ഈ പാത്രം കളയാൻ പാടുപെടേണ്ട, ഭക്ഷണത്തോടൊപ്പം കഴിച്ചോളു
Mail This Article
ഗോതമ്പു തവിട് പ്രത്യേക പ്രക്രിയകളിലൂടെ പരുവപ്പെടുത്തി മോൾഡ് ചെയ്തെടുത്താണ് പ്ലേറ്റുകളുടെ നിർമാണം. തവിട് അല്ലാതെ മറ്റൊന്നും അസംസ്കൃത വസ്തുവായി േചർക്കുന്നില്ല. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്ഥാപനമാണ് ഇതെന്നു സംരംഭകനായ വിനയ് ബാലകൃഷ്ണൻ പറയുന്നു.
ബിസിനസ് ആശയം വന്നത്
മൗറീഷ്യസിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ സിഇഒ ആയിരുന്ന വിനയ് ബാലകൃഷ്ണന് തിരിച്ചു നാട്ടിൽ വന്നു പ്രകൃതിയോടിണങ്ങിയ ഒരു ബിസിനസ് തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ആദ്യം പാള പ്ലേറ്റുകളിൽ ചെന്നെത്തിയെങ്കിലും ഇത് ആവശ്യത്തിന് ഉൽപാദിപ്പിച്ചു നൽകാൻ കഴിയില്ലെന്നു മനസ്സിലാക്കി. സമാനരീതിയിലുള്ള തുടരന്വേഷണമാണ് ഗോതമ്പു തവിടുകൊണ്ടുള്ള പ്ലേറ്റുകളിലേക്ക് എത്തിച്ചത്.
ഇദ്ദേഹം ആദ്യമായി ഗോതമ്പു തവിടുകൊണ്ടുള്ള പ്ലേറ്റ് കാണുന്നത്, ഒരു യാത്രയ്ക്കിടയിൽ ദുബായിൽ വച്ചാണ്. അന്വേഷിച്ചപ്പോൾ പോളണ്ടിലുള്ള ഒരു കമ്പനിയാണ് ഇതു നിർമിക്കുന്നതെന്നു മനസ്സിലായി. തുടർന്ന്, ഇന്ത്യയിൽ ഇത്തരം ഒരു കമ്പനി തുടങ്ങാനാകില്ലേ എന്നായി ചിന്ത. ആ സമയത്താണ് കൊച്ചിയിൽ പ്രകൃതിദത്ത ഉൽപന്നങ്ങളുടെ പ്രദർശന വിൽപന മേളയിൽ ചകിരികൊണ്ടുള്ള േപ്ലറ്റുകൾ കാണാൻ ഇടയായത്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനം ഏതെന്ന അന്വേഷണം നിസ്റ്റിലേക്ക് (NIIST (National Institute for Interdisciplinary Science and Technology)) എത്തിച്ചു.
ഈ പ്രോജക്ടിന് ആവശ്യമായ സാങ്കേതിക സഹായം ലഭിച്ചത് നിസ്റ്റിൽനിന്നും, CISR ൽ (Council for Scientific and Industiral Research) നിന്നുമാണ്. ഗവേഷണത്തിന് ആവശ്യമായ മെഷിനറിയും അസംസ്കൃത വസ്തുവും വിനയ് തന്നെ എത്തിച്ചു നൽകി. ഏകദേശം ഒരു വർഷമെടുത്തു തവിടുകൊണ്ടുള്ള പ്ലേറ്റ് രൂപപ്പെടുത്താൻ. ട്രയൽ റൺ വിജയമായതോടെ സിഎസ്ഐആറുമായി എംഒയും ഒപ്പിട്ട് ഉൽപന്നത്തിന്റെ പൂർണമായ അവകാശം ഇദ്ദേഹം സ്വന്തമാക്കി.
