ADVERTISEMENT

'എത്താവുന്ന പരമാവധി വേഗതയില്‍ ഇന്ത്യയിലെത്തും ടെസ്‌ല' പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌ക് പറഞ്ഞ വാക്കുകളാണ്. കാലം കുറേയായി ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനവും കാത്ത് മസ്‌കിന്റെ ആരാധകര്‍ ഇവിടെയിരിക്കുന്നു. എന്നാല്‍ ടെസ്‌ല ഇന്നു വരും നാളെ വരുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഫലം. ഇപ്പോള്‍ മസ്‌കിന്റെ സ്ഥിരീകരണം എത്തിയതോടെ ടെസ്‌ല ഉടന്‍ തന്നെ ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങുമെന്ന ചിന്തയിലാണ് ഓട്ടോ പ്രേമികളും മസ്‌ക് ഫാന്‍സുമെല്ലാം.

ബിസിനസ് കാലാവസ്ഥ ശരിയാണോ

ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം അത്ര സുഗമമല്ലെന്നായിരുന്നു ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സങ്കീര്‍ണമായ നിയമ വ്യവസ്ഥകളാണ് ടെസ്‌ലയുടെ അരങ്ങേറ്റം വൈകിപ്പിക്കുന്നതെന്ന സൂചനയും അദ്ദേഹം നേരത്തെ തന്റെ ട്വീറ്റുകളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞത് താന്‍ വലിയ മോദി ആരാധകനാണെന്നും അദ്ദേഹം വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്നുമാണ്.

എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ തന്നെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് ഇന്ത്യന്‍ സര്‍ക്കാരുമായി അത്ര നല്ല ഇരുപ്പുവശമല്ല ഉള്ളത്. ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനയെല്ലാം അടുത്തിടെ വിവാദമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ബിസിനസ് അവസരം മനസിലാക്കി അതിനോടെല്ലാം തന്ത്രപരമായ നിലപാടാണ് മസ്‌ക് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരുകളുടെ നിയമങ്ങള്‍ക്കനുസരിച്ച് വേണം കമ്പനികള്‍ പ്രവര്‍ത്തിക്കാനെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതാണ് ഡെസ്റ്റിനേഷനെന്ന് കര്‍ണാടക

Image Credits: twitter/narendramodi
Image Credits: twitter/narendramodi

മസ്‌ക് ഇന്ത്യയില്‍ ടെസ്‌ലയുടെ ഫാക്റ്ററി സ്ഥാപിക്കുമെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മസ്‌കിന് ചുവന്ന പരവതാനി വിരിക്കാന്‍ റെഡിയാണെന്ന പ്രസ്താവന അതിവേഗമെത്തിയത് കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നാണ്. ടെസ്‌ലയുടെ വികസനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ കര്‍ണാടകമാണെന്നാണ് സംസ്ഥാനത്തിന്റെ വാണിജ്യ, വ്യവസായ, അടിസ്ഥാനസൗകര്യമന്ത്രി എം ബി പാട്ടില്‍ ട്വീറ്റ് ചെയ്തത്. ഇന്നവേഷന്റെയും ടെക്‌നോളജിയുടെയും ഹബ്ബെന്ന നിലയില്‍ ടെസ് ലയ്ക്ക് ഏറ്റവും അനുയോജ്യം കര്‍ണാടകയാണെന്നും ഫാക്റ്ററി സ്ഥാപിക്കാന്‍ സംസ്ഥാനമാണ് നല്ലതെന്നും അദ്ദേഹം പറയുകയുണ്ടായി.

നേരത്തെ തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരും മസ്‌കിനെ തങ്ങളുടെ നാട്ടിലേക്ക് വ്യവസായം തുടങ്ങാന്‍ ക്ഷണിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ മസ്‌കിന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ളത് ഏത് സംസ്ഥാനമാണെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ടെസ്‌ലയെ കൂടാതെ ചെലവ് കുറഞ്ഞ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മസ്‌ക് ഉദ്ദേശിക്കുന്നുണ്ട്.

ടെസ്‌ലയെന്ന ഗെയിം ചെയ്ഞ്ചര്‍

അടുത്ത കുറച്ച് കാലത്തേക്ക് വന്‍നേട്ടം തരുന്ന 10 സ്റ്റോക്കുകളെ ലിസ്റ്റ് ചെയ്താല്‍ അതില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയുണ്ടാകും. അത്രമാത്രം വളര്‍ച്ചയാണ് ടെസ്‌ല കൈവരിക്കുന്നത്. മസ്‌കിന്റെ സമ്പത്തിലേക്ക് സിംഹഭാഗവും സംഭാവന ചെയ്യുന്നത് 800 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ടെസ്‌ലയാണ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ആറാമത്തെ കമ്പനിയാണ് ടെസ്‌ല.

ഇന്ന് കാണുന്ന രീതിയില്‍ ഇലക്ട്രിക് വാഹന യുഗത്തിലേക്ക് ഓട്ടോമൊബൈല്‍ വ്യവസായത്തെ മാറ്റിയത് ടെസ്‌ല മോട്ടോഴ്‌സായിരുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഇലക്ട്രിക് കാര്‍ യുഗത്തിലേക്ക് അതിവേഗം മാറാന്‍ പദ്ധതിയിടുമ്പോള്‍ വലിയ അവസരമാണ് ടെസ്‌ലയുടെ മുന്നിലുള്ളത്. അധികം വൈകാതെ തന്നെ ടെസ്‌ല ഒരു ട്രില്യണ്‍ ഡോളര്‍ എന്ന വിപണിമൂല്യത്തിലേക്ക് എത്തുമെന്നാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍.

English Summary : Who will Host Musk's Tesla in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com