ADVERTISEMENT

''വാഷിങ് പൗഡര്‍ നിര്‍മ... വാഷിങ് പൗഡര്‍ നിര്‍മ..''എന്ന് തുടങ്ങുന്ന പരസ്യഗാനം റേഡിയോയിലൂടെ കേട്ടുവളർന്ന ഒരു ബാല്യകാലമുണ്ട് മലയാളികൾക്ക്. ബാല്യക്കാലത്തെ നൊസ്റ്റാൾജിയ നിറഞ ഓർമകളിൽ മുന്നിലായിരിക്കും ഈ റേഡിയോ പരസ്യം. കാലാന്തരത്തിൽ പരസ്യം റേഡിയോകളിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ നിർമ ജനങ്ങളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടി എന്ന് പറയാം. അഹമ്മദാബാദ് ആസ്ഥാനമായ നിര്‍മ്മ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഡോ.കര്‍സന്‍ഭായ് പട്ടേൽ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. മൂന്നര രൂപയുടെ നിർമ ഡിറ്റർജന്റിൽ നിന്നും അദ്ദേഹം വിഭാവനം ചെയ്ത തന്റെ ബിസിനസ് സാമ്രാജ്യം ഇന്ന് നിർമ സർവകലാശാല വരെ എത്തി നിൽക്കുന്നു. 

ലക്ഷ്യബോധം, കഠിനാധ്വാനം, സ്ഥിരപരിശ്രമം, ആത്മവിശ്വാസം തുടങ്ങി  വിജയിച്ച ഏതൊരു സംരംഭകന്റെയും നിഘണ്ടുവിലെ ഏറ്റവും മൂല്യമേറിയ പദങ്ങൾക്കൊപ്പം വിജയിക്കണം എന്ന അമിതമായ ആഗ്രഹമായിരുന്നു ഡോ.കര്‍സന്‍ഭായ് പട്ടേലിന്റെ ജീവിതത്തെ മാറ്റിമറച്ചത്. വെറും നൂറു ചതുരശ്ര അടി വരുന്ന ഒറ്റമുറിക്കുള്ളില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം  ഇന്ന് 15,000 പേര്‍ക്കാണ് ജോലി നല്‍കുന്നത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രചോദനമാണ് കര്‍സന്‍ഭായിയുടെ സംരംഭക ജീവിതം .

സാധാരണക്കാര്‍ക്കുള്ള ഉൽപ്പന്നം

1949 ല്‍ അഹമ്മദാബാദില്‍ ജനിച്ച കര്‍സന്‍ഭായ് പട്ടേല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആഗ്രഹിച്ചിരുന്നത് ഒരു സംരംഭകനാകാനായിരുന്നു. എന്നാൽ 1969 ല്‍ കെമിസ്ട്രിയില്‍ ബിരുദം നേടിയ അദ്ദേഹത്തിന് ഗുജറാത്ത് സർക്കാരിന്റെ മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ലഭിച്ചു. ജോലി മികച്ചതായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ സംരംഭകത്വം എന്ന മോഹം മാഞ്ഞില്ല. വളരെ കുറഞ്ഞ ചെലവില്‍ തുടങ്ങാന്‍ കഴിയുന്ന ബിസിനസ് ആശയങ്ങളാണ് അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്നത്. ആ അന്വേഷണങ്ങള്‍ക്കൊടുവില്‍ കുറഞ്ഞ ചെലവില്‍ തുടങ്ങാന്‍ കഴിയുന്ന ഒരു സംരംഭമാണ് ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണം എന്ന് മനസിലാക്കിയ അദ്ദേഹം രാജ്യത്തെ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ പറ്റുന്ന വിലയില്‍ ഫോസ്‌ഫേറ്റ് ഫ്രീയായ സിന്തറ്റിക് വാഷിങ് പൗഡര്‍  നിർമിക്കാനായി തീരുമാനിച്ചു. 

