ADVERTISEMENT

ഫ്രീലാൻസ് ഡ്രൈവർ! അങ്ങനെയൊരു പേരും വന്നു. കോൾ ഡ്രൈവർമാരെയാണ് ഇപ്പോൾ ഇങ്ങനെയും വിളിക്കുന്നത്. ഇവർ മറ്റെന്തെങ്കിലും ജോലിയും കൂടി ചെയ്യുന്നവരായിരിക്കും. ഇടയ്ക്ക് ഡ്രൈവറായും പോകും. കോൾ ഡ്രൈവർ പണിക്ക് പ്രതിഫലം കാര്യമായി ഉയർന്നതിനെ തുടർന്നാണ് സുഖകരമായ പണിയായി മാന്യൻമാർ ഇതിനെ കണ്ടുതുടങ്ങിയത്. 

സ്ഥിരമായി ഡ്രൈവറെ നിർത്തി വൻ ശമ്പളം കൊടുക്കുന്നതിനു പകരം ആവശ്യങ്ങൾക്കു മാത്രം വിളിക്കുന്നത് വീട്ടുകാർക്കും സൗകര്യമായിരിക്കുന്നു. ഓരോ തവണയും വരുന്നത് ഓരോരുത്തരാകാം. ഡ്രൈവർമാരെ സപ്ലൈ ചെയ്യുന്ന ഏജൻസികളോ മൂപ്പൻ ഡ്രൈവർമാരോ ഉണ്ടെന്നായിരിക്കുന്നു. മൂപ്പന്റെ കയ്യിൽ ഒട്ടേറെ ഡ്രൈവർമാരുടെ ഫോൺ നമ്പറുകളുണ്ട്. ആവശ്യത്തിനനുസരിച്ചു വിളിച്ചു വിട്ടു കൊടുക്കും. അതിന്റെ കമ്മിഷനും വാങ്ങും.

ഐടിയിലും ഫ്രീലാൻസ്

വന്നു വന്ന് ഐടിയിൽ പോലും ഇങ്ങനെ കോൾ അഥവാ ഫ്രീലാൻസ് അഥവാ ജോബ് വർക്കുകൾ തുടങ്ങിയിരിക്കുകയാണ്. ഐടിയിൽ പ്രോജക്ടുകൾ വന്നു കുമിയുകയും ആളെ കിട്ടാതാവുകയും ചെയ്തതോടെയാണ് ഇതെല്ലാം വന്നത്. 

പക്ഷേ കൂലിപ്പണി, ജോബ് വർക്ക്, കോൾ ടാക്സി, ഹോം ഡെലിവറി എന്നൊക്കെ വിളിച്ചിരുന്ന പണികളെയെല്ലാം ചേർത്ത് ‘ഗിഗ്’ എന്നൊരു വാക്ക് ഇറങ്ങിയിട്ടുണ്ട്. വിളിച്ചാൽ വിളിപ്പുറത്തുള്ളവരാണ് ഗിഗ് വർക്കേഴ്സ്. ഓടിവരും, കാര്യം സാധിച്ചു തന്നിട്ടു പോകുമ്പോൾ തരക്കേടില്ലാത്ത കാശും വാങ്ങും. പ്ലംബറും ഇലക്ട്രീഷ്യനും എസി മെക്കാനിക്കും മറ്റും കാലാകാലങ്ങളായി ചെയ്തിരുന്ന അതേ പണി തന്നെ. വാക്കു മാത്രം പുതിയത്. പുതിയ ടൈപ്പ് പണിക്കാരും വന്നെന്നു മാത്രം.

ഗിഗ് വർക്കേഴ്സ്

ഇനിയെല്ലാം താൽക്കാലിക ജോലികൾ മാത്രം. മാസശമ്പളവും പിഎഫും ഡിഎയും മറ്റും വേണ്ട. തോന്നുന്നിടത്ത് തോന്നുമ്പോൾ ജോലിക്കു പോയി കാശുണ്ടാക്കാമെന്നതിനാൽ ജോലിക്കാർക്കും ഇതിനോടു താൽപര്യമായി. തോന്ന്യാസം, പക്ഷേ പരമസുഖം.

ലാസ്റ്റ് പോസ്റ്റ്:  ആപ് അടിസ്ഥാനത്തിലുള്ള കമ്പനിയാണു ജോലിക്കു വിളിക്കുന്നതെങ്കിൽ ആഴ്ചയിൽ ഇത്ര പണി മിനിമം എന്നൊരു ക്വോട്ട തികച്ചാൽ ബാക്കി സമയം എന്തും ചെയ്യാം. ആപ്പിൽ ലോഗിൻ ചെയ്യുന്നതും ലോഗ് ഔട്ട് ചെയ്യുന്നതും അല്ലെങ്കിൽ മൊബൈൽ ഫോൺ ഓൺ‌‌​–ഓഫ് ചെയ്യുന്നതും പോലിരിക്കും ലീവ്! 

പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും കോളമിസ്റ്റുമാണ് ലേഖകൻ

English Summary : Here Emerging New Workers Called Gig Workers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com