സൊമാറ്റോയും ബൈജൂസും സ്റ്റാർട്ടപ്പുകളെ പഠിപ്പിക്കുന്നത് എന്താണ്?
Mail This Article
ന്യൂ ഏജ് ടെക് ബിസിനസുകള്‍ എങ്ങനെയാണ് ലാഭക്ഷമമാകുന്നത് എന്നതിന് സമീപകാലത്തെ ഇന്ത്യയില്‍ നിന്നുള്ള ഉദാഹരണമാണ് സൊമാറ്റോ. ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ലാഭത്തിലേക്ക് നീങ്ങിയത് ഈ മേഖല പതുക്കെ നഷ്‌ടങ്ങളുടെ കാലയളവ് മറികടക്കാന്‍ തുടങ്ങിയതിന്റെ സൂചനയാണ്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ സൊമാറ്റോ രണ്ട് കോടി രൂപ ലാഭമാണ് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 186 കോടി രൂപ നഷ്‌ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ഇത്തരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിജയപാതയിലെത്തുന്നത് പരീക്ഷണം നിറഞ്ഞ വിവിധ ഘട്ടങ്ങളെ തരണം ചെയ്‌തതിനു ശേഷമാണ്. ഉപഭോക്താവില്‍ ഒരു ശീലം പാകുകയും അത് വളര്‍ത്തിയെടുക്കുകയുമാണ് ആദ്യത്തെ ഘട്ടം. ഫുഡ് ഡെലിവറിയായാലും കാബ് ബുക്കിങ് ആയാലും മൊബൈല്‍ ഡാറ്റാ പ്ലാന്‍ ആയാലും ഇത്തരം സേവനങ്ങള്‍ വിപണിയിലെത്തുമ്പോള്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തും പുതിയ അനുഭവമാണ്. ആ അനുഭവം ചെലവ് കുറഞ്ഞോ സൗജന്യമായോ ലഭിക്കുമ്പോള്‍ മാത്രമാണ് ഉപഭോക്താവ് അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
ആർബിഐ പലിശ നിരക്കുയർത്തുമോ? ആകാംക്ഷയോടെ വിപണി Read more ...
ആര് അതിജീവിക്കും?
ഉപഭോക്താവില്‍ ഒരു ശീലം വളര്‍ത്തിയെടുക്കുന്ന ഈ ഘട്ടത്തില്‍ കമ്പനികള്‍ക്ക് വന്‍തുകയാണ് നിക്ഷേപിക്കേണ്ടി വരുന്നത്. ലാഭം എന്നത് ഈ ഘട്ടത്തില്‍ കമ്പനികളുടെ അജണ്ടയിലില്ല. കസ്റ്റമര്‍ ബേസ് വളര്‍ത്തിയെടുക്കുന്നതില്‍ മാത്രമാണ് നോട്ടം. എന്നെങ്കിലും ലാഭക്ഷമതയിലെത്തുമെന്ന പ്രതീക്ഷയില്‍ നടത്തുന്ന വമ്പിച്ച മൂലധന ചെലവ് ഒരു ഘട്ടം വരെ അതേ പടി തുടരാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് മാത്രമേ ന്യൂ ഏജ് ടെക് ബിസിനസില്‍ അതിജീവിക്കാനാകൂ.
ഉപഭോക്താക്കളില്‍ പുതിയ ശീലം സൃഷ്‌ടിച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായും ഈ പുതിയ ആശയത്തെ പിന്‍പറ്റാന്‍ പല സംരംഭകരും മുന്നോട്ടുവന്നേക്കും. ഉദാഹരണത്തിന് ബാംഗ്ലൂരില്‍ ഒരു സമയത്ത് ഇരുപതോളം ഫുഡ് ഡെലിലറി കമ്പനികള്‍ സജീവമായിരുന്നു. പക്ഷേ വന്‍തോതിലുള്ള നിക്ഷേപത്തിന്റെ അടിത്തറയുള്ള കമ്പനികള്‍ക്ക് മാത്രമാണ് മുന്നോട്ടുപോകാന്‍ സാധിക്കുന്നത്. അതില്‍ തന്നെ സമൂഹ മാധ്യമങ്ങളിൽ ഫേസ്‌ബുക്കും സേര്‍ച്ച് എന്‍ജിനില്‍ ഗൂഗിളും എന്നതു പോലെ വിപണിയുടെ ഏറിയ പങ്കും കൈയാളുന്നത് ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമായിരിക്കും.