140 ഡിഗ്രി ചൂടു വരെ താങ്ങും
തവിടിൽ നിർമിച്ച ഈ പ്ലേറ്റിന് ൈമനസ് 10 ഡിഗ്രി തണുപ്പും 140 ഡിഗ്രി ചൂടും താങ്ങാനാകും.ചൂടിലും മഞ്ഞുമൂടിയ മലനിരകളിലും ഒരുപോലെ ഉപയോഗിക്കാം. 1.5 കിഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുണ്ട് (10" വലുപ്പത്തിലുള്ള പ്ലേറ്റിന്). ചോറും കറികളും, എല്ലാം ആശങ്കയില്ലാതെ വിളമ്പാം.വേണ്ടിവന്നാൽ മൈക്രോവേവ് അവ്നിൽ ഭക്ഷണം ചൂടാക്കാനും ഉപയോഗിക്കാം.
ഭാവിയിൽ ബിരിയാണി കവർ, ബൗൾ, ഫോർക്ക്– കത്തി–സ്പൂൺ െസറ്റുകൾ, ചായക്കപ്പുകൾ എന്നിവയും ഉൽപാദിപ്പിക്കണമെന്നു കരുതുന്നു.ഭക്ഷണശേഷം പ്ലേറ്റ് കഴിക്കണമെന്നു നിർബന്ധമില്ല. എവിടെ േവണമെങ്കിലും ഉപേക്ഷിക്കാം. ദിവസങ്ങൾക്കുള്ളിൽ അതു മണ്ണിൽ അലിഞ്ഞുേചരും.
അല്ലെങ്കിൽ കന്നുകാലികൾക്കോ മത്സ്യത്തിനോ പക്ഷികൾക്കോ തീറ്റയായി നൽകാം. കൃഷിക്കും ചെടികൾക്കും നല്ല വളമാകാനും ഇത്തരം പ്ലേറ്റുകൾക്കു കഴിയും. പ്ലേറ്റുകളിൽ പൂപ്പൽ പിടിക്കാത്ത തരത്തിൽ നൈട്രജൻ പാക്കിങ് നടത്തി തൂശൻ (Thoosan) എന്ന ബ്രാൻഡ് നെയിമിലാണ് വിപണിയിൽ എത്തിക്കുന്നത്.
അസംസ്കൃതവസ്തുവായ ഗോതമ്പു തവിട് അങ്കമാലിയിലെ സ്വകാര്യ കമ്പനികളിൽനിന്നു സുലഭമായി ലഭിക്കുന്നുണ്ട്. അതത് ദിവസം ഫ്രഷായി ശേഖരിക്കണം. ഒന്നിച്ചു വാങ്ങി സ്റ്റോക്ക് ചെയ്ത് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നത്. ഓരോ കിലോ തവിടിൽനിന്നും 8 പ്ലേറ്റുകൾ വരെ നിർമിക്കാം.
90 ലക്ഷം രൂപയുടെ മെഷിനറി
90 ലക്ഷം രൂപയോളം ചെലവു വരുന്ന റൊബോട്ടിക് മെഷിനറികളാണ് പ്ലേറ്റുകളുടെ നിർമാണത്തിനായി സ്ഥാപിച്ചിരിക്കുന്നത്. ‘‘ഏഴ് പാരാമീറ്ററുകൾ ശരിയായാൽ മാത്രമേ ഉൽപന്നം കൃത്യമായി നിർമിച്ചെടുക്കാൻ സാധിക്കൂ. അതിനായി നിരന്തരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വേണ്ടിവന്നു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലേക്ക് എത്തിയത്.’’ വിനയ് ബാലകൃഷ്ണൻ പറയുന്നു.
ഫാബ്രിക്കേറ്റ് ചെയ്തെടുത്ത ഫുൾ ഓട്ടമാറ്റിക് മെഷിനറികളായതിനാൽ ഒരു തൊഴിലാളിയുടെ മാത്രം സഹായത്താൽ ഉൽപാദനം ക്രമീകരിക്കാം. വൈദ്യുതി ഉപഭോഗം 42 കിലോവാട്ടാണ്. നിലവിൽ ഒന്നര കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭത്തിനായി വിനയ് നടത്തിരിക്കുന്നത്.
