ADVERTISEMENT

ഇന്ന് സ്റ്റാർട്ടപ് ദിനം.സ്റ്റാർട്ടപ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ് സംസ്ക്കാരത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും വേണ്ടിയാണ് എല്ലാ വർഷവും ജനുവരി 16 ന് ദേശീയ സ്റ്റാർട്ടപ് ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കുന്നത്. സ്റ്റാർട്ടപ് റജിസ്ട്രേഷൻ നടപടികളെക്കുറിച്ചും കേരള സ്റ്റാർട്ടപ് മിഷിനെക്കുറിച്ചും  മനസ്സിലാക്കാം.

സ്റ്റാർട്ടപ് റജിസ്ടേഷന്‍

നിങ്ങൾക്ക് ഒരു സാങ്കേതിക ശേഷിയുള്ള ഉല്പന്നം സംബന്ധിച്ച ആശയം ഉണ്ടെങ്കിൽ കേരളത്തിൽ സ്റ്റാർട്ടപ് സംരംഭം തുടങ്ങാൻ താഴെ പറയുന്ന നടപടികൾ പൂർത്തിയാക്കണം.

കമ്പനി റജിസ്ട്രേഷൻ

കമ്പനിയുടെ റജിസ്ടേഷനാണ് പ്രഥമ ഘട്ടം. തുടർന്ന് സ്റ്റാർട്ടപ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം കേരള സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാം.

കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു കീഴിലാണ് കമ്പനിയുടെ റജിസ്ട്രേഷൻ നടത്തേണ്ടത്. വ്യക്തിപരമായോ സംഘമായോ ഇതു ചെയ്യാം. കേരള സ്റ്റാർട്ടപ് മിഷൻ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ കമ്പനി കേരളത്തിൽത്തന്നെ റജിസ്റ്റർ ചെയ്തിരിക്കണം. ഇതിനായി എറണാകുളത്തെ റജിസ്ട്രാർ ഓഫ് കമ്പനീസ് തിരഞ്ഞെടുക്കുക. റജിസ്ട്രേഷനു ശേഷം ലഭിക്കുന്ന കമ്പനി ഐഡി ഉപയോഗിച്ച് www.startupindia.gov.in വഴി അപേക്ഷ നൽകണം. ഇതിന് പ്രത്യേക അപേക്ഷാ ഫീസ് ഇല്ല. റജിസ്ട്രേഷൻ അനുമതി (സർട്ടിഫിക്കറ്റ്) ലഭിക്കുന്നതോടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കമ്പനിക്ക് ലഭിക്കും.

കേരളാ സ്റ്റാർട്ടപ് മിഷനിൽ

കേരള സ്റ്റാർട്ടപ് മിഷന്റെ ആനുകൂല്യം ലഭിക്കുന്നതിന് കേരള സ്റ്റാർട്ടപ് മിഷന്റെ യൂണിക് ഐഡി നേടിയിരിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് കേരള സ്റ്റാർട്ടപ് മിഷന്റെ വെബ് സൈറ്റിൽ നിന്നു ലഭിക്കും. പ്രത്യേക അപേക്ഷാ ഫീസ് ഇല്ല. രണ്ടു മൂന്നു ദിവസത്തിനകം അനുമതി നേടാം. ഡിജിറ്റലായി സർട്ടിഫിക്കറ്റും ലഭിക്കും. ഇതോടെ സ്റ്റാർട്ടപ് ഇന്ത്യ, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവയുടെ പരിപാടികളും പദ്ധതികളും ലഭിച്ചു തുടങ്ങും.

കേരള സ്റ്റാർട്ടപ് മിഷനെ അറിയാം

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാറിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ് മിഷൻ. വിവിധ പദ്ധതികളിലൂടെയും പിന്തുണ സംവിധാനങ്ങളിലൂടെയും കേരളത്തിൽ സ്റ്റാർട്ടപ് ആവാസ വ്യവസ്ഥ ഒരുക്കുകയാണ് മിഷന്റെ ലക്ഷ്യം. നൂതന ആശയങ്ങളെയും ഉത്പന്നങ്ങളെയും ഭാവിയിലേക്ക് കൈപിടിച്ചുയർത്തുന്ന കേരള സ്റ്റാർട്ടപ്മിഷൻ 2006 ലാണ് സ്ഥാപിതമായത്. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ തൊഴിലിന്റെ ലോകത്തേക്ക് സ്വയം ഇറങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് പ്രോത്സാഹനം നൽകുന്ന കേരളാ സ്റ്റാർട്ടപ് മിഷൻ നിരവധി നൂതന ഉല്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരളാ സ്റ്റാർട്ടപ് മിഷനെക്കുറിച്ചും പിന്തുണാ സംവിധാനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ startupmission.kerala.gov.in  സന്ദർശിക്കുക. ഫോൺ : 0471-2700270

English Summary : Today is Startup Day, Know How to Start a Startup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com