30വയസിൽ ശതകോടീശ്വരൻ, 42ൽ റിട്ടയർമെന്റ്: അറിയാം ലാറി പേജ് എന്ന അതിസമ്പന്നനെ
Mail This Article
23ാം വയസിൽ ഇന്റർനെറ്റ് ചരിത്രത്തിൽ ഇതിഹാസമായി മാറിയ ഗൂഗിൾ എന്ന ആഗോള ടെക് ഭീമന് തുടക്കമിട്ടു കൊണ്ടാണ് ശതകോടീശ്വരനിലേക്കുള്ള യാത്ര ലോറൻസ് എഡ്വേർഡ് പേജ് എന്ന ലാറി പേജ് തുടങ്ങുന്നത്. 104.6 ബില്യൺ ഡോളർ അതായത് 10,400 കോടി യുഎസ് ഡോളർ അറ്റ മൂല്യമുണ്ട് ഇപ്പോൾ അമ്പതുകാരനായ പേജിന്
പാഷൻ തിരിച്ചറിഞ്ഞത് ആറാം വയസ്സിൽ
പിതാവ് കാൾ വിക്ടർ പേജ് കംപ്യൂട്ടർ സയിന്റിസ്റ്റ്. അമ്മ കംപ്യൂട്ടർ പ്രോഗ്രാമിങ് ഇൻസ്ട്രക്ടർ. വീട് നിറയെ കമ്പ്യൂട്ടറുകളും സയൻസ്, ടെക്നോളജി മാഗസിനുകൾ. രണ്ട് വയസ് മുതൽ മോണ്ടിസോറി സ്കൂളിൽ പോയി തുടങ്ങിയ ലാറി പേജിന് വീട്ടിലെത്തിയാൽ കൂട്ട് ഈ കമ്പ്യൂട്ടറുകളും മാഗസിനുകളുമായിരുന്നു. അക്ഷരങ്ങൾ കൂട്ടി വായിക്കാറായപ്പോൾ മുതൽ വായന ശീലമാക്കി. വീട്ടിലുള്ള സയൻസ്, ടെക്നോളജി പ്രസിദ്ധീകരണങ്ങളെല്ലാം വായിക്കും. ആറ് വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും വാങ്ങിയിട്ട ഫസ്റ്റ് ജനറേഷൻ കംപ്യൂട്ടറുകളിൽ പരീക്ഷണങ്ങൾ തുടങ്ങി. വേർഡ് പ്രൊസസ്സർ ഉപയോഗിച്ച് എലമെന്ററി സ്ക്കൂളിൽ അസൈൻമെന്റ് ചെയ്ത ആദ്യ വിദ്യാർത്ഥി ലാറി പേജ് ആയിരുന്നു. ചേട്ടൻ കാൾ പേജ് അനിയനെ പ്രോൽസാഹിപ്പിച്ചു കൊണ്ടുമിരുന്നു.
തീരുമാനം 12ാം വയസ്സിൽ
പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് അറിയുമ്പോഴെല്ലാം ലാറി പേജിനും സ്വന്തമായി ഒരു കണ്ടുപിടുത്തം നടത്തണമെന്ന ആഗ്രഹം ശക്തമായി. ടെക്നോളജി ബിസിനസ്സ് ആയിരുന്നു ഇഷ്ടം. 12 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കമ്പനി തുടങ്ങുമെന്ന് തീരുമാനിച്ചു. മകന്റെ ഇഷ്ടങ്ങൾക്ക് സമ്പൂർണ പിന്തുണ നൽകി മാതാപിതാക്കൾ ചേർത്തു നിർത്തി.
1995 ൽ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടി. പിന്നീട് ഡോക്ടറേറ്റ് പ്രോഗ്രാമിന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. സ്റ്റാൻഫോർഡിൽ പഠിക്കുമ്പോൾ കൊച്ചു കൊച്ചു കണ്ടുപിടുത്തങ്ങൾ നടത്തി കഴിവു തെളിയിച്ചു.