മികച്ച ഒരു ഉൽപ്പന്നം കണ്ടെത്തിയതോടെ  ജോലി രാജി വച്ച് മുഴുവന്‍സമയ ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മാണത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. എന്നാൽ ഉൽപ്പന്നം നിർമിച്ചാൽ മാത്രം പോരല്ലോ, വിപണിയിൽ എത്തണ്ടേ? ആളുകൾ വാങ്ങാൻ തയ്യാറാകണ്ടേ?  ബ്രാന്‍ഡ് ഇല്ല, പരസ്യം നല്‍കുന്നതിനാവശ്യമായ പണമില്ല, പക്ഷെ പിന്മാറാൻ അദ്ദേഹം ഒരുക്കവുമായിരുന്നില്ല. അഹമ്മദാബാദിലെ വീട്ടില്‍ കഷ്ടിച്ച് നൂറു ചതുരശ്രയടി മാത്രം വലിപ്പമുള്ള ഒരു മുറിയില്‍ വില കുറഞ്ഞ ഡിറ്റര്‍ജന്റ് പൗഡര്‍ അദ്ദേഹം നിർമിച്ചു കൊണ്ടിരുന്നു. തുടക്കത്തിൽ അദ്ദേഹം തന്റെ ഉൽപ്പന്നം പരിചയക്കാർക്ക് നൽകി. നല്ലൊരു ജോലി ഉപേക്ഷിച്ചു സോപ്പുപൊടി ഉണ്ടാക്കാൻ നടക്കുന്നു  എന്നും പറഞ്ഞു നിരവധിപേർ അദ്ദേഹത്തെ കളിയാക്കി. 

വിലക്കുറവ് എന്ന ബ്രാൻഡിങ് തന്ത്രം 

പരസ്യം ചെയ്യാനും മാർക്കറ്റിങ് നടത്താനുമൊന്നും പണം ഇല്ലാതിരുന്ന സമയത്ത് നിർമ എന്ന ബ്രാൻഡിന്റെ വിപണന മൂല്യമായത് അതിന്റെ വിലക്കുറവായിരുന്നു. പാക്കറ്റുകളിലാക്കി തന്റെ സൈക്കിളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയായിരുന്നു വില്‍പന. വിലക്കുറവിൽ വീട്ടുമുറ്റത്ത് ഉൽപ്പന്നം എത്തിയപ്പോൾ ആളുകൾ ശ്രദ്ധിച്ചു. വെള്ളനിറത്തിലുള്ള ഡിറ്റര്‍ജന്റ് പൗഡറുകള്‍ക്കിടയില്‍ മഞ്ഞനിറത്തിലുള്ള അദ്ദേഹത്തിന്റെ പുതിയ ഡിറ്റര്‍ജന്റ് സ്ഥാനം പിടിച്ചു. പതിയെ പതിയെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചു. 21ാം വയസില്‍ സംരംഭകത്വത്തിലേക്ക് ഇറങ്ങിയ അദ്ദേഹം ഒരു കിലോ ഡിറ്റര്‍ജന്റ് പൗഡറിന് മൂന്നര രൂപ എന്ന കണക്കിലാണ് വിറ്റിരുന്നത്. വിപണിയിലെ മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ കിലോയ്ക്ക് 10 ഉം 12 ഉം രൂപ ഈടാക്കുമ്പോഴായിരുന്നു വിലക്കുറവിന്റെ പേരില്‍ കര്‍സന്റെ പുതിയ ഡിറ്റര്‍ജന്റ് ജനങ്ങൾ ഏറ്റെടുക്കുന്നത്. അവിടെ നിന്നും നിർമ എന്ന ബ്രാൻഡ് വളർച്ച ആരംഭിച്ചു. 

നിർമ എന്ന പേര്

ബ്രാൻഡിങിന്റെ ആദ്യപടിയാണ് നിർമ എന്ന പേര് നൽകിയത്. മകളുടെ പേരായ നിരുപമയില്‍ നിന്നും ആണ് നിർമ എന്ന പേര് വികസിപ്പിച്ചത്. ലക്‌സ്, സര്‍ഫ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയില്‍ കടുത്ത മത്സരം നടത്തുന്ന സമയത്താണ് നിര്‍മ വിപണിയില്‍ എത്തുന്നത്. എന്നൽ ഉൽപ്പന്നത്തിന്റെ മേന്മകൊണ്ടു തന്നെ ജനകീയമായി. 

പിന്നീട് ആവശ്യക്കാർക്കൊപ്പം ഡീലർമാരുടെ എണ്ണം കൂടി വർധിച്ചതോടെ പരസ്യങ്ങളിലേക്ക് കടന്നു. റേഡിയോ ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യ കാമ്പയിൻ ആണ് ശ്രദ്ധേയമായത്. 

