ADVERTISEMENT

പല കാരണങ്ങൾ കൊണ്ടും ജോലിക്കു പോകാൻ കഴിയാത്ത വീട്ടമ്മമാർക്കും മറ്റ് ജോലികൾ ഉള്ളവർക്ക് ഒഴിവ്‌ സമയം പ്രയോജനപ്പെടുത്തിയും കുറഞ്ഞ മുതൽ മുടക്കിലും തുടങ്ങാൻ കഴിയുന്ന മൂന്ന് ലഘുസംരംഭങ്ങളെ പരിചയപ്പെടുക.

1. ഗ്രാമീൺ ഫ്രഷ് ജ്യൂസ് നിർമാണം 

ബേക്കറികൾക്കും ശീതളപാനീയ കടകൾക്കും പഴങ്ങൾ ഉപയോഗിച്ചുള്ള ഫ്രഷ് ജ്യൂസ് നിർമിച്ച് നൽകുന്നതാണ് ഈ ബിസിനസ്. നാട്ടിൽ ലഭ്യമായ പഴങ്ങൾ ഉപയോഗപ്പെടുത്തിയാണ് ജ്യൂസ് നിർമാണം. ഇതിനായി വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിച്ചാൽ മതി. പൈനാപ്പിൾ, പപ്പായ, പേരയ്ക്ക തുടങ്ങിയ പഴങ്ങളുടെയെല്ലാം ജ്യൂസ്, തേനും പഞ്ചസാരയും മുന്തിരിയും ചേർത്ത് നിർമ്മിക്കുന്ന ഹണി ഗ്രേപ് ഷമാം, തുടങ്ങിയവ വിൽപനയ്ക്കു തയാറാക്കാം. പ്രിസർവേറ്റീവ്, കളർ എന്നിവയ്ക്കായി കെമിക്കൽ മിശ്രിതങ്ങളൊന്നും തന്നെ ചേർക്കുന്നില്ല. വിൽപനക്കാർക്കു സ്വന്തം ഉൽപന്നമായി ധൈര്യത്തോടെ ഗ്ലാസിൽ പകർന്നു നൽകാൻ കഴിയുന്ന തരത്തിൽ ഗുണമേന്മയുള്ള ജ്യൂസ് ആണ് നൽകുന്നത്.

സാധ്യതകൾ

∙  പുതിയ തലമുറയ്ക്കിടയിൽ ജ്യൂസ് വിപണിയുടെ വളർച്ച. 

∙  പ്രകൃതിദത്ത പഴജ്യൂസുകളോടുള്ള ജനങ്ങളുടെ താൽപര്യം. 

∙  വീട്ടിൽ തയാറാക്കുന്നതിലെ ഗുണമേന്മ. 

∙  രാസവസ്തുക്കൾ ഒഴിവാക്കിയുള്ള നിർമാണം. 

വിപണനം

fruit juice
Photo Credit : New Africa/ Shutterstock.com

എല്ലാ ദിവസം വൈകിട്ട് വിൽപന കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട് അടുത്ത ദിവസം ആവശ്യമുള്ള ജ്യൂസിന്റെ അളവു വാങ്ങണം. പിറ്റേ ദിവസം രാവിലെ അതു നിർമിച്ച് 10 ലീറ്റർ ജാറുകളിൽ വിൽപനയ്ക്ക് എത്തിക്കുകയാണ് വേണ്ടത്. ആകെയൊരു യന്ത്രത്തിന്റെ സഹായമേ ഇതിനു േവണ്ടതുള്ളൂ, പൾപ്പിങ് യന്ത്രം, ഏകദേശം 30,000 രൂപയോളം വില വരും. 