ഉയർന്ന മൂലധന ചെലവ്
പലപ്പോഴും ഉദ്ദേശിച്ച സമയത്ത് ലാഭക്ഷമതയിലെത്താന്‍ ന്യൂ ഏജ് ടെക് കമ്പനികള്‍ക്ക് കഴിയാറില്ല. ലാഭം കൈവരിക്കുന്നതിനുള്ള ഡെഡ്‌ലൈനുകള്‍ പലതും മാറ്റിവരയ്ക്കേണ്ടി വരും. അപ്പോഴൊക്കെ ഉയര്‍ന്ന മൂലധന ചെലവിനുള്ള പാങ്ങ് കമ്പനിക്കുണ്ടാകണം. ഇല്ലെങ്കില്‍ പാതിവഴിയില്‍ നിര്‍ത്തുകയോ ഏറ്റെടുക്കലുകള്‍ക്ക് വിധേയമാകേണ്ടി വരികയോ ചെയ്യും.
ഉയര്‍ന്ന തോതിലുള്ള നിക്ഷേപത്തിനൊപ്പം കാര്യക്ഷമതയും കൂടിച്ചേര്‍ന്നാലെ ന്യൂ ഏജ് ടെക് ബിസിനസില്‍ വിജയം കാണാനാകൂ. ഉദാഹരണത്തിന് ബൈജൂസ് ആപ്പിന് ഉയര്‍ന്ന തോതിലുള്ള നിക്ഷേപം ലഭിച്ചെങ്കിലും ബിസിനസ് നടത്തിപ്പിലെ കാര്യക്ഷമതയില്‍ പിന്നോട്ടുപോയത് തിരിച്ചടിയായി. മറ്റ് സംരംഭങ്ങളെ ഏറ്റെടുക്കാനായി വന്‍തോതില്‍ നിക്ഷേപം നടത്തിയ ഒരു കമ്പനി ഇന്ന് പ്രവര്‍ത്തന ചെലവിനുള്ള പണം കണ്ടെത്താന്‍ പോലും മല്ലിടുന്നത് കെടുകാര്യസ്ഥത മൂലമാണ്. ബ്ലിങ്കിറ്റിനെ ഏറ്റെടുത്തത് സൊമാറ്റോയുടെ ലാഭക്ഷമതയിലേക്ക് എത്താനുള്ള സമയം വൈകിപ്പിക്കുകയാണ് ചെയ്‌തത്.
പുതിയ ശീലം സൃഷ്‌ടിച്ചെടുക്കണം
ലാഭത്തിലെത്തുന്നതോടെ കമ്പനി വിപണിയെ നിയന്ത്രിക്കുന്നതിന് പാകപ്പെടും. ഉദാഹരണത്തിന് സൊമാറ്റോ തങ്ങളുടെ കണ്‍വീനിയന്‍സ് ചാര്‍ജില്‍ രണ്ട് രൂപയുടെ വര്‍ധന വരുത്താന്‍ തീരുമാനിച്ചുവെന്നാണ് ഈയിടെ വന്ന റിപ്പോര്‍ട്ട്. പ്രതിദിനം 15-20 ലക്ഷം ഓര്‍ഡറുകള്‍ ലഭിക്കുന്ന കമ്പനിക്ക് ഇതുവഴി മാത്രം ഓരോ ദിവസവും 30-40 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ലഭിക്കുന്നത്.
ന്യൂ ഏജ് ടെക് ബിസിനസുകളുടെ ആവിര്‍ഭാവ ഘട്ടത്തില്‍ ഉപഭോക്താവില്‍ പുതിയ ശീലം സൃഷ്‌ടിക്കാന്‍ പല സൗജന്യങ്ങളും കിഴിവുകളും ലഭ്യമാകുമെങ്കില്‍ അവ ലാഭക്ഷമതയിലെത്തുന്നതോടെ സേവനങ്ങളുടെ നിരക്കുകളില്‍ ഗണ്യമായ വര്‍ധനയാണ് ദൃശ്യമാകുന്നത്. ശീലങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതോടെ അതിനായി ഉപഭോക്താവ് കൂടുതല്‍ ചെലവിടാന്‍ തയാറാകുകയും ചെയ്യും. ആദ്യം കസ്റ്റമര്‍ തീരുമാനിക്കുമെങ്കില്‍ ഒടുവില്‍ ആകുമ്പോഴേക്കും കമ്പനി തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നു.
ലേഖകൻ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്
English Summary : New Age Startup Buisness Model of Zomato and Byju's