 ''വാഷിംഗ് പൗഡര്‍ നിര്‍മ്മ....'' എന്ന പരസ്യഗാനം കേരളത്തിൽ ഹിറ്റായത് പോലെ തന്നെ ഓരോ സംസ്ഥാനങ്ങളിലും ഹിറ്റായി എന്നത് ഗുണമേന്മക്കൊപ്പം ഭാഗ്യം കൂടി തണലായത് കൊണ്ടാണ്. പലപ്പോഴും കടകളിൽ നിർമ ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്ന അവസ്ഥയിരുന്നു. എന്നാൽ ഇതിനു പിന്നിൽ കര്‍സന്‍ ഭായ് എന്ന ബ്രാൻഡിങ് ഗുരുവിന്റെ തന്ത്രമായിരുന്നു. പരസ്യപരിപാടിയുടെ തുടക്കത്തില്‍ തന്നെ കര്‍സന്‍ ഭായ് വിപണിയില്‍ നിന്ന് ഉള്ള സ്റ്റോക്കുകള്‍ മുഴുവന്‍ പിന്‍വലിച്ചിരുന്നു. പരസ്യം കണ്ട് ഉൽപ്പന്നം ചോദിച്ചെത്തുമ്പോൾ ഔട്ട് ഓഫ് സ്റ്റോക്ക്. അപ്പോൾ ആളുകൾ കാത്തിരുന്നു ഉൽപ്പന്നം സ്വന്തമാക്കി. ആളുകൾ നിർമ എന്ന ബ്രാൻഡിനെപ്പറ്റി കൂടുതൽ ചർച്ച ചെയ്തു. അങ്ങനെ സോപ്പ് വിപണിയിലെ 20 ശതമാനം 1980 കളിൽ നിർമ സ്വന്തമാക്കി. പത്തുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഡിറ്റര്‍ജന്റ് പൗഡര്‍ ആയി മാറി.

വിലവർധന പയ്യെ മാത്രം 

ഉല്‍പാദനം തുടങ്ങി പത്താം വര്‍ഷമാണ് നിര്‍മ ഡിറ്റര്‍ജന്റിന്റെ വില മൂന്നര രൂപയില്‍ നിന്നും പതിമൂന്നു രൂപയിലേക്ക് എത്തുന്നത്. അപ്പോഴേക്കും ഗുണമേന്മ മൂലം നിർമ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. പലപ്പോഴും മുന്‍കൂട്ടി പണം അടച്ചു വരെ ഡിറ്റര്‍ജന്റ് പൗഡര്‍ വാങ്ങുന്നതിനായി ആളുകള്‍ തയ്യാറായിരുന്നു. അടുത്ത പടി വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്നതായിരുന്നു. അതിന്റെ ഭാഗമായി ടോയ്‌ലെറ്റ് സോപ്പ്, ബാത്ത് സോപ്പ്, പ്രീമിയം ഡിറ്റര്‍ജന്റ് പൗഡര്‍ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ചു.  മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബെംഗാള്‍ എന്നീ സംസ്ഥാനങ്ങൾ പ്രധാന വിപണികളായി. 15000 ലധികം ആളുകളാണ് ഇപ്പോള്‍ കമ്പനിക്ക് കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി ജോലി ചെയ്യുന്നത്. 

വ്യത്യസ്തമായി ചിന്തിക്കുക, പ്രവർത്തിക്കുക 

ഇപ്പോഴും ഒരേ ഫോർമുല ബിസിനസിൽ പിന്തുടരാതെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു . 1995  ല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഡോ. കര്‍സന്‍ഭായ് പട്ടേല്‍ അഹമ്മദാബാദ് ആസ്ഥാനമായി നിര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആരംഭിച്ചു. പിന്നീട് നിര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്ന പേരില്‍ ഒരു എംബിഎ കോളജ് ആരംഭിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇവ രണ്ടും ശ്രദ്ധേയമായതോടെ, ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് 2003 ല്‍ നിര്‍മ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നൊളജിക്ക് രൂപം നല്‍കി. നിര്‍മ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി കാര്യങ്ങള്‍ നോക്കി നടത്തുന്നത്.  NAAC  എ ഗ്രേഡ് സർട്ടിഫിക്കേഷൻ ആണ് അഹമ്മദാബാദ് ആസ്ഥാനമായ നിർമ സർവകലാശാലയ്ക്ക് ഉള്ളത്. കര്‍സന്‍ഭായി പട്ടേൽ ആണ് നിർമ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ചെയർമാൻ.

English Summary : Brand Success Story of Nirma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com