ADVERTISEMENT

ഞങ്ങളുടെ പുതിയ റൗണ്ട് ഫണ്ടിങ് നേരത്തെ പ്രതീക്ഷിച്ച പോലെ നടക്കുമെന്ന് തോന്നുന്നില്ല. മുന്‍ റൗണ്ടിലൂടെ സമാഹരിച്ച തുക സൂക്ഷിച്ച് ചെലവഴിക്കാനാണ് കണ്‍സള്‍ട്ടന്റ് പറഞ്ഞത്-കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിന്റെ യുവ സിഇഒയുടെ വാക്കുകളാണ്. ഫണ്ടിങ് ദാരിദ്ര്യത്തിലേക്കാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നീങ്ങുന്നത്. ഇത് ഇടയ്ക്കിടെ സ്റ്റാര്‍ട്ടപ്പ് ലോകത്തിന് മുന്നില്‍ വരാറുള്ള പ്രതിസന്ധി പോലെയല്ല. അല്‍പ്പം വ്യത്യസ്തമാണ്. മിക്ക നിക്ഷേപകരും ഇനി തന്ത്രം മാറ്റിപ്പിടിക്കാനുള്ള തീരുമാനത്തിലാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുണ്ടാകൂ, അല്ലാത്തവര്‍ പൂട്ടിപ്പോകേണ്ടി വരും.

മുന്നില്‍ കടുത്ത വെല്ലുവിളി

എഡ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കണ്ണ് തുറക്കലിനുള്ള അവസരം കൂടിയായിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അധികമൂല്യമാണ് കല്‍പ്പിക്കപ്പെടുന്നതെന്നും അതനുസരിച്ച് വലിയ തോതില്‍ നിക്ഷേപമിറക്കുന്നത് യുക്തിരഹിതമായ കാര്യമാണെന്നുമുള്ള തിരിച്ചറിവാണ് ആദ്യത്തേത്. ലാഭക്ഷമതയില്‍ ഫോക്കസ് ചെയ്യാതെ, ഉപയോക്താക്കളുടെ എണ്ണത്തിലും ഭാവിയില്‍ ലഭിച്ചേക്കാവുന്ന ലാഭത്തെക്കുറിച്ചുള്ള പെരുപ്പിച്ച കണക്കുകളിലും ഊന്നിയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രസന്റേഷനുകളില്‍ വീണ് നിക്ഷേപമിറക്കരുതെന്ന തിരിച്ചറിവാണ് രണ്ടാമത്തേത്.

മുന്നറിയിപ്പുകള്‍ എത്തി

മേല്‍പ്പറഞ്ഞ തിരിച്ചറിവുകള്‍ക്കുള്ള സാധൂകരണമാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടപ്പ് ഉപദേശക സ്ഥാപനമായ റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അഞ്ച് യൂണികോണുകളില്‍ ഒരെണ്ണം വീതം 2027 ആകുമ്പോഴേക്കും പൂട്ടിപ്പോകുകയോ ഏറ്റെടുക്കലിന് വിധേയമാകുകയോ ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലാഭക്ഷമതയില്‍ ഫോക്കസ് ചെയ്യുന്ന യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ലാഭമുണ്ടാക്കുന്ന യൂണികോണുകളുടെ എണ്ണം നിലവിലെ 30ല്‍ നിന്നും 55 ആയി ഉയരുമെന്ന നിഗമനം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അതൊരു മുന്നറിയിപ്പുമാണ്. ആകെ വിരലില്‍ എണ്ണാവുന്ന യൂണികോണുകള്‍ മാത്രമേ ലാഭമുണ്ടാക്കുന്നുള്ളൂ എന്നത് പഠനത്തിന് വിധേയമാക്കേണ്ട കാര്യം കൂടിയാണ്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കുമിള മാത്രമാണെന്ന വാദങ്ങള്‍ക്ക് ബലം പകരുന്ന വാദമായി ഇത് മാറാന്‍ തുടങ്ങിയിട്ടുമുണ്ട്.

ഫണ്ടിങ്ങില്‍ വന്‍ ഇടിവ്

ഇന്ത്യയിലെ നവസംരംഭങ്ങളിലേക്കുള്ള ഫണ്ടിങ്ങില്‍ വമ്പന്‍ ഇടിവാണ് 2023 സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 50 ബില്യണ്‍ ഡോളര്‍ ഫണ്ടിങ് നേടിയപ്പോള്‍ 2023ല്‍ ആകെ ലഭിച്ചത് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. അതായത്  ഏകദേശം 70 ശതമാനത്തിന്റെ ഇടിവ്. ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ പല സ്റ്റാര്‍ട്ടപ്പുകളും ഇതിനോടകം തന്നെ ലാഭത്തിലേക്ക് ശ്രദ്ധ മാറ്റിയിട്ടുണ്ട്.

ഒരു ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമുള്ള 400ഓളം ലിസ്റ്റഡ് കമ്പനികളാണുള്ളതെങ്കില്‍ 100ലധികം യൂണികോണുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍. ഈ കണക്കുകളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളുടെ അധിക വാല്യുവേഷന്‍ സ്പ്ഷടമാണെന്നാണ് വിപണി വിദഗ്ധര്‍ ഇപ്പോള്‍ വാദിക്കുന്നത്. അതേസമയം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കാലക്രമേണ മികച്ച പ്രവര്‍ത്തനക്ഷമതയും ലാഭക്ഷമതയും കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലാഭം കൊയ്യുന്ന സ്റ്റാര്‍ട്ടപ്പ് യൂണികോണുകള്‍

ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനിയായ സോഹോ, ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോക്ക് ബ്രോക്കിങ് സ്റ്റാര്‍ട്ടപ്പായ സിരോധ, ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ സിഗ്മ, ഡാറ്റ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സംരംഭമായ സിറ്റിയസ് ടെക്, അസംസ്‌കൃത വസ്തുക്കളുടെ സോഴ്‌സിങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫ്ബിസിനസ്, കണ്‍സ്ട്രക്ഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാ മാര്‍ക്കറ്റ്, പേമെന്റ് സര്‍വീസസ് സംരംഭമായ ബില്‍ഡെസ്‌ക് എന്നിവയാണ് ഏറ്റവും ലാഭം കൊയ്യുന്ന യൂണികോണ്‍ സംരംഭങ്ങള്‍.

ഫാന്റസി സ്‌പോര്‍ട്‌സ് സംരംഭമായ ഡ്രീം11, എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ഫിസിക്‌സ് വാല, സോഫ്റ്റ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രൗസര്‍ സ്റ്റാക്ക് തുടങ്ങിയവയാണ് ഏറ്റവും ലാഭമുണ്ടാക്കുന്ന 10 യൂണികോണുകളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍.  സോഹോയ്ക്കും സിരോധയ്ക്കും 2000 കോടി രൂപയ്ക്ക് മേല്‍ ലാഭം കൊയ്യാന്‍ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.

പോളിസി ബസാര്‍, ഡെല്‍ഹിവെറി, പേടിഎം, സൊമാറ്റോ, കാര്‍ട്രേഡ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ലാഭത്തിലേക്ക് വരാന്‍ സാധ്യതയുള്ളവയുടെ പട്ടികയിലുണ്ട്.

English Summary : Startups Need to Concentrate On Profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com