1 ശതമാനം ഓഹരിക്ക് 8,200 കോടി; ഇത് ഇഷയുടെ കാലം!
Mail This Article
മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇല്ലാത്ത ഒരു ദിവസം പോലുമില്ല എന്ന അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നത്. മക്കള്‍ക്കും ബിസിനസ് കൃത്യമായി വിഭജിച്ച് നല്‍കിയതോടെ അവരും വാര്‍ത്തകളില്‍ നിറയുന്നു. ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ്. ഖത്തര്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് റിലയന്‍സ് റീട്ടെയ്‌ലില്‍ നിക്ഷേപമിറക്കാന്‍ പോകുന്നുവെന്നതാണത്.
100 ബില്യണ്‍ ഡോളര്‍ സംരംഭം
ബിസിനസ് വിഭജനത്തില്‍ റിലയന്‍സ് റീട്ടെയ്‌ലിന്റെ അധിപ ഇഷ അംബാനിയാണ്. ഇഷയുടെ സ്ഥാപനത്തിലേക്ക് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി 8200-9000 കോടി രൂപയുടെ നിക്ഷേപം ഒഴുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇനി എത്ര ശതമാനം ഓഹരി ഉടമസ്ഥാവകാശത്തിനാണ് ഈ തുകയെന്ന് അറിയണ്ടേ...ഒരു ശതമാനത്തിന്. അതായത് റിലയന്‍സ് റീട്ടെയ്ല്‍ എന്ന സ്ഥാപനത്തിന് 100 ബില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിച്ചാണ് ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നത്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത സ്ഥാപനമാണ് റിലയന്‍സ് റീട്ടെയ്ല്‍. ഭാവിയില്‍ പ്രഥമ ഓഹരി വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുകേഷ് അംബാനി സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ബിസിനസ് സാമ്രാജ്യം മൂന്നായാണ് മുകേഷ് പൊതുവായി വിഭജിച്ചത്. റീട്ടെയ്ല്‍, ടെലികോം, സംശുദ്ധ ഊര്‍ജം...ഇഷ റിലയന്‍സ് റീട്ടെയ്ല്‍ നോക്കി നടത്തുമ്പോള്‍ ആകാഷ് അംബാനിയാണ് റിലയന്‍സ് ജിയോയുടെ തലപ്പത്ത്. ആനന്ദ് അംബാനി സംശുദ്ധ ഊര്‍ജ ബിസിനസുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
വമ്പന്‍ മൂല്യം, വന്‍പദ്ധതികള്‍
റിലയന്‍സ് റീട്ടെയ്‌ലില്‍ വന്‍പദ്ധതികള്‍ക്കാണ് ഇഷ നേതൃത്വം നല്‍കുന്നത്. റിലയന്‍സ് ട്രെന്‍ഡ്‌സ് പോലുള്ള ബ്രാന്‍ഡുകള്‍ ഇതിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ശൃംഖലയെന്ന നിലയില്‍ ട്രെന്‍ഡ്‌സ് ഇതിനോടകം മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. രാജ്യത്തെ 1100 നഗരങ്ങളിലായി 2,300 സ്‌റ്റോറുകളാണ് ട്രെന്‍ഡ്‌സിനുള്ളത്. രാജ്യത്തെമ്പാടുമുള്ള ട്രെന്‍ഡ് ഫാഷന്‍ സ്റ്റോറുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസങ്ങളിലാണ് റിലയന്‍സ് റീട്ടെയ്ല്‍ തുടക്കമിട്ടത്.
ആഡംബര ഫാഷന്‍ മുതല്‍ ഗ്രോസറി വില്‍പ്പന വരെയുള്ള തലങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള സംരംഭമായി റിലയന്‍സ് റീട്ടെയ്‌ലിനെ മാറ്റുകയാണ് ഇഷയുടെ സ്വപ്‌നം.
ആഗോള നിക്ഷേപകരുടെ പ്രിയ കമ്പനി
2020ല്‍ സൗദി അറേബ്യന്‍ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും റിലയന്‍സ് റീട്ടെയ്‌ലില്‍ നിക്ഷേപം നടത്തിയിരുന്നു. 1.3 ബില്യണ്‍ ഡോളറിന്റേതായിരുന്നു ഇവരുടെ നിക്ഷേപം. അന്ന് കമ്പനിയുടെ മൂല്യം 62.4 ബില്യണ്‍ ഡോളറായിരുന്നു. അതാണ് ഇപ്പോള്‍ 100 ബില്യണ്‍ ഡോളറായി മാറിയിരിക്കുന്നത്. കെകെആര്‍, അബുദാബി സോവറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ ആഗോള സ്ഥാപനങ്ങളും റിലയന്‍സ് റീട്ടെയ്‌ലില്‍ ഓഹരി ഉടമസ്ഥാവകാശം നേടിയിട്ടുണ്ട്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 19 ശതമാനം വര്‍ധനയാണ് റിലയന്‍സ് റീട്ടെയ്ല്‍ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. 2448 കോടി രൂപയാണ് സ്ഥാപനത്തിന്റെ അറ്റാദായം. 62,159 കോടി രൂപയുടെ മൊത്തം വരുമാനമാണ് ഇതേ പാദത്തില്‍ റിലയന്‍സ് റീട്ടെയ്ല്‍ നേടിയത്. ഈ മൂന്ന് മാസത്തിനിടയ്ക്ക് 555 പുതിയ സ്റ്റോറുകള്‍ തുറക്കാനും കമ്പനിക്ക് സാധിച്ചു.
വലിയ വിപണി
റിലയന്‍സ് റീട്ടെയ്ല്‍ സ്റ്റോറുകളില്‍ മാത്രം 249 ദശലക്ഷം പേരാണ് ജൂണ്‍പാദത്തില്‍ എത്തിയത്. ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയുടെ വലിയ സാധ്യതകളുടെ പ്രതിഫലനമായാണ് ഇത് കാണുന്നത്. 800 ബില്യണ്‍ ഡോളറിന്റേതാണ് ഇന്ത്യയുടെ റീട്ടെയ്ല്‍ വിപണി. വരും വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയാണ് മേഖല പ്രതീക്ഷിക്കുന്നത്. വിപണി ഗവേഷക സ്ഥാപനമായ റെഡ്‌സീറിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും 1.3 ട്രില്യണ്‍ ഡോളറിന്റേതാകും ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണി.
English Summary : Isha Ambani and Reliance Retail