ദോശ ഇഡ്ഡലി മിക്സിൽ പാരമ്പര്യ രുചി ചേർന്നപ്പോൾ മാസം വിറ്റുവരവ് 15 ലക്ഷം രൂപ!
Mail This Article
ദോശയും ഇഡ്ഡലിയും ആർക്കാണ് ഇഷ്ടമല്ലാത്തത്? മാവ് അരയ്ക്കാനുള്ള സമയക്കുറവു പലപ്പോഴും വില്ലനാകുന്നു. ഇവിടെയാണ് ദോശ, ഇഡ്ഡലി മിക്സുകൾ പ്രിയങ്കരമാകുന്നത്. ഇവ ഉണ്ടാക്കി വിൽക്കുക എന്നതാണ് പാലക്കാട് കൊല്ലങ്കോട്ടെ ആലംപള്ളം അഗ്രഹാരത്തിലെ ലക്ഷ്യ ഫുഡ് പ്രോഡക്ട്സ് ഉടമ ശ്രീജയുടെ ബിസിനസ്. ദോശയ്ക്കും ഇഡ്ഡലിക്കും ഒരൊറ്റ മാവാണ് ഉണ്ടാക്കുന്നത്. അരി, ഉഴുന്ന്, ഉലുവ എന്നിവ േചർത്തു പാരമ്പര്യ രീതിയിൽ തയാർ ചെയ്താണു വിൽപന. വീടുകളിൽ നിർമിക്കുന്ന അതേ ഗുണനിലവാരത്തിലാണ് ഇവ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത്. 3 ദിവസം വരെ കേടു കൂടാതിരിക്കും.
എന്തുകൊണ്ട് ഇതു തിരഞ്ഞെടുത്തു?
∙ ദോശ / ഇഡ്ഡലി ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രദേശമാണ് ചിറ്റൂർ/പാലക്കാട്.
∙ ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒരു സ്വയംതൊഴിൽ സംരംഭമാണ് ഇതെന്നു മനസ്സിലായി.
∙ ഇതിന്റെ മിക്സിങ് പരമ്പരാഗതമായിത്തന്നെ ചെയ്യാൻ അറിയാമായിരുന്നു. പാരമ്പര്യ രുചി സൂക്ഷിക്കാൻ പറ്റും എന്ന് ഉറപ്പുണ്ടായിരുന്നു.
∙ ഒന്നു രണ്ടു കടകളിൽ തിരക്കിയപ്പോൾ വലിയ പ്രോത്സാഹനമാണു ലഭിച്ചത്.
∙ പിന്നെ കുടുംബത്തിന്റെ പിന്തുണയും.
ലളിതമായ തുടക്കം
രണ്ടര വർഷം മുൻപ് മൂന്നു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ തുടങ്ങിയതാണ്. പിഎംഇജിപി പദ്ധതി പ്രകാരം വായ്പ എടുത്താണു സംരംഭം തുടങ്ങിയത്. തുടക്കത്തിൽ രണ്ടു തൊഴിലാളികൾ മാത്രം. ആരംഭത്തിൽ ദിവസേന 500 ൽ താഴെ പാക്കറ്റായിരുന്നു ഉൽപാദിപ്പിച്ചിരുന്നത്. 60 ൽ പരം ഷോപ്പുകളിൽ സപ്ലൈ െചയ്തു.
രണ്ടര വർഷംകൊണ്ടു വലിയ വളർച്ച നേടി എന്നു പറയാൻ സന്തോഷമേ ഉള്ളൂ ശ്രീജയ്ക്ക്. ഇന്ന് 12 തൊഴിലാളികൾ ഉണ്ട്. പ്രദേശത്തുള്ള സ്ത്രീകളാണ് തൊഴിലാളികൾ. നിലവിൽ 350 ൽപരം ഷോപ്പുകളിലായി രണ്ടായിരത്തിലധികം പാക്കറ്റുകളുടെ വിൽപന നടക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് ഈ വനിതാ സംരംഭക.