വഴിത്തിരിവായത് ഗൈഡിന്റെ ഉപദേശം
ഡോക്ടറൽ പ്രോഗ്രാമിന് ഒരു ഡിസർട്ടേഷൻ വിഷയം തെരഞ്ഞെടുക്കണമായിരുന്നു. വേൾഡ് വൈഡ് വെബിന്റെ മാത്തമാറ്റിക്കൽ പ്രോപ്പർട്ടീസിനെ കുറിച്ച് അന്വേഷിക്കാൻ ഒരു ആഗ്രഹം തോന്നി. ടെലിപ്രിസൻസ്, സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ എന്നീ വിഷയങ്ങളും മനസിലുണ്ടായിരുന്നു. ഗൈഡ് ടോറി വിനോ ഗ്രാഡിന്റെ ഉപദേശമനുസരിച്ചായിരുന്നു വേൾഡ് വൈഡ് വെബ്ബിന്റെ മാത്തമാറ്റിക്കൽ പ്രോപ്പർട്ടീസ് കണ്ടുപിടിക്കുക എന്ന വിഷയം തിരഞ്ഞെടുത്തത്. തനിക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഉപദേശമായിരുന്നു ഇതെന്ന് ലാറി പേജ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
സഹപാഠിയായിരുന്ന സെർജി ബ്രിൻ റിസർച്ചിൽ ലാറി പേജിനോടൊപ്പം ചേർന്നു. ഇവർ രണ്ടു പേരും കൂടി തയ്യാറാക്കിയ റിസർച്ച് പേപ്പർ അക്കാലത്ത് ഇന്റർനെറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഡൗൺ ലോഡ് ചെയ്ത സയിന്റിഫിക്ക് ഡോക്യുമെന്റ് ആയിരുന്നു എന്ന് പറയപ്പെടുന്നു.
തലവര മാറ്റിയ ഗൂഗിൾ
നിലവിലുള്ള സെർച്ച് എഞ്ചിനുകളേക്കാൾ മികച്ച പേജ് റാങ്ക് അൽഗൊരിതം രണ്ടു പേരും ചേർന്ന് കണ്ടെത്തി. റിസർച്ചിനു വേണ്ടി നടത്തിയ പഠനം കൊണ്ടെത്തിച്ചത് ഇവിടേക്കായിരുന്നു. അങ്ങനെ സ്വന്തമായി പുതിയൊരു സെർച്ച് എഞ്ചിൻ വികസിപ്പിക്കാൻ രണ്ടു പേരും തീരുമാനമെടുത്തു. പേജിന്റെ ഡോർമിറ്ററി മെഷിൻ ലാബ് ആക്കി മാറ്റി. പഴയ കമ്പ്യൂട്ടറുകൾ വാങ്ങി സ്പെയർ പാർട്ടുകൾ എടുത്ത് സ്റ്റാൻഫോർഡിലെ ബ്രോഡ്ബാന്‍ഡ് നെറ്റ് വർക്കുമായി ബന്ധിപ്പിക്കാനുളള ഉപകരണം ഉണ്ടാക്കി. ബ്രിന്നിന്റെ മുറി ഓഫീസും പ്രോഗ്രാമിങ് സെന്ററുമായി തൽക്കാലത്തേക്ക് മാറ്റി. പേജിന് നല്ല പ്രോഗ്രാമിങ് സ്കിൽ ഉണ്ടായിരുന്നു. അതുപയോഗിച്ച് ലളിതമായ സെർച്ച് പേജ് വികസിപ്പിച്ചു.
കംപ്യൂട്ടറുകളിൽ ഇന്റർനെറ്റ് കണക്റ്റ് ചെയ്ത് സെർച്ചുകൾ കൂട്ടി. 1996 ആഗസ്റ്റിൽ സെർച്ച് എഞ്ചിന്റെ പ്രഥമ രൂപം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തു.
സെർച്ചുകൾ കൂടിയപ്പോൾ പുതിയ സെർവറിന്റെ ആവശ്യം വന്നു. സ്ഥലം വാടകയ്ക്ക് എടുത്ത് സെർവർ സ്ഥാപിക്കണം. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി. സൺ മൈക്രോ സിസ്റ്റംസിന്റെ സഹ സ്ഥാപകൻ ഒരു ലക്ഷം ഡോളർ നിക്ഷേപിച്ചു. അങ്ങനെ 1998 ൽ ഗൂഗിൾ റജിസ്റ്റർ ചെയ്തു. തൊട്ടടുത്ത വർഷം 25 മില്യൻ യുഎസ് ഡോളർ വെഞ്ച്വർ കാപിറ്റൽ ഫണ്ട് കിട്ടി.