നിർമാണരീതി 

പഴങ്ങൾ വൃത്തിയായി കഴുകി, തൊലി നീക്കേണ്ടത് നീക്കി, യന്ത്രസഹായത്താൽ പൾപ്പാക്കി മാറ്റുകയാണ് ആദ്യ ഘട്ടം. തുടർന്ന് പഞ്ചസാര ലായനി തയാറാക്കി പഴച്ചാറും ചേർത്ത് ജ്യൂസ് തയാറാക്കുന്നു. ശേഷം 10 ലീറ്റർ കപ്പാസിറ്റിയുള്ള ഫുഡ് ഗ്രേഡ് സ്റ്റീൽ ക്യാനുകളാക്കി വിൽപന കേന്ദ്രങ്ങളിലെത്തിക്കാം. വിൽപനക്കാർ ജ്യൂസ് ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ആവശ്യംപോലെ ഗ്ലാസിൽ പകർന്നു നൽകുകയും ചെയ്യും. പഴങ്ങൾക്കനുസരിച്ചു പരമാവധി 2 ദിവസം വരെയാണ് സൂക്ഷിപ്പു കാലാവധി.

വരവും ചെലവും

ദിവസവും 200 ലീറ്റർ ജ്യൂസ് നിർമിക്കുന്നതിന് പഴങ്ങൾ, പഞ്ചസാര തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെ ചെലവ് 200 X 20 = 4,000 രൂപ വരുന്നു.

ഒരു ലീറ്റർ ജ്യൂസ് കടക്കാർക്കു വിൽപനയ്ക്കായി നൽകുന്നത്  40 രൂപ നിരക്കിലാണ്. അതുവഴി 200X 40 = 8, 000 രൂപ ലഭിക്കുന്നു. അതിൽ പകുതി, 4,000 രൂപയാണ് അറ്റാദായം.

Snack-Ada

2. ആവിയിൽ വേവിച്ച പലഹാരങ്ങൾ 

ആവിയിൽ വേവിച്ച പലഹാരങ്ങൾക്കു നമ്മുടെ നാട്ടിൽ വലിയ ഡിമാൻഡാണ്. ഇലയട, കൊഴുക്കട്ട, വട്ടയപ്പം എന്നിവ രുചികരമായി നിർമിച്ച് ചുറ്റുവട്ടത്തുള്ള ബേക്കറികൾ, വഴിയോര ചായക്കടകൾ ഹോട്ടലുകൾ എന്നിവിടങ്ങളിലൂടെ വിറ്റഴിക്കുന്നതാണ് ബിസിനസ്. ശർക്കരയും തേങ്ങയും ഏലക്കായും എല്ലാം ചേർത്ത് രുചികരമായ ഫില്ലിങ്ങുകൾ ഉള്ളിൽ നിറച്ചാണ് ഇലയടയും കൊഴുക്കട്ടയും നിർമിക്കുന്നത്. 

പുളിപ്പില്ലാത്ത, മാർദവമുള്ള വട്ടയപ്പത്തിനും വലിയ ഡിമാൻഡാണ്. സ്വന്തം അടുക്കളയിൽ തന്നെ ഒരു സ്റ്റീമർ വാങ്ങിവച്ച് ബിസിനസ് ആരംഭിക്കാം. വലിയ വിപണി മത്സരമൊന്നും ഈ സംരംഭത്തിന് ഇല്ല.അൽപം രാവിലെ ഉണർന്ന് ബുദ്ധിമുട്ടാൻ തയാറുണ്ടെങ്കിൽ ഇഡ്ഡലിയും ഇടിയപ്പവും നിർമിച്ച് ഹോട്ടലുകൾക്കു നൽകുകയുമാവാം.

നിർമാണ രീതി 

machine-steamer

ആവിയിൽ വേവിച്ച പലഹാരങ്ങളുടെ നിർമാണത്തിലെ പരമ്പരാഗത രീതി തന്നെയാണ് ഇവിടെയും പിന്തുടരുന്നത്. കേരളത്തിലെ വീട്ടമ്മമാർക്കെല്ലാം ഈ പലഹാരങ്ങൾ നിർമിക്കാനും അറിയാം. പ്രാദേശിക രുചിക്കൂട്ടിൽ അറിവു നേടി സംരംഭം ആരംഭിക്കുന്നതാണ് നല്ലത്. സ്റ്റീമറിൽ 10 മിനിറ്റുകൊണ്ട് പലഹാരങ്ങൾ പുഴുങ്ങിയെടുക്കാം.