പ്രാദേശികമായി സംഭരണം
അസംസ്കൃതവസ്തുക്കളായ അരി, ഉഴുന്ന്, ഉലുവ എന്നിവ പ്രാദേശികമായി വാങ്ങുന്നു. ബ്രാൻഡ് ഐറ്റങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവ സുലഭമായി ലഭിക്കുന്നുണ്ട്. അരിയുടെയും ഉഴുന്നിന്റെയും വിലയിൽ ഉണ്ടാകുന്ന വർധന പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. വലിയ വർധനയാണു ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ഒരു ഫോൺ കോൾ ചെയ്താൽ അസംസ്കൃതവസ്തുക്കൾ സ്ഥാപനത്തിൽ എത്തും. 10 കിലോഗ്രാം അരിക്ക് ഒന്നേകാൽ കിലോഗ്രാം ഉഴുന്ന് എന്ന അനുപാതത്തിലാണ് മിക്സ് തയാറാക്കുന്നത്.
നേരിട്ടു വിൽപന
നേരിട്ടു കടകളിലാണു വിൽപന. സൂപ്പർ മാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, പലവ്യഞ്ജന ക്കടകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ വിറ്റുപോകുന്നു. ഭർത്താവ് ബിജുവാണു വിൽപനയ്ക്കു നേതൃത്വം നൽകുന്നത്. വടക്കാഞ്ചേരി, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ പാൽ ഏജന്റുമാർ വഴി വിൽപന നടത്തുന്നുണ്ട്. ഉൽപന്നത്തിൽ വലിയ വിശ്വാസം ജനങ്ങൾക്കുണ്ട്. അതുകൊണ്ട്, അത്തരം ഓർഡറുകൾ സ്ഥിരമായി ലഭിക്കുന്നു. ഉൽപന്നം മികച്ചതാണെങ്കിൽ വിപണി പിടിക്കാൻ പ്രയാസമില്ല എന്നാണ് ശ്രീജയുടെ അഭിപ്രായം.
ക്രെഡിറ്റ് നൽകുന്നില്ല എന്നതാണ് ഈ ബിസിനസിന്റെ പ്രധാന ആകർഷകത്വം. ഏകദേശം 10 മുതൽ 15 ലക്ഷം രൂപയുടെ വരെ കച്ചവടമാണ് ഇപ്പോൾ പ്രതിമാസം നടക്കുന്നു. 20 ശതമാനമാണ് അറ്റാദായമായി ലഭിക്കുന്നത്. നന്നായി ശ്രമിച്ചാൽ ഇനിയും വിപണി വലുതാക്കാനാകും. മത്സരം ഉണ്ടെങ്കിലും ഗുണമേന്മ ഒന്നുകൊണ്ടാണു വിജയിക്കാൻ കഴിയുന്നത്.
10 ലക്ഷം രൂപയുടെ നിക്ഷേപം
മൂന്നു ലക്ഷം രൂപയിൽ തുടങ്ങിയതാണ്. ഇപ്പോൾ ഏകദേശം 10 ലക്ഷം രൂപയുടെ മെഷിനറികൾ ഉണ്ട്. പലപ്പോഴായി വാങ്ങിയതാണിവ. തികച്ചും ഹൈജീൻ ആയ രീതിയിൽ പ്രവർത്തനം നടത്തുന്നു. ജീവനക്കാർ നല്ല സഹകരണമാണ്. അരി / ഉഴുന്ന് എന്നിവ മൂന്നു പ്രാവശ്യം കഴുകുന്നു. തികച്ചും മാന്വൽ ആയാണ് കഴുകുന്നതും പാക്ക് ചെയ്യുന്നതും. വാഷിങ് ഉപകരണങ്ങൾ, ഗ്രൈൻഡർ മെഷീനുകൾ, റൈസ് ഗ്രൈൻഡർ മെഷീനുകൾ, ഇൻസ്റ്റന്റ് പൾവറൈസർ, പാക്കിങ് തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. വീടിനോടു േചർന്നുള്ള ഷെഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നം.
പുതിയ പ്ലാന്റ്
ദോശ, ഇഡ്ഡലി മിക്സ് നിർമിക്കുന്ന ഒരു സമ്പൂർണ മെക്കനൈസ്ഡ് യൂണിറ്റാണ് അടുത്ത ലക്ഷ്യം. ഉൽപാദനശേഷി ഇരട്ടിയാക്കണം. അതിനു പുതിയ സ്ഥലവും കെട്ടിടവും േവണ്ടിവരും. അതാണ് ശ്രീജയുടെ പുതിയ പ്ലാൻ.
‘പാരമ്പര്യരുചി നിലനിർത്തിക്കൊണ്ടുള്ള മെക്കനൈസേഷൻ’ അതാണ് ഉദ്ദേശിക്കുന്നത്– ശ്രീജ പറയുന്നു.
English Summary : Success Story of A Woman Entrepreneur Making Dosa - Idali Mix