്നു. ഭീമൻ ബ്രാൻഡുകളുടെ ഈ ‘കളറാക്കൽ’ തന്ത്രം വേണ്ട മാറ്റങ്ങൾ വരുത്തി ലഘുസംരംഭകർക്കും പരീക്ഷിക്കാം. അതിനുള്ള ചില നിർദേശങ്ങൾ താഴെപ്പറയുന്നു. 

ഏതെങ്കിലും നിറം പോരാ

ലഘുസംരംഭങ്ങളുടെ ലോഗോയുടെയും പാക്കിങ്ങിന്റെയും നിറം തീരുമാനിക്കുന്നത് ഏറ്റവുമടുത്തുള്ള ഗ്രാഫിക് ഡിസൈനർമാരായിരിക്കും. ഇവരിൽ പലർക്കും നിറത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര അറിവുണ്ടാകില്ല. മനുഷ്യന്റെ അവബോധത്തെയും പെരുമാറ്റത്തെയുമെല്ലാം അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കാനുള്ള കഴിവ് നിറങ്ങൾക്കുണ്ട്. അതിനാൽ, ഏതെങ്കിലും നിറമല്ല, സംരംഭത്തിന് അനുയോജ്യമായ നിറം ഗവേഷണത്തിലൂടെയോ വിദഗ്ധ സഹായത്തോടെയോ തിരഞ്ഞെടുക്കുക. 

‘അതു പോലെ’ വേണ്ട

ഒരു ബ്രാൻഡിനോടു ചേർന്നു നിൽക്കുന്ന നിറം നിങ്ങളുടെ ഉൽപന്നത്തിനായി തിരഞ്ഞെടുക്കുമ്പോൾ രണ്ടു വെല്ലുവിളികളുണ്ട്. ഒന്ന്, ട്രേഡ്മാർക്ക് റജിസ്ട്രേഷനുള്ള നിറമാണെങ്കിൽ നിയമപ്രശ്നം ഉണ്ടാകാം. രണ്ട്, മറ്റൊരു ബ്രാൻഡിനെ അനുകരിക്കുന്നു എന്ന തോന്നൽ ഉപയോക്താവിലുണ്ടാകാം. രണ്ടായാലും പ്രശ്‍നം സംരംഭകന്റെ നല്ലപേരിനു തന്നെയാണ്.

aim-2-

ഒരുപാടങ്ങ് ‘കളറാക്കേണ്ട’

കൂടുതൽ നിറം സംയോജിപ്പിച്ച് വ്യത്യസ്തരാകാൻ ശ്രമിക്കുന്നതു മണ്ടത്തരമാണ്. ഇങ്ങനെ ഉപയോഗിച്ചാൽ ഉപയോക്താവിന്റെ മനസ്സിൽ തങ്ങിനിൽക്കില്ല. പ്രഫഷനൽ അല്ല എന്ന തോന്നൽ ഉണ്ടാകാം. അതു കൊണ്ട് നിറം ഓവറാക്കി ചളമാക്കരുത്. 

പെയിന്റിങ്ങിലും ശ്രദ്ധിക്കണം

സ്ഥാപനത്തിന്റെ പെയിന്റ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. ഇവ നൽകുന്ന വ്യത്യാസം തിരിച്ചറിയാൻ റോയൽ എൻഫീൽഡിന്റെയും ആപ്പിളിന്റെയും ഷോറൂം സന്ദർശിച്ച ശേഷം വിലയിരുത്തുക. 

എങ്ങനെ തിരഞ്ഞെടുക്കും?

ഓരോ നിറവും എന്തൊക്കെയാണ് അർഥമാക്കുന്നതെന്നു മനസ്സിലാക്കുക. ഉദാഹരണത്തിന്, ചുവപ്പ്-ആഹ്ലാദം, പച്ച-പ്രകൃതിദത്തം എന്നിങ്ങനെ. ശേഷം സംരംഭത്തിന്റെ ലക്ഷ്യം, ഉപയോക്താക്കൾ ആര് എന്നതുകൂടി വിലയിരുത്തുക. എതിരാളികൾ തിരഞ്ഞെടുത്ത നിറങ്ങളും പഠിക്കണം. എന്നിട്ടു വേണം നമ്മുടെ നിറം തിരഞ്ഞെടുക്കാൻ. കളർ ഹ്യൂസ്, കളർ ഷെയ്ഡ്, കളർ ടിന്റ്, സാച്ചുറേഷൻ, കളർകോഡ് എന്നിവ യഥാക്രമം തിരഞ്ഞെടുക്കുക. ഇതിനായി canva.com പോലെയുള്ള വെബ്സൈറ്റുകൾ ഉപയോഗിക്കുകയോ വിദഗ്ധസഹായം തേടുകയോ ചെയ്യാം .

English Summary: Make Your Brand Colorful and Win Customers

 

 

കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനായ ലേഖകൻ MSME കൺസൽറ്റിങ് രംഗത്തും സജീവമാണ്.  Phone: +91 8111856989

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com