ADVERTISEMENT

സ്റ്റാര്‍ട്ടപ്പ് സംരംഭകനാകുകയെന്നത് ഇന്ന് ഫാഷനാണ്. ആരും തെറ്റ് പറയാത്ത സംഭവമായി, അല്ലെങ്കില്‍ കരിയര്‍ ഓപ്ഷനായി അത് മാറിയിട്ടുണ്ട്. എന്നാല്‍ 10-15 വര്‍ഷം മുമ്പ് ഇതായിരുന്നില്ല കേരളത്തിലെ സ്ഥിതി. ഇതുപോലൊരു സ്റ്റാര്‍ട്ടപ്പ് പ്രേമമോ സ്റ്റാര്‍ട്ടപ്പ് വിപ്ലവമെന്ന വാക്ക് പോലുമോ പ്രചാരത്തിലില്ല. കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ജനനായകനായി വിട വാങ്ങിയ ഉമ്മന്‍ ചാണ്ടി. 

"കേരളം ഒരു വികസിത സംസ്ഥാനമായി മാറണമെങ്കില്‍ യുവാക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോസിറ്റീവായ, ഒരു സംരംഭകത്വ മനോഭാവം വളര്‍ന്നുവരണം. അതിന് എന്‍ജിനീയറിങ് പോലുള്ള വിദ്യാഭ്യാസ പഠന പദ്ധതികളില്‍ സംരംഭകത്വം ഒരു ഭാഗമാകണം"2015 സെപ്റ്റംബറില്‍ നടന്ന 'യെസ്' സംരംഭകത്വ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞ വാക്കുകളാണിത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വ്യാപകമായി നടന്ന സംരംഭകത്വ പ്രചരണ പരിപാടികള്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിച്ചിരുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജവും നല്‍കിയിട്ടുണ്ട്. 

വിദ്യാര്‍ത്ഥി സംരംഭകത്വ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കാനും കേരളത്തിലെ നവസംരംഭകര്‍ക്ക് ഇരുത്തം വന്ന വന്‍കിട സംരംഭകരുടെ മെന്ററിങ് സാധ്യമാക്കാനുമെല്ലാം ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. ലോകം മാറുമ്പോള്‍ കേരളവും സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ സുവര്‍ണകാലത്തിലേക്ക് ചുവടുവെക്കണമെന്ന് ആഗ്രഹിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നു മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി. 

ബിസിനസ് സൗഹൃദ നായകന്‍

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. അതില്‍ വിവാദങ്ങളെ അദ്ദേഹം ഭയന്നിരുന്നില്ല. 1995ല്‍ ആരംഭിച്ച വിഴിഞ്ഞം പദ്ധതിയുടെ ഗതി മാറിത്തുടങ്ങിയത് 2011ല്‍ ഉമ്മന്‍ ചാണ്ടി അധികാരമേറ്റ ശേഷമായിരുന്നു. 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിന് ചെലുത്തിയ സമ്മര്‍ദങ്ങള്‍ ചെറുതല്ല. രാജ്യത്തിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പദ്ധതി പുരോഗമിക്കുന്നത്. 

കൊച്ചി നഗരത്തിന്റെ മെട്രോ പ്രതിച്ഛായ സാര്‍ത്ഥകമാക്കിയ കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിക്കുന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ലാണ്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയതും അതിവേഗത്തിലായിരുന്നു. ബൈപാസ് നിര്‍മാണവും എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ എന്ന പദ്ധതിയുമെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിക്ക് കാര്യമായ പങ്കുണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കം കുറിക്കുന്നത് 1997ലാണെങ്കിലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. 

നൂതനാത്മകമായ ഭരണ നിര്‍വഹണ പദ്ധതികളിലെ മാതൃകയായിരുന്നു 2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയ ജനസമ്പര്‍ക്ക് പരിപാടി. ആഗോള അംഗീകരങ്ങള്‍ വരെ അതിനെത്തേടിയെത്തി.

English Summary : Development Initiatives of Oommen Chandy in Kerala State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com