വിനയ് ബാലകൃഷ്ണന്റെ ഭാര്യ ഇന്ദിര മുഴുവൻ സമയവും സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കുന്നു. ദൈനംദിന പ്രവർത്തനങ്ങൾ, വിൽപന തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നതു ഭാര്യയാണ്.ഡിസ്പോസിബിൾ പേപ്പർ പ്ലേറ്റുകളും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ജൈവ ഉൽപന്നങ്ങൾക്ക് വലിയ വിപണി സാധ്യതയാണ് മുൻപോട്ടുള്ള കാലത്തിൽ വിനയ് കാണുന്നത്.
Bio Technology Industry Research Assistance Council (BIRAC), അഗ്രിക്കൾച്ചർ ആൻഡ് ഫാർമേഴ്സ് മന്ത്രാലയത്തിന്റെ പ്രോജക്ടായ ‘റഫ്ത്താർ’ എന്നിവയുടെ അംഗീകാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തയാറാക്കിയ പ്രോജക്ടിൽ സെമി ഫൈനൽ വരെ എത്താനായി.
കേന്ദ്ര സർക്കാരിന്റെ ‘അഗ്നി’ എന്ന BIRAC യുടെ പ്രോജക്ടിൽ പ്രത്യേക അംഗീകാരം ലഭിച്ചു. സർക്കുലർ ഇന്നവേഷൻ ജാമിൽ ഇടം നേടി. UNDPയും േകരള സ്റ്റാർട്ടപ് മിഷനും സംഘടിപ്പിച്ച ഗ്രീൻ ഇന്നവേഷൻ പുരസ്കാരവും ലഭിച്ചു.
ബാങ്ക് വായ്പ എന്ന പ്രതിസന്ധി
തികച്ചും നൂതനമായ ഒരു സംരംഭം എന്ന നിലയിൽ ബാങ്ക് വായ്പ തരപ്പെടുത്തുക ഏറെ ശ്രമകരമായിരുന്നു. അവസാനം ‘ചാംപ്യൻസ്’ പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തു. ഉടൻ നടപടിയുണ്ടായി. കനറാ ബാങ്ക് വായ്പ അനുവദിച്ചു. അങ്ങനെയാണ് സ്വപ്നം സഫലമായത്. 'MSME Champions' എന്ന േപാർട്ടൽ സംരംഭകർക്ക് ഏറെ പ്രയോജനകരമാണെന്നാണ് ഒരു സംരംഭകനെന്ന നിലയിൽ ഇദ്ദേഹത്തിന്റെ അഭിപ്രായം
മികച്ച വിപണി സാധ്യത
ഇപ്പോൾ പ്രതിദിനം 1000 േപ്ലറ്റാണ് ഉൽപാദിപ്പിക്കുന്നത്. 10 രൂപ നിരക്കിൽ മൊത്തവ്യാപാരം നടത്തുന്നു (വിപണിയിൽ 10 മുതൽ 20 രൂപ വരെ വിലയുണ്ട്). ഇതിലൂടെ ലഭിക്കുന്ന വിറ്റുവരവുകൊണ്ട് സ്ഥാപനം ലാഭകരമാകില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ പ്ലേറ്റുകൾക്ക് വലിയ ഡിമാൻഡ് ഉണ്ട്. എത്ര ഉൽപാദിപ്പിച്ചാലും വിൽക്കാൻ കഴിയുന്ന സ്ഥിതിയും. ഉൽപാദനം പ്രതിദിനം 10,000 ആക്കിയാൽ മികച്ച ലാഭം നേടി മുന്നേറാനാകും. അതിനുള്ള സാധ്യതകൾ തേടുകയാണ് ഈ സംരംഭകനിപ്പോൾ.
ഇവന്റുകൾ, കേറ്ററിങ്, ക്ഷേത്രങ്ങൾ, പള്ളികൾ, ഹൗസ് ബോട്ടുകൾ, റിസോർട്ടുകൾ, വിതരണക്കാർ എന്നിവ വഴിയാണു വിൽപന കൂടുതലും.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ്
English Summary : Know more about this Innovative Edible Food Plate Manufacturing Unit