സാധ്യതകൾ 

∙ മത്സരമില്ലാത്ത വിപണി 

∙ ചുറ്റുവട്ടത്തുള്ള വിപണനം 

∙പാരമ്പര്യ രുചിക്കൂട്ട് 

∙ കുറഞ്ഞ മുതൽമുടക്ക് 

വരവും ചെലവും 

പലഹാരങ്ങൾ വേവിച്ചെടുക്കാൻ ഗ്യാസ് ഉപയോഗിക്കുന്ന സ്റ്റീമറാണു നല്ലത്. 100 പലഹാരങ്ങൾ വരെ ഒരേ സമയം ലോഡ് ചെയ്യാൻ കഴിയുന്ന യന്ത്രത്തിന് 40,000 രൂപയാണു വില. ഇതുപയോഗിച്ച് പ്രതിദിനം 500 പലഹാരങ്ങൾ നിർമിച്ചു വിൽപന നടത്താനായാൽ കുറഞ്ഞത് 1,500 രൂപ വരെ വരുമാനമായി നേടാം.

 3. കായം നിർമാണം 

machine-kayam

മലയാളികളുടെ രുചിക്കൂട്ടിലെ പ്രധാന ചേരുവയാണ് കായം. പൊടി അല്ലെങ്കിൽ കേക്ക് രൂപങ്ങളിൽ വിപണിയിൽ ലഭ്യമായ കായം കൂടുതലും അന്യസംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച് കേരളത്തിലേക്കെത്തിക്കുകയാണ്. വിപണിയിൽ കിട്ടുന്നതിന്റെ മൂന്നിലൊന്നു തുക മുടക്കുമുതലിൽ നമുക്കു വീട്ടിൽത്തന്നെ കായം നിർമിച്ച് വിപണിയിലെത്തിക്കാനാകും.  

പലചരക്കു കടകളിലും സൂപ്പർമാർക്കറ്റുകളിലും കൂടാതെ വലിയൊരു വിപണി നമ്മുടെ ചുറ്റുവട്ടത്തു കണ്ടെത്താം. കേറ്ററിങ്ങുകാർ, ഹോട്ടലുകൾ, ഭക്ഷ്യ ഉൽപന്ന നിർമാതാക്കൾ തുടങ്ങിയവരെല്ലാം ഓരോ മാസവും കിലോ കണക്കിന് കായം ഉപയോഗിക്കുന്നവരാണ്. ഇവരുമായി ഇടപെടൽ സാധ്യമാകുന്നതോടെ മികച്ചൊരു വിപണി തുറന്നു കിട്ടും. 

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്‌തുക്കൾ തമിഴ്‌നാട്ടിലും മുംബൈയിലും ഉത്തർപ്രദേശിലും എല്ലാം സുലഭമായി കിട്ടും. അസംസ്‌കൃത വസ്‌തുക്കളെ നിശ്ചിത അളവിൽ നിശ്ചിത സമയത്തു സംയോജിപ്പിച്ചാണ് നല്ല മണവും രുചിയുമുള്ള കായം നിർമിക്കുക. പാരമ്പര്യ രുചിക്കൂട്ടായതിനാൽ പരമ്പരാഗത നിർമാതാക്കൾക്ക് കീഴിൽ യന്ത്രങ്ങൾ ഉപയോഗിച്ചു പരിശീലനം നേടിയാൽ ഇതു സാധ്യമാകും. പൊടിക്കുന്നതിനും കുഴയ്ക്കുന്നതിനും പ്രത്യേകം രൂപമാറ്റം വരുത്തിയ പൾവറൈസറും നീഡറും ഉപയോഗിക്കണം.

ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭമാണ് കായം നിർമാണം. പ്രതിമാസം 100 കിലോ വിൽപന കിട്ടിയാൽ മാന്യമായ വരുമാനം ഉറപ്പാക്കാം.

സാധ്യതകൾ  

∙  കേരളത്തിൽ വലിയ വിപണിയുണ്ടെങ്കിലും നമ്മുടെ നാട്ടിൽ നിർമാതാക്കൾ കുറവാണ്. 

∙  ചെലവു കുറച്ച് വീട്ടിൽത്തന്നെ ആരംഭിക്കാൻ കഴിയുന്നു.

∙   ദീർഘകാലം കേടുകൂടാതിരിക്കും. 

∙   കുറഞ്ഞ മുതൽ‌മുടക്ക് മതിയാകും. 

വിപണനം

∙   ഏജൻസികൾ വഴിയുള്ള വിതരണത്തിനു പുറമേ ക്ലാസിഫൈഡ് പരസ്യങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിതരണക്കാരെയും വലിയ ഉപയോക്താക്കളെയും കണ്ടെത്താം.

∙   ഹോട്ടലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, ഭക്ഷ്യ ഉൽപന്ന നിർമാതാക്കൾ തുടങ്ങിയ വൻകിട ഉപയോക്താക്കൾക്ക് വിപണി വിലയെക്കാൾ കിലോയ്‌ക്ക് 500 രൂപ കുറച്ചു നേരിട്ടു നൽകാം.

∙   പൊതുമേഖലാ വിൽപന കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്താം. 

∙  ഭക്ഷ്യ നിർമാണ ബ്രാൻഡുകൾക്കു നിർമിച്ച് നൽകാം.

നിർമാണരീതി 

ഗോതമ്പ്ു പൊടിയും കടുകെണ്ണയും നിശ്ചിത അളവിൽ വ്യത്യസ്ത സമയങ്ങളിൽ മിക്സ് ചെയ്‌തും പൊടിച്ചുമാണ് കായം നിർമിക്കുന്നത്.

വരവും ചെലവും

(അസംസ്‌കൃത വസ്‌തുക്കൾ, പാക്കിങ്, ട്രാൻസ്പോർട്ടേഷൻ, വൈദ്യുതി, ലേബർ ചാർജ് എന്നിവയെല്ലാം ചേർത്ത്)

∙ 1 കിലോ കട്ടക്കായം ഉൽപാദന ചെലവ്- 500 രൂപ 

∙ കിലോ പൊടി കായം ഉൽപാദന ചെലവ്-550 രൂപ 

∙ 1 കിലോ കായം വിറ്റാൽ വിതരണക്കാരുടെ കമ്മിഷൻ കിഴിച്ച ശേഷം ഉൽപാദകനു ലഭിക്കുന്ന തുക -1070 രൂപ. 

∙ 1 കിലോ കായം വിറ്റാൽ ലഭിക്കുന്ന ലാഭം ശരാശരി- 500 രൂപ. 

രണ്ട് ഹോഴ്സ് പവർ ശേഷിയുള്ള പൾവറൈസറിനു 38,000 രൂപ, ഒരു ഹോഴ്സ് പവർ ശേഷിയുള്ള നീഡറിനു 40,000 രൂപ എന്നിങ്ങനെയാണ് മെഷനറികൾക്കും യന്ത്രഭാഗങ്ങൾക്കും വേണ്ടത്.

ലേഖകൻ പിറവത്തെ അഗ്രോപാർക്കിന്റെ സാരഥിയാണ്. ആവശ്യമായ സൗജന്യ പരിശീലനവും യന്ത്രങ്ങളും അഗ്രോ പാർക്കിൽ  ലഭിക്കും.

English Summary : 3 Business Ideas for House wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com