ലോകത്തിന്റെ വിരൽ തുമ്പിൽ വിരാജിക്കുന്ന ഗൂഗിൾ എന്ന നാമം വാസ്തവത്തിൽ ഒരു എഴുത്ത് പിഴവിൽ നിന്ന് ഉദയം ചെയ്തതാണ്. നൂറ് പൂജ്യം കഴിഞ്ഞു വരുന്ന ഒന്ന് - ഇതിനെ കണക്കിൽ പറയുക googol എന്നാണ്. googol എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാനായിരുന്നു പ്ലാൻ. റജിസ്ടേഷന്റെ സമയത്തുണ്ടായ ഒരു അക്ഷര പിശകിൽ നിന്നും പിറന്നത് ഗൂഗിൾ എന്ന ടെക് ഭീമൻ. ലാറി പേജ് സി.ഇ.ഒ യും സെർജി ബ്രിൻ സഹ സ്ഥാപകനും പ്രസിഡൻറുമായി ചുമതലയേറ്റു.
ശതകോടീശ്വരനിലേക്കുള്ള യാത്രയിൽ കാതലായത് ഈ വഴികൾ
1. ലക്ഷ്യം നിറവേറ്റാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും ഫോക്കസ് തെറ്റാൻ അനുവദിച്ചില്ല.
2. പരന്ന വായനയിലൂടെ അറിവുകൾ നേടി.
3. പണത്തെ കുറിച്ച് വേവലാതി ഇല്ലായിരുന്നു. പദ്ധതി മികച്ചതാണെങ്കിൽ പണം പിന്നാലെ വരും എന്ന് വിശ്വസിച്ചു.
4. ഉൽപന്നങ്ങളിലുള്ള വൈദഗ്‌ധ്യം മുതൽ കൂട്ടായി.
5. കുടുംബത്തിന്റെ പിന്തുണ അനുഗ്രഹമായി.
6. ചെറുപ്പത്തിലെ സംഗീത പഠനം സമയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു. മില്ലി സെക്കന്റുകൾക്കുള്ളിൽ ആക്ഷൻ ഉണ്ടാകണം സംഗീതത്തിൽ. ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ ലോഞ്ച് ചെയ്തപ്പോഴും ഉപയോക്താക്കൾക്ക് അതിവേഗം റിസൽറ്റ് കിട്ടണമെന്ന ആവശ്യത്തിനു പ്രാധാന്യം നൽകി
7. എതിരാളികളേക്കാൻ വേഗം കൂടിയ സെർച്ച് എഞ്ചിൻ വികസിപ്പിച്ച് മൽസരം നേരിട്ടു.
8. മൂല്യത്തിനെതിരായതൊന്നും ചെയ്യരുത്. ഒരു ബ്യൂറോക്രാറ്റ് ആകരുത് എന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകി.
9. നല്ലതിനു വേണ്ടിയുളള മാറ്റത്തിനു വഴങ്ങി കൊടുക്കാൻ തയ്യാറായി. സി.ഇ.ഒ പദവി ഒഴിഞ്ഞ് പ്രൊഡക്റ്റ് പ്രസിഡന്റിന്റെ റോളിലേക്കു മാറി.
10.10 X മനോഭാവം - എതിരാളികളിൽ നിന്നും പത്ത് ഇരട്ടി മികച്ച ഉൽപന്നങ്ങളും സൃഷ്ടിക്കുവാൻ ജീവനക്കാർക്ക് പ്രചോദനം നൽകി.
സമർത്ഥമായ വിരമിക്കൽ പ്ലാൻ
ആൽഫബെറ്റ് എന്ന ഹോൾഡിങ് കമ്പനിയുണ്ടാക്കി ഗൂഗിൾ ഉൾപ്പെടെയുള്ള എല്ലാ കമ്പനികളെയും അതിന്റെ കീഴിലാക്കി. ഗൂഗിൾ സി.ഇ. ഒ ആയ സുന്ദർ പിചൈയെ ആൽഫബെറ്റിന്റെ ചുമതലയും ഏൽപിച്ച് കൺട്രോളിങ് ഷെയറുകൾ സ്വന്തം പേരിൽ സുരക്ഷിതമാക്കി 2019 ൽ യാത്രയുടെ ഗതി മാറ്റി.
ഒരു നിമിഷം പോലും പാഴാക്കാതെ ജീവിത വിജയം നേടിയ ലാറി പേജ് പറയുന്നത് കേൾക്കാം - "നിങ്ങൾക്ക് ഒരു സ്വപ്നമുണ്ടെങ്കിൽ അതൊരിക്കലും ഉപേക്ഷിക്കരുത്. ഒരു ഹോബി പോലെ അത് ഇൻക്യുബേറ്റ് ചെയ്യുക."
English Summary : Know the Success Story of Google Founder Larry Page